Home » » 'ടി.പി വധം സത്യാന്വേഷണ രേഖകള്‍' തിരുവഞ്ചൂര്‍ വെളിപ്പെടുത്തുന്നു.

'ടി.പി വധം സത്യാന്വേഷണ രേഖകള്‍' തിരുവഞ്ചൂര്‍ വെളിപ്പെടുത്തുന്നു.

Written By Unknown on Wednesday, 19 March 2014 | 19:06

തിരുവനന്തപുരം: ടി.പി വധക്കേസ് അന്വേഷണത്തിനിടെ രാഷ്ട്രീയത്തിന്റെ അപ്പുറവും ഇപ്പുറവുമുള്ളവര്‍ തനിക്കെതിരെ അമ്പുകള്‍ ഉയര്‍ത്തിയെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും വിവിധ കോണുകളില്‍ നിന്നും തനിക്ക് വിമര്‍ശം ഏറ്റു വാങ്ങേണ്ടി വന്നുവെന്ന് 'ടി.പി വധം സത്യാന്വേഷണ രേഖകള്‍' എന്ന തന്റെ പുസ്തകത്തില്‍ തിരുവഞ്ചൂര്‍ വെളിപ്പെടുത്തുന്നു.


ടി.പി കേസന്വേഷണം സി.പി.എം നേതാവ് പി.മോഹനനില്‍ അവസാനിപ്പിച്ചതിന്റെ സാഹചര്യം അദ്ദേഹം വിവരിക്കുന്നു. കേസന്വേഷണം എങ്ങനെ നടത്തണമെന്ന് തീരുമാനിച്ചത് പൂര്‍ണമായും അന്വേഷണസംഘമാണ്. ഒരു ഘട്ടത്തിലും താനോ സര്‍ക്കാറോ ഇടപെട്ടിട്ടില്ല. മോഹനന് മുകളിലേക്കുള്ള ഗൂഢാലോചനയുടെ കണ്ണികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ചില സംശയങ്ങള്‍ക്ക് വഴിതെളിച്ചെന്നും പുസ്തകത്തില്‍ അദ്ദേഹം സ്ഥിരീകരിക്കുന്നു. നിയമപരമായി നിലനില്‍ക്കുന്ന തെളിവുകള്‍ ഇല്ലാതെ ഒരാളെ പ്രതി ചേര്‍ത്താല്‍ കേസ് ദുര്‍ബലപ്പെടുമെന്നാണ് തനിക്ക് കിട്ടിയ നിയമോപദേശം. അതുകൊണ്ട് ശക്തമായ തെളിവുള്ളവരെ മാത്രമേ പ്രതി ചേര്‍ത്തിട്ടുള്ളൂ. അപ്പീലും സി.ബി.ഐ അന്വേഷണവുമായി നില്‍ക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങളിലേക്ക് കടക്കുന്നില്ല എന്ന് പറഞ്ഞ് തിരുവഞ്ചൂര്‍ അന്വേഷണത്തിന്റെ ഉള്ളറകളിലേക്ക് കടക്കാതെയാണ് കേസിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത്. .


എറാമല പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് 2008 ജൂണില്‍ ഓര്‍ക്കാട്ടേരി സി.പി.എം ഓഫീസില്‍ നടന്ന ഒരു പ്രശ്‌നത്തോടെയാണ് ടി.പി ചന്ദ്രശേഖരനെ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നത്. ചന്ദ്രശേഖരനെ ആ സമയത്ത് അറിയില്ലെങ്കിലും ഒഞ്ചിയം എന്ന സ്ഥലത്തെക്കുറിച്ച് തനിക്ക് ബോധ്യമുണ്ടായിരുന്നു. ആ സംഭവങ്ങളുടെ തുടര്‍ച്ച ചന്ദ്രശേഖരനെ കൊണ്ട് എത്തിച്ചത് ആര്‍.എം.പി എന്ന പാര്‍ട്ടിയുടെ രൂപവത്കരണത്തിലേക്കും സി.പി.എമ്മിന് എതിരെ 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലേക്കുമായിരുന്നു. ഇതോടെ ചന്ദ്രശേഖരന്റെ മരണ വാറണ്ട് സി.പി.എം കുറിക്കുകയായിരുന്നു.


ആരായിരുന്നു ടി.പി, സി.പി.എമ്മുമായി അദ്ദേഹം അകലാനിടയായ സാഹചര്യം, ടി.പി വധത്തിന് കളമൊരുങ്ങിയ സാഹചര്യം, കേസന്വേഷണം, ശിക്ഷാവിധി, സി.പി.എം നിലപാട് എന്നീ വിഷയങ്ങള്‍ തിരുവഞ്ചൂര്‍ പുസ്തകത്തില്‍ വിശദമാക്കുന്നു. ടി.പി വധം നടക്കുമ്പോള്‍ ആഭ്യന്തരമന്ത്രിയായിരുന്ന തന്റെ വീക്ഷണങ്ങളും അനുഭവങ്ങളും ജനങ്ങളുമായി പങ്കുവെക്കേണ്ടതുണ്ടെന്ന ബോധമാണ് പുസ്തകരചനയ്ക്ക് ഇടയാക്കിയതെന്ന് അദ്ദേഹം പറയുന്നു. ഈ കേസില്‍ ഇപ്പോള്‍ ഉള്‍പെട്ടതിനേക്കാള്‍ ഉന്നതരായ പ്രതികളുണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം എത്തിേച്ചര്‍ന്നിരിക്കുന്നതെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടുന്നു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.