Home » » മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

Written By Unknown on Thursday, 27 March 2014 | 22:44

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കളമശ്ശേരിയിലെയും കടകംപള്ളിയിലെയും തട്ടിപ്പ് കേസുകളാണ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്. ഒമ്പത് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട റവന്യൂ, വിജിലന്‍സ് രേഖകള്‍ സിബിഐക്ക് കൈമാറണം. വിജിലന്‍സ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ അന്വേഷണം തൃപ്തികരമല്ലെന്ന് നിരീക്ഷിച്ച കോടതി മുഖ്യമന്ത്രിയെയും വിമര്‍ശിച്ചു.
ഓഫീസില്‍ നടക്കുന്നകാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിതന്നെയാണ് ഉത്തരവാദി. ഓഫീസില്‍ നടക്കുന്നകാര്യങ്ങള്‍ മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണം. വിശ്വാസ്യതയില്ലാത്ത പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിച്ചതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് തന്നെയാണെന്നും കോടതി വിമര്‍ശിച്ചു.

കേസ് സി.ബി.ഐ.ക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രേംചന്ദ് ആര്‍. നായരും ഷെരീഫയും മറ്റും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് ഉത്തരവിട്ടത്. 

മുഖ്യമന്ത്രിയുടെ ഓഫീസില്‍ കുറ്റാരോപിതര്‍ ഇടം നേടുന്നത് കഴിവുകേടാണ് കാണിക്കുന്നതെന്ന് വാദത്തിനിടെ നേരത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇത്തരക്കാരെ നിയമിക്കുന്നവര്‍ക്ക് അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവുമോ എന്നും അന്ന് ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ് ചോദിച്ചിരുന്നു. 

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.