കൊച്ചി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഗവര്‍ണര്‍ നിഖില്‍കുമാര്‍ രാജിവച്ചു. ഡല്ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് കേരളത്തിന്റെ പുതിയ ഗവര്ണറാകും. ചൊവ്വാഴ്ച രാത്രി 10.20ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ നെടുമ്പാശേരിയില്‍ ഇറങ്ങിയ നിഖില്‍കുമാര്‍ വിമാനത്താവളത്തില്‍നിന്നാണ് രാജിക്കത്ത് രാഷ്ട്രപതിഭവനിലേക്കും സെക്രട്ടറിയറ്റിലേക്കും ഫാക്സ് അയച്ചത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മടങ്ങിയെത്തിയാണ് പൊടുന്നനെയുള്ള നാടകീയ രാജിപ്രഖ്യാപനം. കേരളത്തിന്റെ ഗവര്‍ണറാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ ഔറംഗബാദില്നിന്നാണ് നിഖില്‍കുമാര്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. 1998 മുതല്‍ 2013 വരെ ഡല്ഹി മുഖ്യമന്ത്രിയായിരുന്ന ഷീല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു.







