Home » » ധനപാലനെ വെട്ടി കോണ്‍ഗ്രസിന്‍റ ചാലക്കുടി ലോക്സഭാ സീറ്റ് പി.സി. ചാക്കോ കൈയടക്കി.

ധനപാലനെ വെട്ടി കോണ്‍ഗ്രസിന്‍റ ചാലക്കുടി ലോക്സഭാ സീറ്റ് പി.സി. ചാക്കോ കൈയടക്കി.

Written By Unknown on Thursday, 13 March 2014 | 19:03

ന്യൂഡല്‍ഹി: സിറ്റിങ് എം.പി കെ.പി. ധനപാലനെ വെട്ടി കോണ്‍ഗ്രസിന്‍റ ചാലക്കുടി ലോക്സഭാ സീറ്റ് പി.സി. ചാക്കോ കൈയടക്കി. പകരം ചാക്കോ പ്രതിനിധാനംചെയ്യുന്ന തൃശൂര്‍ സീറ്റ് കെ.പി. ധനപാലന് വെച്ചുമാറി. മണ്ഡലം മാറുന്നതില്‍ അതൃപ്തിയുള്ള ധനപാലനെ ഡല്‍ഹിക്ക് വിളിപ്പിച്ച് മണ്ഡലം പരസ്പരം വെച്ചുമാറുന്നതിന് സമ്മതിപ്പിക്കുകയാണുണ്ടായത്. ഇതോടെ കോണ്‍ഗ്രസിന്‍റ 15 സീറ്റിലേക്കുമുള്ള അന്തിമ സ്ഥാനാര്‍ഥിപ്പട്ടികയായി.
തൃശൂരില്‍ പി.സി. ചാക്കോ തോല്‍വി മണക്കുന്ന സാഹചര്യത്തിലാണ് മണ്ഡലം പരസ്പരം മാറുന്നതിനുള്ള ഫോര്‍മുല ഉണ്ടാക്കിയത്. പി.സി. ചാക്കോയുമായി തൃശൂരിലെ വലിയൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉടക്കിലാണ്. തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന അരമനയും എതിര്. ഇത്തരമൊരു പശ്ചാത്തലത്തില്‍ തൃശൂരില്‍ മത്സരിക്കാനില്ളെന്ന് ചാക്കോ കഴിഞ്ഞദിവസം കോണ്‍ഗ്രസ് ഹൈകമാന്‍ഡിനെ അറിയിച്ചു. ഇതേതുടര്‍ന്നാണ് മണ്ഡലം മാറി മത്സരിക്കുന്നതിന് ധനപാലനെ ഡല്‍ഹിക്ക് വിളിപ്പിച്ചത്. ചാക്കോയുമായി ഉടക്കിനില്‍ക്കുന്ന മന്ത്രി സി.എന്‍. ബാലകൃഷ്ണനെയും ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു.
രണ്ട് സിറ്റിങ് സീറ്റും നഷ്ടപ്പെടാതിരിക്കാനെന്ന വിശദീകരണത്തോടെയാണ് ധനപാലന് തൃശൂര്‍ സീറ്റ് നല്‍കാന്‍ തീരുമാനിച്ചത്. ഡല്‍ഹി ചര്‍ച്ചകളിലെ നിര്‍ദേശം അനുസരിക്കുകയല്ലാതെ ധനപാലന് വഴിയുണ്ടായിരുന്നില്ല. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ചാലക്കുടി മിക്കവാറും സുരക്ഷിത മണ്ഡലമാണ്. എന്നാല്‍, മുന്‍ തെരഞ്ഞെടുപ്പുകളില്‍ തൃശൂരില്‍ ജയപരാജയങ്ങള്‍ മാറിമറിഞ്ഞിട്ടുണ്ട്. അതേസമയം, നാലുമണിക്കൂര്‍ നീണ്ട ഒത്തുതീര്‍പ്പു ചര്‍ച്ചകളാണ് ചാലക്കുടി, തൃശൂര്‍ സ്ഥാനാര്‍ഥിത്വം പരസ്പരം വെച്ചുമാറുന്ന കാര്യത്തില്‍ ഡല്‍ഹിയില്‍ നടന്നത്. വ്യാഴാഴ്ച രാവിലെ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളില്‍ പി.സി. ചാക്കോക്ക് പറയാനുള്ളത് മുതിര്‍ന്ന നേതാക്കള്‍ കേട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസിന്‍െറ കേന്ദ്ര തെരഞ്ഞെടുപ്പു സമിതി യോഗം വ്യാഴാഴ്ച വിളിച്ചിരുന്നു. ഈ യോഗത്തില്‍ കേരളത്തിലെ 13 കോണ്‍ഗ്രസ് സീറ്റുകളുടെ കാര്യത്തിലും തീര്‍പ്പായി.
തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളുടെ കാര്യത്തില്‍ ഹൈകമാന്‍ഡ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കൂടിയാലോചന വേണമെന്ന് യോഗത്തില്‍ പങ്കെടുത്ത കേരളനേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ അറിയിച്ചു.
തുടര്‍ന്ന് എ.കെ. ആന്‍റണി, കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയ സമിതി ചെയര്‍മാന്‍ ഗുലാംനബി ആസാദ്, കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് എന്നിവരുടെ സാന്നിധ്യത്തില്‍ കെ.പി. ധനപാലന്‍, സി.എന്‍. ബാലകൃഷ്ണന്‍ എന്നിവരുമായി ദീര്‍ഘനേരം നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് സി.എന്‍. ബാലകൃഷ്ണന്‍ വാക്കുനല്‍കി.
തിരുവനന്തപുരം: ശശി തരൂര്‍, ആറ്റിങ്ങല്‍: ബിന്ദു കൃഷ്ണ, പത്തനംതിട്ട: ആന്‍റാ ആന്‍റണി, മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ്, ആലപ്പുഴ: കെ.സി. വേണുഗോപാല്‍, ഇടുക്കി: ഡീന്‍ കുര്യാക്കോസ്, എറണാകുളം: കെ.വി. തോമസ്, ചാലക്കുടി: പി.സി. ചാക്കോ, തൃശൂര്‍: കെ.പി. ധനപാലന്‍, ആലത്തൂര്‍: കെ.എ. ഷീബ, കോഴിക്കോട്: എം.കെ. രാഘവന്‍, വയനാട്: എം.ഐ. ഷാനവാസ്, വടകര: മുല്ലപ്പള്ളി രാമചന്ദ്രന്‍, കണ്ണൂര്‍: കെ. സുധാകരന്‍, കാസര്‍കോട്: ടി. സിദ്ദീഖ് (എല്ലാവരും കോണ്‍ഗ്രസ്), മലപ്പുറം: ഇ. അഹമ്മദ് (മുസ്ലിംലീഗ്) പൊന്നാനി: ഇ.ടി. മുഹമ്മദ് ബഷീര്‍ (മുസ്ലിംലീഗ് )പാലക്കാട്: എം.പി. വീരേന്ദ്രകുമാര്‍ (ജനതാദള്‍-എസ്)കോട്ടയം: ജോസ് കെ. മാണി (കേരളാ കോണ്‍ഗ്രസ്) കൊല്ലം: എന്‍.കെ. പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി) എന്നിവരാണ് ഐക്യമുന്നണി സ്ഥാനാര്‍ഥികള്‍

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.