Home »
Sports
» കസേര കാക്കാൻ ശ്രീനി കൈവിട്ട കളിക്കൊരുങ്ങുന്നു
കസേര കാക്കാൻ ശ്രീനി കൈവിട്ട കളിക്കൊരുങ്ങുന്നു

ചെന്നൈ : സുപ്രീംകോടതിയുടെ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടിവരുമെന്ന് ഏറക്കുറെ ഉറപ്പായിട്ടും അതിന് തയ്യാറാകാതിരിക്കുകയാണ് എൻ. ശ്രീനിവാസൻ. ഐ.പി.എൽ ഒത്തുകളിക്കേസിൽ ജസ്റ്റിൽ മുദ്ഗൽ കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞദിവസം പരിഗണിച്ച ജസ്റ്റിസ് എ.കെ. പട്നായിക്കിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് ശ്രീനിയോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. ഇന്ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ രാജിക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ഇല്ലെങ്കിൽ കോടതിക്ക് ഉത്തരവിലൂടെ പുറത്താക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇന്നലെ രാജിവയ്ക്കുന്നതിന്റെ ഒരുസൂചനയും ശ്രീനിവാസനോ അദ്ദേഹത്തിന്റെ ഒപ്പമുള്ളവരോ നൽകിയില്ലെന്നുമാത്രമല്ല കോടതിയിൽ നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്ന രീതിയിൽ നിയമ വിദഗ്ദ്ധരുമായി ചർച്ചകൾ നടത്തുകയും ചെയ്തു. ഏതായാലും സ്ഥാനമൊഴിയാതെ രണ്ടും കല്പിച്ച് മുന്നേറാനാണ് ശ്രീനിവാസന്റെ തീരുമാനമെന്നാണ് അറിയുന്നത്. കോടതി വിധിയെക്കുറിച്ച് ശ്രീനിവാസൻ പരസ്യമായി പ്രതികരിച്ചിട്ടില്ല. കോടതിവിധി അനുസരിക്കില്ലെന്ന് ശ്രീനി പറഞ്ഞതായി ചില റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അതിന് സ്ഥിരീകരണമുണ്ടായിട്ടില്ല.
ഇന്നലെ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായ ശ്രീനിവാസൻ ചെന്നൈയിലെ വസതിയിൽ വിശ്രമിക്കുകയാണ്. നിരവധി നിയമവിദ്ധരാണ് വസതിയിൽ ഇന്നലെ ശ്രീനിയുമായി ചർച്ചയ്ക്കെത്തിയത്. അദ്ദേഹത്തിന്റെ സ്വകാര്യ നിയമോപദേഷ്ടാവ് പി.എസ്. രാമനാണ് ചർച്ചകൾക്ക് മുൻകൈ എടുത്തത്. കോടതിയിൽനിന്ന് ഇത്ര ശക്തമായ ഒരു നീക്കം ഉണ്ടായസ്ഥിതിക്ക് രാജി കൂടാതെ എങ്ങനെ മുന്നോട്ടുപോകാമെന്ന പഴുതുകൾ അന്വേഷിക്കുകയായിരുന്നു വക്കീലന്മാരുടെ സംഘം.
കഴിഞ്ഞവർഷം സുപ്രീംകോടതിയിൽ കേസ് നടത്തിയാണ് ശ്രീനിവാസൻ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ചത്. മത്സരിച്ച് ജയിച്ചെങ്കിലും സ്ഥാനമേറ്റെടുക്കാൻ ആദ്യം കോടതി സമ്മതിച്ചില്ല. പിന്നീടാണ് അതിന് അനുവാദം നൽകിയത്. ആദ്യം പ്രശ്നമുണ്ടായപ്പോൾ സ്ഥിരം പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിയാതെനിന്ന് ജഗ്‌മോഹൻ ഡാൽമിയയെ താത്കാലിക വർക്കിംഗ് പ്രസിഡന്റാക്കിയ കളി ശ്രീനിവാസൻ പുറത്തെടുത്തിരുന്നു. ഇക്കുറിയും അതുപോലെയൊരു നീക്കത്തിനാണ് 69 കാരനായ ശ്രീനി തയ്യാറെടുക്കുന്നത്. എന്നാൽ ശ്രീനിയുടെ തന്ത്രങ്ങൾ എത്രത്തോളം ഫലപ്രദമാകുമെന്ന് സംശയമുണ്ട്. കാരണം ജസ്റ്റിൽ മുദ്ഗൽ കമ്മിറ്റി റിപ്പോർട്ടിൽ ശക്തമായ തെളിവുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോടതിയെ വെല്ലുവിളിച്ചുകൊണ്ട് ശ്രീനിക്ക് മുന്നോട്ടുപോകാൻ കഴിയുമോ എന്ന കാര്യം സംശയമാണ്.