Home » » ഗായത്രി മഠത്തില്‍ വെച്ച് ലൈംഗിക പീഡനത്തിനിരയായതുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി.

ഗായത്രി മഠത്തില്‍ വെച്ച് ലൈംഗിക പീഡനത്തിനിരയായതുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി.

Written By Unknown on Thursday, 13 March 2014 | 19:12

കൊച്ചി: അമൃതാനന്ദമയി മഠത്തില്‍ വിദേശ യുവതി പീഡനത്തിനിരയായതായ വെളിപ്പെടുത്തലിന്‍റ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി. ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത പൊലീസ് നടപടി കൂടി ചോദ്യം ചെയ്ത് സുപ്രീം കോടതി അഭിഭാഷകന്‍ ദീപക് പ്രകാശാണ് ഹൈകോടതിയെ സമീപിച്ചത്. കരുനാഗപ്പള്ളി പൊലീസിനും ഡി.ജി.പിക്കും കൊല്ലം പൊലീസ് കമീഷണര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
അമൃതാനന്ദമയി മഠത്തിലെ മുന്‍ അന്തേവാസിയും അമൃതാനന്ദമയിയുടെ അടുപ്പക്കാരിയുമായിരുന്ന ഗെയ്ല്‍ ട്രെഡ്വെല്‍ എന്ന ഗായത്രി മഠത്തില്‍ വെച്ച് ലൈംഗിക പീഡനത്തിനിരയായതുമായി ബന്ധപ്പെട്ട് കേസെടുക്കാത്ത നടപടിയാണ് ഹരജിയില്‍ ചോദ്യം ചെയ്തത്. ഇവരുടെ ‘വിശുദ്ധ നരകം’ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലിന്‍റ അടിസ്ഥാനത്തില്‍ മഠത്തിനും അമൃതാനന്ദമയിക്കും ബാലു എന്ന അന്തേവാസിക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹരജിക്കാരന്‍ കരുനാഗപ്പള്ളി പൊലീസിന് ഇമെയില്‍ പരാതി അയച്ചിരുന്നു. ഇത് സംബന്ധിച്ച് തെളിവ് നല്‍കിയാല്‍ കേസെടുക്കാമെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന പീഡന സംഭവം ശരിവെച്ച് അവര്‍ നല്‍കിയ കത്ത് പൊലീസിന് കൈമാറി. ഡി.ജി.പിക്കും കമീഷണര്‍ക്കും കത്തും പരാതിയും അയച്ചുകൊടുത്തു. എന്നാല്‍, ഇതുവരെ കേസെടുക്കാന്‍ പൊലീസ് തയാറായില്ല. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഈ നടപടിയെന്ന് ഹരജിയില്‍ ആരോപിക്കുന്നു.
കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെട്ടാല്‍ പ്രാഥമികാന്വേഷണം പോലും നടത്താതെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന ചട്ടം പാലിക്കപ്പെട്ടിട്ടില്ല. വര്‍ഷങ്ങളോളം ശാരീരിക, മാനസിക പീഡനത്തിനിരയായ സ്ത്രീയുടെ പരാതി കേള്‍ക്കാതെ കേസെടുക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ മൗനം പാലിക്കുന്നത് ക്രമസമാധാന തകര്‍ച്ചക്കും നിയമവിരുദ്ധ പ്രവര്‍ത്തനത്തിനും കൂട്ടുനില്‍ക്കുന്ന നടപടിയാണ്. ഈ സാഹചര്യത്തില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്തത് സംബന്ധിച്ച് നടപടി വേണമെന്നും പരാതിയിലെ ആരോപണങ്ങള്‍ സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.