Home » » തേനിയില്‍ കണികാപരീക്ഷണം നടത്താനുള്ള രഹസ്യനീക്കം ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നു വി.എസ്‌.

തേനിയില്‍ കണികാപരീക്ഷണം നടത്താനുള്ള രഹസ്യനീക്കം ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നു വി.എസ്‌.

Written By Unknown on Wednesday, 26 March 2014 | 18:46

തിരുവനന്തപുരം: കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയായ തേനിയില്‍ അതീവരഹസ്യമായി തുരങ്കം നിര്‍മിച്ചു കണികാപരീക്ഷണം നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം അവസാനിപ്പിക്കണമെന്നു പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഈ നീക്കത്തെ സംബന്ധിച്ചു താന്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണെന്നും തന്റെ ആശങ്ക ശരിവയ്‌ക്കുന്ന നിലയിലാണ്‌ ഇപ്പോള്‍ ഈ മേഖലയില്‍ ആണവമാലിന്യം സംഭരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രഹസ്യനീക്കം നടത്തുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഭുമി തുരന്നു സ്ഥാപിക്കാനുദേശിക്കുന്ന ന്യൂട്രിനോ ലാബിനെക്കുറിച്ചുള്ള സംശയവും അതു സംസ്ഥാന സര്‍ക്കാരില്‍ നിന്നു മറച്ചുവച്ചതിനു പിന്നിലെ ദുരൂഹതയും നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേരളത്തോടു ചേര്‍ന്നു കിടക്കുന്ന തേനി ജില്ലയിലെ പൊട്ടിപ്പുറം ഗ്രാമത്തില്‍ തന്നെ ആണവമാലിന്യം ഭൂമിക്കടയില്‍ സംഭരിച്ചുവയ്‌ക്കാനുള്ള രഹസ്യനീക്കമാണ്‌ ഇപ്പോള്‍ നടന്നുവരുന്നത്‌. ന്യൂട്രിനോ പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാത്തമാറ്റിക്കല്‍ സയന്‍സ്‌ തന്നെ 2010 ഏപ്രില്‍ 22-ന്‌ ആണവമാലിന്യം സംഭരിക്കാനുള്ള പദ്ധതിയും സമര്‍പ്പിച്ചിരുന്നു. ഇത്‌ ഇപ്പോള്‍ തമിഴ്‌നാട്‌ സര്‍ക്കാരിന്റെ എന്‍വയണ്‍മെന്റ്‌ ഇംപാക്ട്‌ അസസ്‌മെന്റ്‌ അഥോറിറ്റിയുടെ പരിഗണനയിലാണ്‌. അതീവഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന നീക്കമാണിത്‌.

ഒരു കാരണവശാലും ഇത്‌ അംഗീകരിക്കാനാകില്ലെന്നും ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണേ്‌ടായെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്‌ടി വ്യക്തമാക്കണമെന്നും വിഎസ്‌ ആവശ്യപ്പെട്ടു.

കൂടംകുളം ആണവനിലയം സംബന്ധിച്ച കേസില്‍ ആണവമാലിന്യം എവിടെ സുക്ഷിക്കുമെന്നു സുപ്രീംകോടതി അന്വേഷിച്ചപ്പോള്‍ കൃത്യമായ സ്ഥലം വ്യക്തമാക്കാതെ ഒരു ഭൂഗര്‍ഭ സംഭരണിയില്‍ സൂക്ഷിക്കും എന്നുമാത്രമാണു പറഞ്ഞത്‌. അതായതു കോടതിയില്‍ നിന്നുപോലും ഈ വിവരം മറച്ചുവച്ചു എന്നര്‍ഥം. കേരളത്തിലെ ജനങ്ങളെ, വിശേഷിച്ച്‌ ഇടുക്കിയിലെ ജനങ്ങളെയും അവരുടെ വരുംതലമുറകളെപ്പോലും ബാധിക്കുന്ന ഈ പ്രശ്‌നത്തില്‍ ഒരു വിട്ടുവീഴ്‌ചയും ചെയ്യാന്‍ പാടില്ലെന്നും അവിടെ തുരങ്കം നിര്‍മിക്കാനുള്ള നീക്കം എന്തുവിലകൊടുത്തും തടയണമെന്നും വിഎസ്‌ ആവശ്യപ്പെട്ടു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.