കോഴിക്കോട് : സംസ്‌ഥാനത്തെ സഹകരണ ബാങ്കുകള്‍ ആദായനികുതി ഇനത്തില്‍ വെട്ടിച്ചതു 180 കോടിയിലധികം രൂപ. ജില്ലാ സഹകരണ ബാങ്കുകള്‍, സര്‍വീസ് സഹകരണ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍ തുടങ്ങിയവയെല്ലാം നികുതി വെട്ടിച്ചവയില്‍ ഉള്‍പ്പെടും. ബാങ്കുകള്‍ക്കെതിരേ ആദായനികുതി വകുപ്പ് നടപടി ആരംഭിച്ചു. മലബാറില്‍ മാത്രം 200 ബാങ്കുകള്‍ ഏകദേശം 60 കോടിയുടെ നികുതി വെട്ടിച്ചതായാണു കണക്കാക്കുന്നത്. നികുതിവെട്ടിപ്പില്‍ ഇടതുപക്ഷ, യു.ഡി.എഫ്. ഭരണസമിതികള്‍ തമ്മില്‍ വ്യത്യാസമില്ല. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിനു 2006 മുതലാണു കേന്ദ്രസര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയത്. സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നവരുടെ വിവരം ആദായനികുതി വകുപ്പിനു കൈമാറണമെന്നു സര്‍ക്കാര്‍ വ്യക്‌തമാക്കിയിരുന്നു. 90 ശതമാനം ബാങ്കുകളും നിര്‍ദേശം പാലിച്ചില്ല. ബാങ്കുകള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ആദായനികുതി വകുപ്പിനു നിക്ഷേപകരുടെ വിവരം നല്‍കാനായിരുന്നു വിധി.
സഹകരണ ബാങ്ക് നിക്ഷേപകരിലധികവും രാഷ്‌ട്രീയക്കാരും കരാറുകാരും ഭൂമാഫിയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുമാണെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. സംസ്‌ഥാനത്തെ സഹകരണ ബാങ്കുകളില്‍ ലക്ഷം കോടി രൂപയുടെ നിക്ഷേപമാണുള്ളത്. നിക്ഷേപങ്ങളുടെ പട്ടിക ആദായനികുതി വകുപ്പ് ശേഖരിച്ചുകഴിഞ്ഞു. കോഴിക്കോട്ടെ കരാറുകാരന് ഒരു സഹകരണബാങ്ക് ശാഖയിലുള്ള നിക്ഷേപം പത്തുകോടിയാണ്. ഇതിന് ആദായനികുതി നല്‍കിയിരുന്നില്ല. ഇതു കണ്ടെത്തിയ വകുപ്പ് ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടിയിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ മോട്ടോര്‍വാഹന കേസുകള്‍ കൈകാര്യം ചെയ്ുന്നയ അഭിഭാഷകന്‍ ആറു സഹകരണ ബാങ്കുകളില്‍ 94 അക്കൗണ്ടുകളിലായി മൂന്നുകോടിയാണു നിക്ഷേപിച്ചത്. ഇതിനും നികുതി നല്‍കിയിരുന്നില്ല. ആദായനികുതി വകുപ്പ് പിഴയടക്കം ഒരു കോടി രൂപ ഈടാക്കി.
ആദായനികുതി അടയ്‌ക്കണമെന്നാവശ്യപ്പെട്ട് എല്ലാ സഹകരണ ബാങ്കുകള്‍ക്കും വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ശക്‌തമായ എതിര്‍പ്പായിരുന്നു ഫലം. നടപടി വരുമെന്ന ഘട്ടമെത്തിയതോടെ ബാങ്കുകള്‍ കീഴടങ്ങാന്‍ തയാറായതായി ആദായ നികുതി ഉദ്യോഗ്‌സഥര്‍ പറയുന്നു. പല ബാങ്ക് പ്രസിഡന്റുമാരും ആദായനികുതി ഓഫീസില്‍ കയറിയിറങ്ങുകയാണ്. എല്ലാവരില്‍നിന്നും നികുതി ഈടാക്കുമ്പോള്‍ മാത്രമേ തങ്ങളില്‍ നിന്ന് ഈടാക്കാവൂയെന്നാണു പ്രസിഡന്റുമാരുടെ അഭ്യര്‍ഥന.
നിക്ഷേപത്തിന്റെ 30 ശതമാനമാണു ബാങ്കുകള്‍ ആദായനികുതിയായി അടയ്‌ക്കേണ്ടത്. 20 ശതമാനം പിഴയും അടയ്‌ക്കണം. ഇങ്ങനെ ലക്ഷങ്ങള്‍ അടയ്‌ക്കേണ്ടിവന്നാല്‍ തകര്‍ച്ച നേരിടേണ്ടി വരുമെന്നാണു ബാങ്കുകളുടെ നിലപാട്.