Home » » ബസിൽ കടത്തിയ മലയാളികളുടെ രണ്ടുകോടി പങ്കുവച്ചു;കർണാടക ഐ.ജി സംശയ നിഴലിൽ

ബസിൽ കടത്തിയ മലയാളികളുടെ രണ്ടുകോടി പങ്കുവച്ചു;കർണാടക ഐ.ജി സംശയ നിഴലിൽ

Written By Unknown on Thursday, 27 March 2014 | 19:10

ബാംഗ്ളൂർ: ബാംഗ്ളൂരിൽ നിന്ന് കോഴിക്കോട്ടേക്ക് സ്വകാര്യ ബസിൽ കടത്തിയ രണ്ടേകാൽ കോടി രൂപ പിടിച്ചെടുത്ത് പൊലീസ് ഉദ്യോഗസ്ഥർ പങ്കുവെച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ കർണാടക പൊലീസിലെ ഐ.ജി രാമചന്ദ്രറാവു സംശയത്തിന്റെ നിഴലിലായി. റെയ്ഡിൽ പങ്കെടുത്ത നാലംഗ സംഘത്തിലുണ്ടായിരുന്ന പ്രകാശ്   എന്ന പൊലീസുകാരനെ കേസന്വേഷിക്കുന്ന കർണാടക സി.ഐ.ഡി സംഘം  അറസ്റ്റ് ചെയ്​തു. പൊലീസ് ഐ.ജിയുടെ ഗൺമാനാണ് പ്രകാശ്.


റെയ്ഡും മറ്റും ഐ.ജി രാമചന്ദ്രറാവുവും ഡിവൈ.എസ്.പി ശ്രീഹരിയും അറിഞ്ഞുളള  ഓപ്പറേഷനാണെന്ന് പ്രകാശ്  മൊഴി നൽകിയതായി അറിയുന്നു. കൂടുതൽ തെളിവുകിട്ടിയാൽ മാത്രമേ ഐ.ജിക്കെതിരെ കേസെടുക്കാൻ കഴിയുകയുളളു. ഐ.ജിയെ നിരീക്ഷിക്കാനും ചോദ്യം ചെയ്യാനും സർക്കാരിന്റെ അനുമതിക്ക് സി.ഐ.ഡി അപേക്ഷ നൽകി. റെയ്ഡ് സംഘത്തിലുണ്ടായിരുന്ന മൈസൂർ സൗത്ത് എസ്.ഐ ജഗദീഷ് ഉൾപ്പെടെ  മറ്റു മൂന്ന് പേർ ഒഴിവിലാണ്.


ജനുവരി നാലിനാണ് സ്വകാര്യ ബസിൽ ബാംഗ്ളൂരിൽ നിന്ന് കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന 2.26 കോടിരൂപ പൊലീസ്  പിടിച്ചെടുത്തത്. എന്നാൽ കോടതിയിൽ ഹാജരാക്കിയത്  ഇരുപത് ലക്ഷം രൂപ മാത്രമായിരുന്നു. ഇതിനെതിരെ പണം നഷ്​ടപ്പെട്ട കോഴിക്കോട്ടെ നാല് ജുവല്ലറി ഉടമകൾ കർണാടക പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അവർ കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സഹായം അഭ്യർത്ഥിച്ചു. രമേശ് ചെന്നിത്തല കർണാടക ആഭ്യന്തരമന്ത്രി കെ.ജെ. ജോർജ്, മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുമായി ബന്ധപ്പെട്ടതോടെയാണ് അന്വേഷണം സി.ഐ.ഡിക്ക് വിട്ടത്.

 

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.