Home »
More News
» കുമ്പളയില്‍ യുവാവിനെ കൊന്ന് മണല്‍ക്കൂനയില്‍ തള്ളി
കുമ്പളയില്‍ യുവാവിനെ കൊന്ന് മണല്‍ക്കൂനയില്‍ തള്ളി
കുമ്പള (കാസര്‍ഗോഡ്): വീടുനിര്‍മാണത്തിന് ഇറക്കിയ മണല്‍ക്കൂനയില്‍ യുവാവിന്റെ മൃതദേഹം. കുമ്പള പേരാല്‍ പൊട്ടോരിയിലെ പേരാല്‍ഹൗസില്‍ മുഹമ്മദിന്റെ മകന്‍ ഷഫീഖി(27)ന്റെ മൃതദേഹമാണ് മാരകമുറിവുകളോടെ വ്യാഴാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെ കണ്ടെത്തിയത്. യുവാവിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം മണല്‍ക്കൂനയില്‍ ഒളിപ്പിച്ചതാവാമെന്നു പോലീസ് പറഞ്ഞു. സര്‍ക്കാര്‍ ഭൂരഹിതര്‍ക്കു നല്‍കിയ കോളനി സ്‌ഥലത്താണ് വീട് നിര്‍മാണം നടക്കുന്നത്.
രണ്ടാഴ്‌ച മുമ്പാണ് കോളനിവാസിയായ മുഹമ്മദ് വീട് നിര്‍മാണത്തിന് മണല്‍ ഇറക്കിയത്. കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് അടിപിടി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ഷഫീഖ്. ഷഫീഖിന്റെ പുറത്തും കൈക്കും വെട്ടേറ്റിട്ടുണ്ട്. ബുധനാഴ്‌ച വൈകിട്ട് വരെ ഷഫീഖിനെ ചിലര്‍ കണ്ടിരുന്നു. ഇതിനു ശേഷമാവാം കൊല നടന്നതെന്നു സംശയിക്കുന്നു. പുറത്ത് എവിടെയെങ്കിലും വച്ച് കൊല നടത്തിയ ശേഷം മണല്‍ക്കൂനയില്‍ ഒളിപ്പിച്ചതാകാമെന്നാണു പോലീസ് നിഗമനം.
ഇന്‍ക്വസ്‌റ്റിനു ശേഷം മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. നേരത്തെ ഗള്‍ഫിലായിരുന്ന ഷഫീഖ് രണ്ടുവര്‍ഷം മുമ്പാണു നാട്ടിലെത്തിയത്.
കാസര്‍ഗോഡ് എസ്.പി. തോംസണ്‍ ജോസ്, ഡിവൈ.എസ്.പി. ടി.പി രഞ്‌ജിത്ത്, കുമ്പള സി.ഐ. സുരേഷ് ബാബു, എസ്.ഐ. ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.