Home » » മോഡിയുടെ എ.കെ.47 പരാമർശം ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കു യോജിച്ചതല്ല എ.കെ.ആന്റണി.

മോഡിയുടെ എ.കെ.47 പരാമർശം ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കു യോജിച്ചതല്ല എ.കെ.ആന്റണി.

Written By Unknown on Saturday, 29 March 2014 | 02:10

തിരുവനന്തപുരം: ബി.ജെ.പിയും അവരുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയും ഉയർത്തുന്ന അജണ്ട ഇന്ത്യയ്ക്ക് ചേർന്നതല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി. ദേശീയ ഐക്യത്തിന് എതിരായ അജണ്ടയുമായാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ എതിരാളികൾ ബി.ജെ.പിയാണ്. ആർ.എസ്.എസും കോർപ്പററേറ്റുകളാണ് ബി.ജെ.പിയെ നയിക്കുന്നത്. ഗുജറാത്ത് മോഡൽ വികസനം വിജയമാണെന്ന അഭിപ്രായം തനിക്കില്ല. ഗുജറാത്തിലെ ഗ്രാമങ്ങളെ വച്ചു നോക്കുന്പോൾ കേരളത്തിലെ ഗ്രാമങ്ങൾ സ്വർഗതുല്യമാണ്. രാജ്യത്ത് ബി.ജെ.പിക്ക് അനുകൂല തരംഗമില്ലെന്നും ആന്റണി പറഞ്ഞു. 
മോഡിയുടെ എ.കെ.47 പരാമർശം ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കു യോജിച്ചതല്ല. എ.കെ.47പ്രസ്താവന അതിർത്തിയിലെ ഇന്ത്യൻ സൈനികരുടെ ആത്മവീര്യം ഇല്ലാതാക്കുന്നതാണ്. ഇത്തരം പ്രസ്താവനകൾ ശത്രുരാജ്യത്തെ പരോക്ഷമായി സഹായിക്കാൻ മാത്രമെ ഉപകരിക്കുകയുള്ളൂ. ദേശസ്നേഹിയായ ഒരാൾക്ക് ഇത്തരം പരാമർശം നടത്താനാവില്ല. വില കുറഞ്ഞ പ്രസിദ്ധിക്കു വേണ്ടിയാണ് മോഡി അങ്ങനെയൊക്കെ പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു. 
അഴിമതിക്കെതിരെ കർശന നടപടി സ്വീകരിച്ച സർക്കാരാണ് യു.പി.എ. ആയുധ വ്യാപാരികൾക്കു മുന്നിൽ മുട്ടുമടക്കുന്നില്ല എന്ന ആരോപണം മാത്രമാണ് തനിക്കെതിരെയുള്ളത്. പ്രതിരോധ മന്ത്രാലയത്തിലെ അഴിമതി ആരോപണങ്ങളെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്തിയിട്ടുണ്ട്. അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കോപ്ടർ ഇടപാടിൽ സി.ബി.ഐ അന്വേഷണം നടക്കുകയാണ്. ആരോപണവിധേയരായ കന്പനികളെ കരിന്പട്ടികയിൽ പെടുത്തിയിട്ടുണ്ട്.  നാവികസേനയിലെ അപകടങ്ങളെ ഗൗരവമായാണ് കാണുന്നത്. അപകടങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുന്നുണ്ടെന്നും ആന്റണി പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.