Home » » റയില്‍വേസ്‌ ഫെഡറേഷന്‍ കപ്പ്‌ വോളിബോള്‍ വനിതാ വിഭാഗം പോയിന്റ്‌ പട്ടികയില്‍ മുന്നിലെത്തി

റയില്‍വേസ്‌ ഫെഡറേഷന്‍ കപ്പ്‌ വോളിബോള്‍ വനിതാ വിഭാഗം പോയിന്റ്‌ പട്ടികയില്‍ മുന്നിലെത്തി

Written By Unknown on Friday, 28 February 2014 | 09:48

കിഴക്കമ്പലം (കൊച്ചി) * മുതിര്‍ന്ന വനിതകളും കുട്ടികളും തമ്മിലുള്ള മത്സരത്തില്‍ ജയം വനിതകള്‍ക്കു തന്നെ. ഹരിയാനയുടെ കുട്ടി ടീമിനെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്ത്‌ പരിചയസമ്പന്നരായ റയില്‍വേസ്‌ ഫെഡറേഷന്‍ കപ്പ്‌ വോളിബോള്‍ വനിതാ വിഭാഗം പോയിന്റ്‌ പട്ടികയില്‍ മുന്നിലെത്തി (25-12, 25-17, 25-18).

ശരാശരി 19 വയസ്സുള്ള ഹരിയാന ടീമാണ്‌ റയില്‍വേസിന്റെ കരുത്തുറ്റ ടീമിനെ നേരിട്ടത്‌. ഹരിയാനയെ കാര്യമായെടുക്കാത്ത മട്ടില്‍ ക്യാപ്‌റ്റന്‍ മിനിമോള്‍ ഏബ്രഹാമിനെ പുറത്തിരുത്തിയാണ്‌ റയില്‍വേസ്‌ കളത്തിലിറങ്ങിയത്‌. പ്രിയങ്ക ബോറ, ടെറിന്‍ ആന്റണി, വി. സൗമ്യ എന്നിവരുടെ കനത്ത അടികളുമായി റയില്‍വേസ്‌ ആദ്യസെറ്റില്‍ എതിരാളികളെ സ്‌തബ്‌ധരാക്കി. 16 മിനിറ്റിലാണ്‌ റയില്‍വേസ്‌ സെറ്റ്‌ നേടിയത്‌.

രണ്ടാം സെറ്റില്‍ കളി മാറി. റയില്‍വേ കളിക്കാര്‍ ജംപ്‌ സര്‍വിലും പിന്‍കോര്‍ട്ടില്‍ നിന്നുള്ള സ്‌മാഷിലുമൊക്കെ പരീക്ഷണങ്ങള്‍ നടത്തി പന്തു തുലച്ചപ്പോള്‍ പത്താം നമ്പര്‍ താരം നിര്‍മലിന്റെ പോരാട്ടമികവില്‍ ഹരിയാന സ്‌കോര്‍ ചലിപ്പിച്ചു തുടങ്ങി.

ഒന്നു രണ്ടു പോയിന്റ്‌ പിന്നിലായിട്ടാണെങ്കിലും അവര്‍ പൊരുതി നിന്നു. അതോടെ കാണികളും കുട്ടിക്കൂട്ടത്തിനൊപ്പമായി. ഗ്യാലറികളുടെ മനസറിഞ്ഞ്‌ അവര്‍ പൊരുതി. റയില്‍വേസ്‌ 17 പോയിന്റില്‍ എത്തുമ്പോള്‍ രണ്ടു പോയിന്റ്‌ പിന്നില്‍ ഹരിയാന ഉണ്ടായിരുന്നു.

പക്ഷേ, ആ ഘട്ടത്തില്‍ പിടിവിട്ടു. റയില്‍വേസ്‌ ആറു പോയിന്റുകൂടി നേടി കുതിച്ചുകയറി സെറ്റ്‌ നേടുകയും ചെയ്‌തു. മൂന്നാം സെറ്റിലും ഹരിയാനക്കുട്ടികള്‍ തങ്ങളുടേതായ രീതിയില്‍ പൊരുതി നോക്കി. പതിനെട്ടുകാരി നിര്‍മലിന്റെയും പതിനേഴുകാരി നേഹയുടെയും പ്രകടനം ഗാലറിയില്‍ തരംഗമുണ്ടാക്കി; റയില്‍വേനിരയില്‍ അത്ഭുതവും.

പക്ഷേ, സെറ്റ്‌ പിടിക്കാന്‍ അതു പോരായിരുന്നു. റയില്‍വേസ്‌ 25-18ന്‌ സെറ്റും വിജയവും സ്വന്തമാക്കി. നിര്‍മല്‍ ആണ്‌ കളിയിലെ മികച്ച താരം. പുരുഷന്‍മാരുടെ പൂള്‍ എയില്‍ സര്‍വീസസ്‌ 29-31, 25-19, 25-17, 25-18ന്‌ ഹരിയാനയെ കീഴടക്കി. കഴിഞ്ഞതവണത്തെ രണ്ടാം സ്‌ഥാനക്കാരായ തമിഴ്‌നാട്‌ ഉത്തര്‍പ്രദേശിനെതിരെ അനായാസ ജയവുമായി മുന്നേറ്റം തുടങ്ങി(25-14, 25-17, 25-14).

ഇന്ന്‌ 6.30 : കേരളം- തമിഴ്‌നാട്‌ (വനിത) തുടര്‍ന്ന്‌ ഉത്തരാഖണ്ഡ്‌- പഞ്ചാബ്‌ (പുരുഷ) , തമിഴ്‌നാട്‌- ഹരിയാന( പുരുഷ).
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.