തൊടുപുഴ: ക്യാമ്പസിന്റെ മണ്ണിലേക്ക് വീണ്ടും കാലുകുത്താന്‍ തനിക്ക് വേണ്ടി പോരാടിയ എല്ലാവര്‍ക്കും നന്ദി പറയുന്നതായി ന്യൂമാന്‍ കോളേജില്‍ വീണ്ടും നിയമിതനായ പ്രഫസര്‍ ടി ജെ ജോസഫ്. ഇന്നലെ വീണ്ടും നിയമന ഉത്തരവ് കിട്ടിയ ടി ജെ ജോസഫ് ഇന്ന് വീണ്ടും കോളേജില്‍ തിരികെ ജോലിക്കായി എത്തി. വിരമിക്കാന്‍ മൂന്ന് ദിനം മാത്രം ബാക്കി നില്‍ക്കേയാണ് തിരികെ പ്രവേശിച്ചത്. തന്നെ ജോലിയില്‍ തിരിച്ചെടുക്കാന്‍ വലിയ സഹായകരമായത് വി എസ് ആണെന്നും വിവരം തിരക്കുകയും പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്‌തു. മാനേജ്‌മെന്റ് ഉടന്‍ തിരിച്ചെടുക്കുമെന്നും കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞതായി കോളേജിലേക്ക് വീണ്ടും എത്തിയ ജോസഫ് പറഞ്ഞു. നാലു വര്‍ഷത്തിന് ശേഷമാണ് ജോസഫ് തിരികെ ജോലിയില്‍ പ്രവേശിക്കുന്നത്. തന്റെ വിഷയത്തില്‍ മനുഷ്യവകാശ സംഘടനകള്‍, ന്യൂനപക്ഷ അവകാശ സംഘടനകള്‍ യുണിവേഴ്‌സിറ്റിയിലെയും സര്‍ക്കാരിലെയും ഉദ്യോഗസ്‌ഥര്‍ സുഹൃത്തുക്കള്‍ അഭ്യൂദകാംഷികളുമെല്ലാം ഒരുപോലെ പ്രയത്നിച്ചെന്നും എല്ലാവര്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ സന്തോഷ നിമിഷത്തില്‍ ഭാര്യ സലോമിയുടെ അഭാവത്തില്‍ ജോസഫിന്റെ കണ്ണില്‍ ഈറനണിഞ്ഞു.