സുല്‍ത്താന്‍ ബത്തേരി : ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വനം കത്തി
നശിച്ച സംഭവത്തില്‍ പോലീസും വനം വകുപ്പും ഏഴു കേസുകള്‍ രജിസ്റ്റര്‍
ചെയ്‌തു. തിരുനെല്ലി, മാനന്തവാടി, ബത്തേരി പോലീസ് സ്റ്റേഷനുകളിലാണ്
കേസെടുത്തത്. ബേഗൂര്‍ റേയ്‌ഞ്ച് ഓഫീസര്‍, തോല്‍പ്പെട്ടി അസിസ്റ്റന്റ്
വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, മാനന്തവാടി റേഞ്ചര്‍, മുത്തങ്ങ അസിസ്റ്റന്റ്
വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരാണ് വനംവകുപ്പിനുവേണ്‌ടി കേസുകള്‍
എടുത്തിരിക്കുന്നത്.
രണ്‌ടു ദിവസമായി തുടര്‍ന്ന കാട്ടുതീയില്‍ ഏക്കര്‍ കണക്കിന് വനമാണ്
കത്തിനശിച്ചത്. ഉണങ്ങിയ മരങ്ങള്‍, മുളങ്കൂട്ടങ്ങള്‍, അടിക്കാടുകള്‍,
പുല്ല് എന്നിവ കത്തി നശിച്ചവയില്‍പ്പെടും. കരുതികൂട്ടി തീയിട്ടതാണെന്നാണ്
വനം വകുപ്പിന്റെ പ്രഥമിക നിഗമനം. ഫയര്‍ ഫോഴ്‌സും വനം വകുപ്പ്
ഉദ്യോഗസ്ഥരും വാച്ചര്‍മാരും ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്.
അസ്വാഭാവികമായ തീപിടിത്തത്തിന് പിന്നില്‍ ഗൂഢാലോചന
നടന്നിട്ടുണേ്‌ടായെന്നാണ് പോലീസും വനംവകുപ്പും അന്വേഷിക്കുക. തീ പിടിച്ച
പ്രദേശങ്ങള്‍ ജിപിഎസ് സംവിധാനമുപയോഗിച്ച് പരിശോധിച്ചാണ് അന്വേഷണം
നടത്തുന്നത്. വിവിധ സംഭവത്തെ ചൊല്ലി വനംവകുപ്പിനെതിരെ നിലവിലുള്ള
എതിര്‍പ്പുകള്‍ തീയിടാന്‍ കാരണമായോ എന്നും പരിശോധിക്കും.
സാമൂഹിക വിരുദ്ധര്‍ ചില പ്രത്യേക ലക്ഷ്യങ്ങള്‍ക്കുവേണ്‌ടി
തീയിടുന്നതിലൂടെയും അശ്രദ്ധമായി കളയുന്ന സിഗരറ്റ് കുറ്റികളിലൂടെയും
മറ്റുമാണ് സാധാരണയായി കാട്ടുതീയുണ്‌ടാകുന്നത്. മുളങ്കാടുകള്‍ കൂട്ടിയുരസി
തീപിടിക്കാനുള്ള സാധ്യത വെറും അഞ്ചു ശതമാനമാത്രമാണെന്ന് വനംവകുപ്പു
ഉദ്യോഗസ്ഥര്‍ പറയുന്നു.
മുത്തങ്ങ, ബത്തേരി റേയ്‌ഞ്ചുകളിലെ കാടുകളാണ് കത്തി നശിച്ചത്. മുത്തങ്ങ
റേഞ്ചിലെ തോട്ടമൂല സെക്ഷനില്‍ കുമിഴി വനം, പൊന്‍കുഴി എന്നിവിടങ്ങളിലാണ്
കാട്ടുതീ പടര്‍ന്നത്. ബത്തേരി റേയ്‌ഞ്ചിലെ തകരപ്പാടി, ഒട്ടിപ്പ വനങ്ങളിലും
തീ പടര്‍ന്നു പിടിച്ചിരുന്നു. താത്‌കാലികമായി തീ അണച്ചെങ്കിലും
ഉള്‍ക്കാടുകളിലേക്ക് പടര്‍ന്നു തുടങ്ങിയിട്ടുണ്‌ട്. തീ പടരാതിരിക്കാന്‍
വനം വകുപ്പ് കരുതല്‍ നടപടി ആരംഭിച്ചിട്ടുണ്‌ട്. വാച്ചര്‍മാര്‍ കാവല്‍
നില്‍ക്കുന്നുമുണ്‌ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും വലിയ
തീപിടുത്തമാണ് ഉണ്‌ടായത്. കനത്ത ചൂടിന്റെ ആധിക്യത്താല്‍ മുളങ്കൂട്ടങ്ങളും
ഉള്‍ക്കാടുകളും ഉണങ്ങി നിന്നത് തീ ആളിപ്പടരാന്‍ കാരണമായി.
കത്തി നശിച്ച വനങ്ങള്‍ സാധാരണ നിലയില്‍ ആകണമെങ്കില്‍ വര്‍ഷങ്ങള്‍ എടുക്കും.
ഈ ഭാഗത്തു കൂടിയുള്ള മൃഗങ്ങളുടെ സഞ്ചാരവും നിലച്ചു. കാട്ടു തീ മൂലം
മൃഗങ്ങള്‍ക്ക് ഭീഷണി ഉണ്‌ടായിട്ടില്ലെന്നാണ് വനം വകുപ്പിന്റെ നിഗമനം.
എന്നാല്‍ തീ മൃഗങ്ങളെയും കാര്യമായി ബാധിച്ചുവെന്നാണ് കരുതുന്നത്. 13
ഫയര്‍ യൂണിറ്റുകള്‍ 14 മണിക്കൂര്‍ വെള്ളം പമ്പ് ചെയ്‌താണ് തീ നിയന്ത്രണ
വിധേയമാക്കിയത്.
പല റേഞ്ചുകളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്ത സാഹചര്യത്തില്‍ ഒരു
ദിവസംതന്നെ വിവിധ സ്ഥലങ്ങളില്‍ തീ പടര്‍ന്നതാണ് ഇത്രയും നഷ്ടം
വനംവകുപ്പിനുണ്‌ടായിരിക്കുന്നത്. അതോടൊപ്പം തീ അണയ്‌ക്കാന്‍ ജില്ലയിലെ
മുഴുവന്‍ ഫയര്‍ഫോഴ്‌സ് യൂനിറ്റുകളുടെ സഹായം തേടിയിട്ടും തികയാതെ വരികയും
ചെയ്‌തു. ഒരേസമയത്തുണ്‌ടായ തീയണക്കാന്‍ മതിയായ വെള്ളം പോലും ലഭിക്കാതെ
ഫയര്‍ഫോഴ്‌സും വട്ടംകറങ്ങി.