Home » » തൃശൂരില്‍ അഭിഭാഷക അടക്കം നാലു സ്‌ത്രീകളെ പോലീസ്‌ ക്രൂരമായി മര്‍ദിച്ച എസ്‌ഐയെ സസ്‌പെന്‍ഡ്‌ ചെയ്‌തു

തൃശൂരില്‍ അഭിഭാഷക അടക്കം നാലു സ്‌ത്രീകളെ പോലീസ്‌ ക്രൂരമായി മര്‍ദിച്ച എസ്‌ഐയെ സസ്‌പെന്‍ഡ്‌ ചെയ്‌തു

Written By Unknown on Tuesday, 4 March 2014 | 17:59

കൊച്ചി: തൃശൂരില്‍ അഭിഭാഷക അടക്കം നാലു സ്‌ത്രീകളെ പോലീസ്‌ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ വനിതാ സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വരെ മര്‍ദിച്ച തൃശൂര്‍ ഈസ്റ്റ്‌ എസ്‌ഐയെ സസ്‌പെന്‍ഡ്‌ ചെയ്‌തു കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ 22ന്‌ രാത്രി പത്തിനായിരുന്നു സംഭവം. തൃശൂര്‍ സംഗീത നാടക അക്കാദമിയിലെ പരിപാടി കഴിഞ്ഞു മടങ്ങിയ ചലച്ചിത്ര വിദ്യാര്‍ഥികളായ നാലു യുവാക്കളെ പോലീസ്‌ ഉപദ്രവിക്കുന്നതു തടയാന്‍ ചെന്ന സിനിമാ ഛായാഗ്രാഹക നീതുവിനെ എസ്‌ഐയുടെ നേതൃത്വത്തില്‍ മര്‍ദിക്കുകയും മണിക്കൂറോളം പോലീസ്‌ കസ്റ്റഡിയില്‍ വയ്‌ക്കുകയും നീതുവിനെതിരേ കേസെടുക്കുകയും ചെയ്‌തു. വിവരമറിഞ്ഞ്‌ അഡ്വ.ആശ മകനും മകളുമൊത്ത്‌ സ്ഥലത്തെത്തി. എന്നാല്‍, ഇവരെയും പോലീസ്‌ മര്‍ദിക്കുകയും കേസെടുക്കുകയും ചെയ്‌തെന്നാണ്‌ ആക്ഷേപം. സ്റ്റേഷനിലെത്തിയ ശേഷവും നീതുവിനെ അസഭ്യം പറയുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നു മനുഷ്യാവകാശ പ്രവര്‍ത്തക എം.ജിഷ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുലര്‍ച്ചെ രണ്‌ടിനാണു നീതുവിനെ വിട്ടയച്ചത്‌. പരിക്കേറ്റ നീതു, ആശ, ആശയുടെ മകള്‍, ശ്രുതി എന്നിവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. നീതുവും ആശയും ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്‌. ജനമൈത്രി പോലീസ്‌ സ്റ്റേഷനിലാണ്‌ ഈ അതിക്രമങ്ങള്‍ അരങ്ങേറിയത്‌.

ആശയെ മര്‍ദിച്ചതിനെതിരേ നല്‍കിയ പൊതുതാത്‌പര്യ ഹര്‍ജിയില്‍ തൃശൂര്‍ സിജെഎം കോടതി എസ്‌ഐക്കെതിരേ ജാമ്യമില്ലാ അറസ്റ്റ്‌ വാറണ്‌ട്‌ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഉത്തരവിനെതിരേ എസ്‌ഐ സ്റ്റേ വാങ്ങി. സ്റ്റേ നീക്കണമെന്നും എസ്‌ഐക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുമെന്നു ജിഷ പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാരെ സസ്‌പെന്‍ഡ്‌ ചെയ്യുക, സ്‌ത്രീകള്‍ക്കെതിരെയുള്ള പോലീസ്‌ അതിക്രമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സ്‌ത്രീ സംഘടനാ പ്രവര്‍ത്തകര്‍ ഉന്നയിച്ചു. അഡ്വ.നന്ദിനി, എലിസബത്ത്‌, അഡ്വ.ഭദ്രകുമാരി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.