Home » » കള്ളപ്പണം കണ്ടുകെട്ടാന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരിന്‌ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.

കള്ളപ്പണം കണ്ടുകെട്ടാന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരിന്‌ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.

Written By Unknown on Wednesday, 26 March 2014 | 18:56

ന്യൂദല്‍ഹി: കള്ളപ്പണം കണ്ടുകെട്ടാന്‍ ശക്തമായ നടപടി സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരിന്‌ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം കണ്ടുകെട്ടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച 2011 ജൂലൈയിലെ കോടതി ഉത്തരവ്‌ പിന്‍വലിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യവും സുപ്രീംകോടതി തള്ളി.


65 വര്‍ഷമായി കള്ളപ്പണം കണ്ടുകെട്ടാന്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരുകള്‍ തയ്യാറാവാതിരുന്നതോടെയാണ്‌ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതെന്ന്‌ കോടതി പറഞ്ഞു. മുന്‍ സുപ്രീംകോടതി ജഡ്ജി ജീവന്‍ റെഡ്ഡിയുടെ അദ്ധ്യക്ഷതയിലുള്ള സമിതിയില്‍ ഐ.ബി,റോ, റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണ്ണര്‍ എന്നിവരാണ്‌ അംഗങ്ങള്‍. എന്നാല്‍ സമിതിയെ നിയമിച്ച സുപ്രീംകോടതി ഉത്തരവ്‌ ചട്ടവിരുദ്ധമാണെന്നും പിന്‍വലിക്കണമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. ഇതു തള്ളിയ കോടതി സമിതിക്ക്‌ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാമെന്നും വ്യക്തമാക്കി.


കളളപ്പണം കണ്ടെത്തി ഇന്ത്യയില്‍ വിനിയോഗിച്ചാല്‍ പ്രതിശീര്‍ഷ ആളോഹരി വരുമാനത്തില്‍ വര്‍ദ്ധനവും ജനങ്ങള്‍ നല്‍കേണ്ടി വരുന്ന നികുതിയില്‍ വലിയ കുറവും വരുത്താനാവുമെന്ന്‌ കോടതി നിരീക്ഷിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച ഉത്തരവ്‌ പിന്‍വലിക്കണമെന്ന അപേക്ഷ കോടതി തള്ളിയതോടെ പ്രത്യേകസംഘത്തിന്റെ നിയമനത്തിനായി പുതിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കേണ്ടിവരും. 


പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച സുപ്രീംകോടതി ഉത്തരവില്‍ ഭേദഗതി വരുത്തിയ കേന്ദ്രസര്‍ക്കാര്‍, കള്ളപ്പണത്തേപ്പറ്റി സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതി അന്വേഷിച്ചാല്‍ മതിയെന്ന്‌ തീരുമാനിച്ചിരുന്നു. ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ ബിജെപി നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ രാംജത്‌ മലാനിയെ സുപ്രീംകോടതി അഭിനന്ദിച്ചു. 


കള്ളപ്പണം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളെ തടയുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ ബിജെപി വിമര്‍ശിച്ചിട്ടുണ്ട്‌. ചെറിയ രാജ്യങ്ങളായ തെക്കന്‍ കൊറിയ,ഫിലിപ്പീന്‍സ്‌ തുടങ്ങിയവര്‍ നടത്തിയ ശ്രമം പോലും ഇന്ത്യ കള്ളപ്പണം കണ്ടുകെട്ടുന്നതിനായി നടത്തിയിട്ടില്ല. കള്ളപ്പണം കണ്ടെത്തുന്നതില്‍ കേന്ദ്രസര്‍ക്കാരിന്‌ താല്‍പ്പര്യമില്ലാത്തതിനു കാരണം കള്ളപ്പണത്തേപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്‌ അവര്‍ക്ക്‌ നാണക്കേടുണ്ടാക്കുമെന്നതിനാലാണെന്നും ബിജെപി കോടതി വിധിയോട്‌ പ്രതികരിച്ചു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.