Home » » ചോക്ലേറ്റ് പൗഡര്‍ രൂപത്തില്‍ കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കൊച്ചി വിമാനത്താവളത്തില്‍ പിടികൂടി.

ചോക്ലേറ്റ് പൗഡര്‍ രൂപത്തില്‍ കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കൊച്ചി വിമാനത്താവളത്തില്‍ പിടികൂടി.

Written By Unknown on Thursday, 20 March 2014 | 19:39

നെടുമ്പാശ്ശേരി: അധികൃതര്‍ പരിശോധന എത്ര കര്‍ക്കശമാക്കിയോ അത്രയും കൂടുതല്‍ സ്വര്‍ണ്ണം കടത്താനാണ് ഇപ്പോള്‍ സ്വര്‍ണ്ണകടത്തുകാരുടെ ശ്രമം.അതുകൊണ്ടുതന്നെ അതിനുവേണ്ടി നൂതനമായ പല വഴികളും കണ്ടെത്തിയിരിക്കുകയാണ് അവര്‍.

ദ്രാവക രൂപത്തില്‍ സ്വര്‍ണ്ണം കടത്തിക്കൊണ്ടു വന്നിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ എന്നാല്‍ ഇപ്പോള്‍ കടത്തുവാനായി വേറൊരു വിദ്യ കണ്ടെത്തിയിരിക്കുകയാണ് അവര്‍.ഇത്തവണ ചോക്ലേറ്റ് പൗഡര്‍ രൂപത്തിലാണ് സ്വര്‍ണ്ണം കടത്തിക്കൊണ്ടുവന്നത്.എന്നാല്‍ അങ്ങനെ കൊണ്ട് വന്ന 640 ഗ്രാം സ്വര്‍ണം കൊച്ചി വിമാനത്താവളത്തില്‍ പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ 2.15 ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി അബ്ദുള്‍ നാസറി (29) ന്റെ പക്കല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 19.19 ലക്ഷം രൂപ വിലവരും. സ്വര്‍ണ ബിസ്‌കറ്റ് പൊടിച്ച ശേഷം ചോക്ലേറ്റിന്റെ കളര്‍ ചേര്‍ത്തിരിക്കുകയാണ്. ഒറ്റനോട്ടത്തില്‍ ചോക്ലേറ്റ് പൗഡര്‍ ആണെന്നേ തോന്നൂ. യഥാര്‍ത്ഥ േചാക്ലേറ്റ് പൊടിനിറയ്ക്കുന്ന 5 പായ്ക്കറ്റുകളിലായാണ് സ്വര്‍ണപ്പൊടി നിറച്ചിരുന്നത്. ഫാക്ടറിയില്‍ സീല്‍ ചെയ്ത രീതിയിലായിരുന്നു പായ്ക്കറ്റുകള്‍. പായ്ക്കറ്റുകള്‍ക്ക് ചോക്ലേറ്റിന്റെ മണവും ഉണ്ടായിരുന്നു.


24 കാരറ്റ് സ്വര്‍ണമാണ് പായ്ക്കറ്റില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്നിരിക്കുന്നത്. പരിശോധന കൂടാതെ ഗ്രീന്‍ ചാനല്‍ വഴി കടന്നുപോകാന്‍ ശ്രമിച്ച യാത്രക്കാരനെ സംശയം തോന്നി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി ചോദ്യം ചെയ്യുകയും ബാഗേജ് തുറന്നുപരിശോധിക്കുകയും ചെയ്തപ്പോഴാണ് സ്വര്‍ണക്കടത്തിന്റെ പുതിയ തട്ടിപ്പ് പുറത്തായത്. കൊച്ചി വിമാനത്താവളത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള സ്വര്‍ണക്കടത്ത് പിടികൂടുന്നത്. യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ഇയാള്‍ ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നതെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.