Home »
News
» ആര്‍.എം.പിയോടുള്ള പുതിയ നിലപാട് വടകരയില്‍ വന്നു പറയാനും വി.എസിനു പേടിയില്ല: കോടിയേരി
ആര്‍.എം.പിയോടുള്ള പുതിയ നിലപാട് വടകരയില്‍ വന്നു പറയാനും വി.എസിനു പേടിയില്ല: കോടിയേരി
കോഴിക്കോട്: ആര്‍.എം.പിയോടുള്ള തന്റെ പുതിയ നിലപാട് വടകരയില്‍ വന്നു പറയാനും വി.എസ്.അച്യുതാനന്ദനു പേടിയില്ലെന്നു സി.പി.എം.പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍. ആര്‍.എം.പിയെ വി.എസ്.കുടഞ്ഞുകളഞ്ഞതായി കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ആര്‍.എം.പിയോടുള്ള തന്റെ നിലപാട് വി.എസ.് വ്യക്‌തമാക്കിക്കഴിഞ്ഞു. അതു വടകരയില്‍ വന്നു പറയണമെന്നില്ല. തിരുവനന്തപുരത്തു പറഞ്ഞാലും കേരളം മൊത്തം കേള്‍ക്കും.
വി.എസ്.പറയുന്നതു കേള്‍ക്കാതിരിക്കാന്‍ വടകരക്കാര്‍ ടി.വി.ഓഫ് ചെയ്ുയമോ?. ആരോഗ്യസ്‌ഥിതി കണക്കിലെടുത്തു വി.എസ്.നിര്‍ദേശിച്ച സ്‌ഥലത്തുതന്നെയാണു അദ്ദേഹം പ്രചാരണം നടത്തുന്നത്. വി.എസ്.എവിടെപ്പോയാലും അതു എല്‍.ഡി.എഫിനു മുതല്‍ക്കൂട്ടായിരിക്കും. വടകരയില്‍ വന്നാലും വി.എസ്. ഇതേ നിലപാടുതന്നെയാണു പറയുക. വി.എസിനെ ചെറിയ വിഭാഗത്തിന്റെ ആളാക്കികാണാനാണു മാധ്യമങ്ങള്‍ക്കു താല്‍പര്യമെന്നും അതു വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.എം.പി.നേതാവ് ടി.പി.ചന്ദ്രശേഖരനു രാഷ്‌ട്രീയ എതിരാളികളുടെ ഭീഷണിയുണ്ടായിരുന്നുവെന്നു താന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. സത്യപ്രതിജ്‌ഞാ ലംഘനമായതിനാല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. ഇന്റലിജന്‍്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ടി.പി.ചന്ദ്രശേഖരനെ പോലീസ് നിരീക്ഷിച്ചിരുന്നു.ടി.പി.യെ എല്‍.ഡി.എഫ്.സര്‍ക്കാര്‍ കാത്തുസൂക്ഷിച്ചു.
ടി.പിയുടെ ഒരു മുടിക്കുപോലും പോറല്‍ ഏറ്റില്ല. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തനിക്കു ഭീഷണിയുണ്ടെന്നു ടി.പി.പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. ഇപ്പോള്‍ അഞ്ചു ആര്‍.എം.പി.നേതാക്കള്‍ക്കു പോലീസ് സംരക്ഷണമുണ്ട്. അന്നു ടി.പി.ക്കു ഇതുപോലെ രണ്ടുപോലീസുകാരുടെ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നുവെങ്കില്‍ ചന്ദ്രശേഖരന്‍ കൊല്ലപ്പെടുമായിരുന്നുവോയെന്നു കോടിയേരി ചോദിച്ചു.
ആത്മവിശ്വാസത്തോടെയാണു എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രദേശിക പാര്‍ട്ടികളടങ്ങുന്ന ഫെഡറല്‍ മുന്നണിക്കു തെരഞ്ഞെടുപ്പിനു ശേഷം ഇടതുപക്ഷം രൂപം നല്‍കും.
ബി.ജെ.പി. അധികാരത്തില്‍ വരുന്നതു തടയുകയും കോണ്‍ഗ്രസിനെ പുറത്താക്കുകയുമാണ് ലക്ഷ്യം.വിലക്കയറ്റവും അഴിമതിയുമാണ് ഈ തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുകയെന്നും അദ്ദേഹം പറഞ്ഞു