Home » » വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ റിമാന്‍ഡ്‌ ചെയ്‌തു

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ റിമാന്‍ഡ്‌ ചെയ്‌തു

Written By Unknown on Saturday, 29 March 2014 | 02:19

കുളത്തൂപ്പുഴ: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായുള്ള പരാതിയെ തുടര്‍ന്ന്‌ പോലീസ്‌ പിടികൂടിയ അധ്യാപകനെ റിമാന്‍ഡ്‌ ചെയ്‌തു. സ്‌കൂളിലെ താല്‍ക്കാലിക അധ്യാപകന്‍ ഷാനവാസ്‌ (40) നെയാണ്‌ കുളത്തൂപ്പുഴ പോലീസ്‌ പിടികൂടി റിമാന്‍ഡ്‌ ചെയ്‌തത്‌.

സംഭവത്തെ കുറിച്ച്‌ പോലീസ്‌ പറയുന്നത്‌: സ്‌കൂളിലെ ശാരീരിക-മാനസിക വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനായി പ്രത്യേക പരിശീലനം സിദ്ധിച്ച റിസോഴ്‌സ്‌ അധ്യാപകനാണ്‌ ഷാനവാസ്‌. കഴിഞ്ഞ ഒരു വര്‍ഷമായി ഈ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ ക്ലാസുകള്‍ കൈകാര്യം ചെയ്‌തുവരികയുമായിരുന്നു.

വെള്ളിയാഴ്‌ച രാവിലെ സ്‌കൂളിലെത്തിയ അധ്യാപകന്‍ സ്‌കൂളിലെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച്‌ പരീക്ഷയ്‌ക്കെത്തിയ ഒമ്പതാം ക്ലാസ്സ്‌ വിദ്യാര്‍ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചുവെന്നാണ്‌ സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്‌.

സംഭവത്തെ തുടര്‍ന്ന്‌ കുളത്തൂപ്പുഴ പോലീസ്‌ എസ്‌ഐ. സുധീഷ്‌ കുമാര്‍ പ്രതിയെ പിടികൂടി. വിവാഹിതനും രണ്‌ടു കുട്ടികളുടെ പിതാവുമായ ഷാനവാസ്‌ കുളത്തൂപ്പുഴയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പ്‌ നിലമേലില്‍ സ്വകാര്യ സ്‌കൂളില്‍ ജോലി നോക്കിയിരുന്നതായും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി പോലീസ്‌ പറഞ്ഞു.

വെള്ളിയാഴ്‌ച രാവിലെ കൊല്ലം സെഷന്‍സ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ്‌ ചെയ്‌തു. അതേ സമയം കുളത്തൂപ്പുഴ സി. ഐ. സജാദ്‌ അറസ്റ്റ്‌ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വച്ച്‌ പ്രതിക്ക്‌ വഴിവിട്ട സഹായങ്ങള്‍ ചെയ്‌തു കൊടുത്തതായും ബന്ധുക്കള്‍ എത്തിച്ച വാഹനത്തിലാണ്‌ ഇയാളെ കോടതിയില്‍ഹാജരാക്കാനായി കൊണ്‌ടുപോയതെന്നുമുള്ള ആരോപണങ്ങള്‍ ഉയരുന്നുണ്‌ട്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.