Home » » രാജ്യത്ത് മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ ഉത്തരവാദിത്വം സത്യസന്ധതയോടെ നിറവേറ്റണമെന്ന് കെ.വി. തോമസ്

രാജ്യത്ത് മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ ഉത്തരവാദിത്വം സത്യസന്ധതയോടെ നിറവേറ്റണമെന്ന് കെ.വി. തോമസ്

Written By Unknown on Tuesday, 4 March 2014 | 18:18

കല്പറ്റ: ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ ഉത്തരവാദിത്വം സത്യസന്ധതയോടെ നിറവേറ്റണമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. കല്പറ്റയില്‍ വയനാട് പ്രസ്‌ക്ലബ്ബ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ക്ക് ജനങ്ങളിലുള്ള സ്വാധീനം വളരെ വലുതാണ്. സത്യം എഴുതുകയും പറയുകയുമാണ് മാധ്യമ പ്രവര്‍ത്തകരുടെ ചുമതല. മലയാളികള്‍ ഇന്നും ആദരത്തോടെ ഓര്‍ക്കുകയും ആദരിക്കുകയും ചെയ്യുന്ന പഴയകാല പത്രപ്രവര്‍ത്തകരുടെ വാര്‍ത്തകള്‍ ബൈബിള്‍ വാക്യങ്ങളായിരുന്നു. അതില്‍ തെറ്റായി ഒരു വാക്യംപോലുമുണ്ടായിരുന്നില്ല. എന്നാല്‍, ഇലക്ട്രോണിക് മാധ്യമങ്ങളുടെ കിടമത്സരം കാരണം, മാധ്യമ പ്രവര്‍ത്തനം സത്യത്തില്‍നിന്ന് അകന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഇഷ്ടമുള്ളത് റിപ്പോര്‍ട്ടുചെയ്യുമ്പോള്‍, അവര്‍ തങ്ങളുടെ കര്‍ത്തവ്യം വിസ്മരിക്കുന്നു. തമാശയായല്ല, മറിച്ച് ഗൗരവത്തോടെ പത്രപ്രവര്‍ത്തനത്തെ കാണണം.

ഇന്ന് ചാനലുകളിലെ ഹാസ്യകഥാപാത്രങ്ങളിലധികവും രാഷ്ട്രീയക്കാരാണ്. അത്രയ്ക്ക് തരംതാണതാണോ രാഷ്ട്രീയ പ്രവര്‍ത്തനം? രാഷ്ട്രീയ ജീവിതം ജനങ്ങള്‍ വിധിക്കുന്നതാണ്. ജുഡീഷ്യറിക്കോ മീഡിയയ്‌ക്കോ ഇത്തരമൊരു സൗഭാഗ്യം ലഭിച്ചിട്ടില്ല. ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇത് അപഹാസ്യമാക്കി മാറ്റാനുള്ള പ്രവണത ശരിയല്ല. തെറ്റുകള്‍ ആരുചെയ്താലും ജനങ്ങളെ അറിയിക്കണം. മുഖം നോക്കേണ്ട കാര്യമില്ല. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ജനങ്ങളില്‍ അനാവശ്യ ഭീതിയുണ്ടാക്കാനുള്ള ശ്രമത്തില്‍നിന്ന് മാധ്യമങ്ങള്‍ മാറിനില്‍ക്കണം. കഴിവുള്ള പത്രപ്രവര്‍ത്തകരാണ് മാധ്യമങ്ങളുടെ ശക്തി. അവര്‍ സത്യത്തില്‍നിന്ന് വ്യതിചലിക്കുമ്പോള്‍, ജനാധിപത്യ സംവിധാനം ബലഹീനമാകും മന്ത്രി പറഞ്ഞു. പ്രസ്സ്‌ക്ലബ്ബ് ലൈബ്രറി എം.ഐ. ഷാനവാസ് എം.പി. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി.പി. ആലി അധ്യക്ഷത വഹിച്ചു. പഴയകാല പത്രപ്രവര്‍ത്തകരായ കെ.വി. മോഹനന്‍, ഒ.കെ. ജോണി എന്നിവരെ പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍. പത്മനാഭന്‍ ആദരിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.