Home »
News
» ചെമ്മണ്ണൂര്‍ ഓടുന്നത് പത്മശ്രീക്കോ, പരസ്യത്തിനോ?
ചെമ്മണ്ണൂര്‍ ഓടുന്നത് പത്മശ്രീക്കോ, പരസ്യത്തിനോ?
``രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ'' എന്ന ബാനറുമായാണ് ബോബി ചെമ്മണ്ണൂര്‍
കാസര്‍കോട് നിന്നും 600 കി മീറ്റര്‍ മാരത്തോണ്‍ ആരംഭിച്ചിരിക്കുന്നത്.
അത്യന്തം പ്രാധാന്യവും മാഹാത്മ്യവുമേറിയ മുദ്രാവാക്യമായതിനാല്‍ വിവിധ
തുറയിലുള്ളവര്‍ ഈ ഓട്ടത്തില്‍ അണിനിരക്കുകയും, പിന്തുണ അറിയിക്കുകയും
ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ രാഷ്‌ട്രീയ നേതാക്കള്‍
പ്രചരണത്തിനുള്ള അവസരമായും ഈ `മാരത്തോണ്‍ ഉത്സവ'ത്തെ ആഘോഷിക്കുന്നുണ്ട്.
കേരളം കണ്ട ഏറ്റവും വലിയ മനുഷ്യസ്‌നേഹിയാണ് ബോബി ചെമ്മണ്ണൂര്‍ എന്നാണ്
പൈലറ്റ് വാഹനത്തിലുള്ള ഇവന്റ് മാനേജ്‌മെന്റുകാര്‍ അനൗണ്‍സ്
ചെയ്യുന്നത്. പക്ഷെ, ഈ മാരത്തോണ്‍ ഓട്ടത്തിന് മുമ്പ് ഇദ്ദേഹം നടത്തിയ
മനുഷ്യസ്‌നേഹ പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹത്തിന് ഇന്നും അജ്ഞാതം. ചില
അനാഥാലയങ്ങളില്‍,
വൃദ്ധര്‍ക്ക് ചോറു വിളമ്പിക്കൊടുക്കുന്ന ചിത്രം ചില
പത്രങ്ങളിലും ഫ്‌ളക്‌സ്‌ബോര്‍ഡുകളിലുമൊക്കെ കണ്ടിരുന്നു. പിന്നീട്
കാണുന്നത് ഫുട്‌ബോള്‍ ഇതിഹാസമായ മറഡോണയോ ഉയര്‍ത്തിക്കാട്ടി, ഒപ്പം
താനുമൊരു സ്‌പോര്‍ട്‌സ് താരമാണെന്ന് കമ്പ്യൂട്ടര്‍ ഗിമ്മിക്‌ഡുകളിലൂടെ
സ്വയം പ്രഖ്യാപിക്കുന്ന `ലളിത വസ്‌ത്രധാരി' ചെമ്മണ്ണൂരിനെയാണ്. ഈ
കോളിളക്കങ്ങളൊക്കെ തന്റെ സ്ഥാപനത്തിന് പേരും പെരുമക്കും നല്‍കാനുള്ള
പരസ്യങ്ങളായി, തന്ത്രപൂര്‍വ്വം ഉപയോഗപ്പെടുത്താനും ഈ വ്യവസായിക്ക്
കഴിഞ്ഞിരുന്നു.
മറഡോണയുടെ വരവ് കണ്ണൂരില്‍ ആഘോഷമാക്കിയപ്പോള്‍, മാധ്യമങ്ങള്‍ അത്
ആവേശത്തോടെ കൊണ്ടാടി. കോടികള്‍ മതിക്കുന്ന പരസ്യമാണ് വലിയ
ചെലവില്ലാതെയന്ന് ചെമ്മണ്ണൂരിന് കിട്ടിയത്. കക്ഷിരാഷ്‌ട്രീയത്തിനതീതമായ
രാഷ്‌ട്രീയ നേതാക്കളുടെ പങ്കാളിത്തം ഉറപ്പ് വരുത്താന്‍ ഇവന്റ്
മാനേജ്‌മെന്റുകാര്‍ കിണഞ്ഞ് ശ്രമിച്ചിട്ടുണ്ട്. `രക്തദാന സന്ദേശ'ത്തിന്റെ
മഹത്വമോര്‍ത്ത് അവരതില്‍ പങ്കുചേരുകയും ചെയ്‌തു.
ഏതൊരു മഹദ് ദൗത്യത്തിലും വിശ്വാസ്യത പ്രധാനമാണ്. ചെമ്മണ്ണൂര്‍
ആവിഷ്‌ക്കരിച്ച പല സാമ്പത്തിക പദ്ധതികളിലും ഏജന്റുമാരുമായി ചേര്‍ന്ന
ഒട്ടേറെ പേരിപ്പോള്‍ പെരുവഴിയിലാണ്. തങ്ങളുടെ ദുരനുഭവങ്ങള്‍, ദൃശ്യ,
പത്രമാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞ് പറഞ്ഞിട്ടും. അത് ബ്രേക്കിംഗ്
ന്യൂസായില്ല. കാരണം മാധ്യമങ്ങള്‍ക്ക് മുഖ്യം സ്‌പോണ്‍സര്‍മാരുടെ
താത്‌പര്യമാണല്ലോ? കേരളത്തിലെ വിവിധ ജില്ലകളില്‍ ഒട്ടേറെ ഏജന്റുമാര്‍,
തങ്ങള്‍ക്കു നേരയുണ്ടായ നീതിനിഷേധത്തിനും, വിശ്വാസവഞ്ചനക്കുമെതിരെ
നിയമപോരാട്ടം ആരംഭിച്ചു കഴിഞ്ഞു. സാമൂഹ്യനീതിക്ക് വേണ്ടി
നിലകൊള്ളുന്നുവെന്ന് പ്രഖ്യാപിക്കുന്ന മാധ്യമങ്ങള്‍ ഇനിയെങ്കിലും, ഇത്തരം
ജനപക്ഷനിലപാടുകള്‍ക്ക് ഒപ്പം നില്‍ക്കുമോ? കാത്തിരുന്ന് കാണാം.
`പ്രാഞ്ചിയേട്ടന്‍' എന്ന സിനിമയില്‍ `പത്മശ്രീ' ഒപ്പിച്ചെടുക്കാനായി,
മമ്മൂട്ടി കാട്ടിക്കൂട്ടിയ ആക്രാന്തങ്ങള്‍ കണ്ടവരാണ് നമ്മള്‍;
ആക്ഷേപഹാസ്യത്തിന്റെ ശക്തി നന്നായി തിരിച്ചറിഞ്ഞവരുമാണ്. ഈ വ്യവസായിയുടെ
മാരത്തോണ്‍ ഉത്സവങ്ങള്‍ കാണുമ്പോള്‍, ആരെങ്കിലും പ്രാഞ്ചിയേട്ടന്‍
സിനിമയെക്കുറിച്ച് ഓര്‍ത്തുപോയാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ?