Home » » ടി.പി.ചന്ദ്രശേഖരനെക്കുറിച്ച് മറ്റൊരു പുസ്തകം പുറത്തിറങ്ങുന്നു.

ടി.പി.ചന്ദ്രശേഖരനെക്കുറിച്ച് മറ്റൊരു പുസ്തകം പുറത്തിറങ്ങുന്നു.

Written By Unknown on Thursday, 13 March 2014 | 19:24

കണ്ണൂര്‍: മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പുസ്തകത്തിനുപിന്നാലെ ടി.പി.ചന്ദ്രശേഖരനെക്കുറിച്ച് മറ്റൊരു പുസ്തകം കണ്ണൂരില്‍നിന്ന് പുറത്തിറങ്ങുന്നു. പത്രപ്രവര്‍ത്തകനായ രാധാകൃഷ്ണന്‍ പട്ടാന്നൂര്‍ രചിച്ച 'ടി.പി.ചന്ദ്രശേഖരന്‍: ജീവിതം, രാഷ്ട്രീയം, രക്തസാക്ഷിത്വം' എന്ന കൃതിയുടെ പ്രകാശനം 17ന് കണ്ണൂരില്‍ നടക്കും.

14 അധ്യായങ്ങളുള്ള പുസ്തകത്തില്‍ ടി.പി.യുടെ രാഷ്ട്രീയ-വ്യക്തിജീവിതം, കേസന്വേഷണം, കോടതിവിധി എന്നിവയാണുള്ളത്. ടി.പി.യുടെ ജീവിതത്തിലെ അവസാനദിവസം-രാവിലെ മുതല്‍ കൊല്ലപ്പെടുംവരെയുള്ള വിവരങ്ങള്‍- 'ആ കറുത്ത വെള്ളിയാഴ്ച' എന്ന അധ്യായത്തിലുണ്ട്. സി.പി.എമ്മിന്റെ കളരിയില്‍നിന്ന് പരിശീലനം നേടിയവര്‍ പിന്നീട് വാടകക്കൊലയാളികളായ സംഭവങ്ങള്‍, കൊലക്കേസ് സാക്ഷികളെ കൂറുമാറ്റി സി.പി.എമ്മുകാരായ പ്രതികളെ രക്ഷപ്പെടുത്തിയ സംഭവങ്ങള്‍, ടി.പി.യുടെ കുടുംബത്തെ സഹായിക്കാന്‍ കമ്മിറ്റിയുണ്ടാക്കിയ മുപ്പതിലേറെ പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിയ വിവരങ്ങള്‍ തുടങ്ങിയവയും പുസ്തകത്തിലുണ്ട്.

മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാറിന്റെതാണ് ആമുഖം. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, കെ.സി.ഉമേഷ്ബാബു എന്നിവരുടെ ലേഖനങ്ങളുമുണ്ട്. അന്ധമായ രാഷ്ട്രീയവിരോധത്താല്‍ തെരുവില്‍ കൊലചെയ്യപ്പെട്ടവരുടെ നിരാലംബരായ കുടുംബാംഗങ്ങള്‍ക്കാണ് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്.

17ന് വൈകിട്ട് അഞ്ചിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍നടക്കുന്ന ചടങ്ങില്‍ സാഹിത്യകാരന്‍ എന്‍.പ്രഭാകരന്‍ കഥാകാരി സിതാര എസ്സിന് നല്കി പുസ്തകം പ്രകാശനം ചെയ്യും. ആര്‍.എം.പി. നേതാവും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമ പങ്കെടുക്കും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.