Home » » ആധാറും ബാങ്ക്‌ അക്കൗണ്‌ടും ഇല്ലാതെത്തന്നെ പാചകവാതക സിലിണ്‌ടറുകള്‍ക്കു 445 രൂപ നല്‍കിയാല്‍ മതി

ആധാറും ബാങ്ക്‌ അക്കൗണ്‌ടും ഇല്ലാതെത്തന്നെ പാചകവാതക സിലിണ്‌ടറുകള്‍ക്കു 445 രൂപ നല്‍കിയാല്‍ മതി

Written By Unknown on Saturday, 8 March 2014 | 12:16

തൃശൂര്‍: ആധാറും ബാങ്ക്‌ അക്കൗണ്‌ടും ഇല്ലാതെത്തന്നെ സബ്‌സിഡി നിരക്കില്‍ പാചകവാതക സിലിണ്‌ടറുകള്‍ നല്‍കാന്‍ പെട്രോളിയം മന്ത്രാലയം പെട്രോളിയം കമ്പനികള്‍ക്ക്‌ അടിയന്തര നിര്‍ദേശം നല്‍കി. തിങ്കളാഴ്‌ച മുതല്‍ സിലിണ്‌ടര്‍ വാങ്ങുമ്പോള്‍ വരിക്കാര്‍ 1,200 രൂപ നല്‌കേണ്‌ട, പകരം പഴയതുപോലെ 445 രൂപ നല്‍കിയാല്‍ മതി.
വരിക്കാര്‍ക്കു പഴയതുപോലെ സബ്‌സിഡി നിരക്കില്‍ സിലിണ്‌ടറുകള്‍ നല്‍കാന്‍ പെട്രോളിയം കമ്പനികള്‍ പാചകവാതക ഏജന്‍സികളോട്‌ ആവശ്യപ്പെട്ടിട്ടുണ്‌ട്‌. ഇന്നലെ വൈകുന്നേരത്തോടെയാണു പെട്രോളിയം കമ്പനികള്‍ ആധാറും ബാങ്ക്‌ അക്കൗണ്‌ടും ഇല്ലാത്ത വരിക്കാര്‍ക്കും സബ്‌സിഡിയോടെ പാചകവാതകം വിതരണം ചെയ്യണമെന്ന നിര്‍ദേശം ഏജന്‍സികള്‍ക്കു നല്‍കിയത്‌.

കംപ്യൂട്ടറിലെ സോഫ്‌റ്റ്‌വെയര്‍ സംവിധാനത്തില്‍ മാറ്റംവരുത്താന്‍ ഇന്നലെ വൈകുന്നേരം മുതല്‍ ഏജന്‍സികള്‍ തിരക്കിട്ട യത്‌നം തുടങ്ങി. പാചകവാതക വിതരണ നടപടികള്‍ ഏജന്‍സികള്‍ നിര്‍ത്തിവച്ചുകൊണ്‌ടാണു സോഫ്‌റ്റ്‌വെയറില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നത്‌.

ഞായറാഴ്‌ചകൂടി ജോലികള്‍ പൂര്‍ത്തിയാക്കിയാലേ തിങ്കളാഴ്‌ച പഴയരീതിയില്‍ പാചകവാതക വിതരണം നടത്താനാകൂ. ആധാര്‍ നിര്‍ബന്ധമാക്കാതെ എല്ലാ വരിക്കാര്‍ക്കും പാചകവാതകം ലഭ്യമാക്കുമെന്നു നേരത്തേ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഇതനുസരിച്ചാണു പഴയ രീതിയില്‍ പാചകവാതക സിലിണ്‌ടറുകള്‍ നല്‍കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. ആധാറും ബാങ്ക്‌ അക്കൗണ്‌ടും ബന്ധപ്പെടുത്തിയുള്ള പാചകവാതക വിതരണരീതി ആരംഭിച്ചതു കഴിഞ്ഞ സെപ്‌റ്റംബറിലാണ്‌. പാചകവാതകം വിതരണം ചെയ്യുമ്പോള്‍ സബ്‌സിഡി ഉള്‍പ്പെടുത്താത്ത മുഴുവന്‍ തുകയും ഏജന്‍സികള്‍ ഉപഭോക്താക്കളില്‍നിന്ന്‌ ഈടാക്കിയിരുന്നു. പണം ഏജന്‍സി അക്കൗണ്‌ടില്‍ വരവുവയ്‌ക്കുന്ന മുറയ്‌ക്കു സബ്‌സിഡി തുക ഉപയോക്താവിന്റെ ബാങ്ക്‌ അക്കൗണ്‌ടിലേക്കു ലഭ്യമാക്കുകയാണു ചെയ്‌തിരുന്നത്‌.

എന്നാല്‍, ഇനി പാചകവാതക സിലിണ്‌ടറിനു സബ്‌സിഡിയോടെയുള്ള വില നല്‍കിയാല്‍ മതിയെന്ന ഉത്തരവു രണ്‌ടു മാസം കഴിഞ്ഞാല്‍ തിരുത്താന്‍ സാധ്യതയുണെ്‌ടന്ന സൂചനയാണു പെട്രോളിയം കമ്പനികള്‍തന്നെ നല്‍കുന്നത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ പുതിയ നയം തുടരും.വ്യാജവരിക്കാരെ കണെ്‌ടത്താനാകുമെന്നതിനാലാണ്‌ ആധാറുമായി ബന്ധപ്പെടുത്തി സബ്‌സിഡി ബാങ്ക്‌ അക്കൗണ്‌ടുവഴി വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ചെയ്‌തിരുന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.