Home » » വനിതാ ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ ജോലിയില്‍ തിരിച്ചെടുക്കാന്‍ തീരുമാനമായി.

വനിതാ ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ ജോലിയില്‍ തിരിച്ചെടുക്കാന്‍ തീരുമാനമായി.

Written By Unknown on Thursday, 13 March 2014 | 18:55

കൊച്ചി: യൂണിഫോം പരിഷ്‌കരണത്തിനെതിരെയുള്ള പോലീസ് നടപടിയുടെ ഭാഗമായി പിരിച്ചുവിടപ്പെട്ട വനിതാ ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ ജോലിയില്‍ തിരിച്ചെടുക്കാന്‍ തീരുമാനമായി. പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട നടപടികളെടുക്കാന്‍ ഐ.ജി എം.ആര്‍. അജിത് കുമാറിനോട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മെട്രോ നിര്‍മാണ ത്തിന്റെ റിക്രൂട്ടിങ് ഏജന്‍സിയായ ബ്രൈറ്റ് ഏജന്‍സിയോട് പുതിയ പട്ടികയില്‍ പത്മിനിയുടെ പേരുള്‍പ്പെടുത്താന്‍ ഐ.ജി. നിര്‍ദേശിച്ചത്. മാനുഷിക പരിഗണന നല്‍കിയാണ് ഇവരെ ജോലിയില്‍ തിരിച്ചെടുക്കാന്‍ നിര്‍ദേശിച്ചതെന്നും നിയമനം നടത്തുക റിക്രൂട്ടിങ് ഏജന്‍സിയാണെന്നും ഐ.ജി. വ്യക്തമാക്കി. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ പത്മിനി ട്രാഫിക് സ്റ്റേഷന് മുന്നില്‍ നിരാഹാരം ആരംഭിച്ചതോടെ മനുഷ്യാവകാശ കമ്മീഷനും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. ജോലിക്ക് തിരിച്ച് കയറാനുള്ള ഉത്തരവ് ലഭിച്ചതോടെ നിരാഹാരം അവസാനിപ്പിക്കുകയാണെന്നും വെള്ളിയാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കുമെന്നും പത്മിനി പറഞ്ഞു.

കാരണം കൂടാതെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത് ഗൂഢാലോചനയാണെന്ന് ആരോപിച്ച് ഇടപ്പള്ളി ട്രാഫിക് പോലീസ് ഓഫീസിന് മുന്നിലും പിന്നീട് കമ്മീഷണര്‍ ഓഫീസിന് മുന്നിലും പത്മിനി ബുധനാഴ്ച മുതല്‍ നിരാഹാരം നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ പത്മിനി ഡ്യൂട്ടിക്കായി ഇടപ്പള്ളിയില്‍ എത്തിയപ്പോഴാണ് ഇനി ജോലിക്കുവരേണ്ടെന്ന അറിയിപ്പ് കിട്ടിയത്. ട്രാഫിക് വാര്‍ഡന്‍മാരെ നിയോഗിക്കുന്ന ബ്രൈറ്റ് ഏജന്‍സി നല്‍കിയ പുതിയ പട്ടികയില്‍ പത്മിനിയുടെ പേരില്ലെന്നായിരുന്നു പോലീസിന്റെ വിശദീകരണം.

തനിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ പോലീസ് ശ്രമിച്ചതായി ഉന്നത ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞതാണ് തന്നെ ജോലിയില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമെന്ന് പത്മിനി ആരോപിച്ചിരുന്നു. ട്രാഫിക് സി.ഐ.യുടെ അറിവോടെയാണ് തന്റെ പേര് ഏജന്‍സിയുടെ ലിസ്റ്റില്‍ നിന്നു നീക്കിയതെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ നവംബര്‍ രണ്ടിനാണ് കടവന്ത്രയില്‍ ട്രാഫിക് ഡ്യൂട്ടിക്കിടെ പത്മിനി ആക്രമിക്കപ്പെട്ടത്. ട്രാഫിക് നിയമം തെറ്റിച്ചതായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കാര്‍ യാത്രികനായ വിനോഷ് വര്‍ഗീസ് പത്മിനിയെ മര്‍ദിച്ചതായും യൂണിഫോം വലിച്ചുകീറിയതായുമാണ് കേസ്. എന്നാല്‍ എറണാകുളം സിറ്റി പോലീസ് പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. തുടര്‍ന്ന് വനിതാ സംഘടനകളുടേയും മറ്റും ശക്തമായ പ്രതിഷേധമുണ്ടായി. ഒടുവില്‍ വിനോഷ് കീഴടങ്ങിയിരുന്നു. സംഭവത്തില്‍ എ.ഡി.ജി.പി. സന്ധ്യ അന്വേഷണം തുടരുമ്പോഴാണ് പത്മിനിയുടെ പിരിച്ചുവിടല്‍ നടന്നത്.

വെള്ള യൂണിഫോമിനു പകരം നീല യൂണിഫോമാക്കിയതില്‍ പ്രതിഷേധിച്ച് ട്രാഫിക് വാര്‍ഡന്‍മാരുടെ സംഘടന കഴിഞ്ഞ ദിവസം നടത്തിയ സമരത്തെ പത്മിനിയും അനുകൂലിച്ചിരുന്നു. പിരിച്ചുവിടലിന് കാരണമിതാണെന്നാണ് പോലീസ് ധരിപ്പിച്ചത്. എന്നാല്‍ സമരത്തിന് നേതൃത്വം നല്‍കിയവര്‍ പോലും ഡ്യൂട്ടി ലിസ്റ്റില്‍ ഉള്‍പ്പെടുന്നുണ്ടെന്നും തന്നെ മാത്രമാണ് ഒഴിവാക്കിയതെന്നും പത്മിനി പറഞ്ഞു. പത്മിനിക്ക് പിന്തുണയുമായി വ്യാഴാഴ്ച ഡിവൈഎഫ്‌ഐയും ആം ആദ്മിയും സ്ത്രീ സുരക്ഷാ സമിതിയും രംഗത്തെത്തിയിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.