Home » » ചികിത്സയ്‌ക്കു വിസമ്മതിക്കുന്നുവെന്ന ആരോപണം തെറ്റെന്നു മദനി, പ്രശാന്ത്‌ ഭൂഷണ്‍ മദനിക്കു വേണ്ടി സുപ്രിം കോടതിയില്‍ ഹാജരാകും.

ചികിത്സയ്‌ക്കു വിസമ്മതിക്കുന്നുവെന്ന ആരോപണം തെറ്റെന്നു മദനി, പ്രശാന്ത്‌ ഭൂഷണ്‍ മദനിക്കു വേണ്ടി സുപ്രിം കോടതിയില്‍ ഹാജരാകും.

Written By Unknown on Thursday, 27 March 2014 | 19:03

ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം തനിക്കു ബംഗളുരുവില്‍ ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന്‌ അബ്‌ദുള്‍നാസര്‍ മഅദനി. ഉപാധികളോടെയെങ്കിലും എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റിലോ ലേക്‌ഷോര്‍ ആശുപത്രിയിലോ സ്വന്തം ചെലവില്‍ ചികിത്സ നേടാന്‍ അനുവദിക്കണമെന്നും അദ്ദേഹം സുപ്രിം കോടതിയോട്‌ ആവശ്യപ്പെട്ടു. തനിക്കു ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ടു കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മൂലത്തിനുള്ള മറുപടിയിലാണു മഅദനി ഇക്കാര്യം വ്യക്‌തമാക്കിയത്‌. മദനിയുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. മഅദനിക്കു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ജാമ്യം നേടാന്‍ തെറ്റായ മെഡിക്കല്‍ രേഖകളാണു കോടതിയില്‍ ഹാജരാക്കിയതെന്നുമാണു കര്‍ണാടക സര്‍ക്കാരിന്റെ സത്യവാങ്‌മൂലത്തില്‍ പറയുന്നത്‌. നാലുതവണ മഅദനി ചികിത്സയ്‌ക്കു വഴങ്ങിയില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ ആരോപിച്ചിരുന്നു. അതേസമയം തന്റെ ആരോഗ്യസ്‌ഥിതി പരിഗണിക്കാതെയാണു കര്‍ണാടക സര്‍ക്കാര്‍ ഇടപെടുന്നതെന്നു മഅദനി മറുപടി സത്യവാങ്‌മൂലത്തില്‍ ആരോപിച്ചു. ഗുരുതരമായ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന തനിക്ക്‌ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കുന്നില്ല. സുപ്രിം കോടതി ഉത്തരവനുസരിച്ചു തന്നെ 15-നു ബംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രഹസനമായിരുന്നു. ആശുപത്രിയിലെത്തിയപ്പോള്‍ ഉത്തരവാദപ്പെട്ട ഡോക്‌ടറുണ്ടായിരുന്നില്ല. രണ്ടു മണിക്കൂര്‍ ആശുപത്രിക്കു പുറത്തു കാത്തുനില്‍ക്കേണ്ടി വന്നു. തുടര്‍ന്നു മറ്റു ഡോക്‌ടര്‍മാരാണു പരിശോധിച്ചത്‌. ആരോഗ്യം വീണ്ടെടുക്കുമ്പോള്‍ പ്രോസ്‌റ്റേറ്റ്‌ ഗ്രന്ഥിയുടെ വീക്കം മാറ്റാന്‍ ശസ്‌ത്രക്രിയ നടത്തണമെന്നാണു ഡോക്‌ടര്‍മാരുടെ റിപ്പോര്‍ട്ട്‌. ഇത്‌ ആരോഗ്യനില മോശമാണെന്നതിന്റെ തെളിവാണെന്നും മഅദനി സത്യവാങ്‌മൂലത്തില്‍ പറയുന്നു. വിദഗ്‌ധ ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തില്‍ ചികിത്സിച്ച്‌ ആരോഗ്യം വീണ്ടെടുത്തശേഷമേ കണ്ണുശസ്‌ത്രക്രിയ നടത്താവൂയെന്നായിരുന്നു അഗര്‍വാള്‍ ആശുപത്രിയിലെ ഡോക്‌ടര്‍മാരുടെ റിപ്പോര്‍ട്ട്‌. എന്നാല്‍ കണ്ണുകഴുകാനായി 24-നു തന്നെ ബലമായി അഗര്‍വാള്‍ ആശുപത്രിയില്‍ കൊണ്ടുപോയി. ഇതിനെതിരേ താന്‍ ജയില്‍ ഡി.ഐ.ജിക്കു പരാതി നല്‍കി. മണിപ്പാല്‍ ആശുപത്രിയിലെ പ്രശ്‌നങ്ങളടക്കം ഇതില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചികിത്സയ്‌ക്കു താന്‍ സമ്മതിക്കുന്നില്ലെന്നു കീഴ്‌ക്കോടതികളിലും സുപ്രീം കോടതിയിലും സര്‍ക്കാര്‍ കള്ളം പറയുകയായിരുന്നുവെന്നും മദനി സത്യവാങ്‌മൂലത്തില്‍ കുറ്റപ്പെടുത്തി. പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത്‌ ഭൂഷണ്‍ മദനിക്കു വേണ്ടി ഇന്നു സുപ്രിം കോടതിയില്‍ ഹാജരാകും.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.