Home » » കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള സംഭവവികാസങ്ങള്‍ കേരള കോണ്‍ഗ്രസിനെ പൊട്ടിത്തെറിയിലേക്ക്

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള സംഭവവികാസങ്ങള്‍ കേരള കോണ്‍ഗ്രസിനെ പൊട്ടിത്തെറിയിലേക്ക്

Written By Unknown on Wednesday, 5 March 2014 | 15:46

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള സംഭവവികാസങ്ങള്‍ കേരള കോണ്‍ഗ്രസിനെ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നു. പി.ജെ. ജോസഫും അദ്ദേഹത്തോടൊപ്പമുള്ളവരുമാണ് ഇക്കാര്യത്തില്‍ കടുത്ത നിലപാട് സ്വീകരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയരുന്ന എതിര്‍പ്പ് കെ.എം. മാണിയെയും വിഷമവൃത്തത്തിലാക്കി. 

മന്ത്രിസ്ഥാനമടക്കം രാജിവെയ്ക്കണമെന്ന നിലപാടാണ് ജോസഫ് ഗ്രൂപ്പ് സ്വീകരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇറങ്ങിയ ഓഫീസ് മെമ്മോറാണ്ടത്തിന്റെ തുടര്‍ച്ചയായി വിജ്ഞാപനം ഇറങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിനാല്‍ അതുവരെ കാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് വിജ്ഞാപനം വരുന്നതുവരെ കാക്കാമെന്ന നിലപാടിലേക്ക് ജോസഫ് ഗ്രൂപ്പ് എത്തി. 


ബുധനാഴ്ച മന്ത്രിസഭാ യോഗത്തില്‍ നിന്ന് പി.ജെ. ജോസഫ് വിട്ടുനിന്നു. പ്രതിഷേധം കൊണ്ടാണ് മന്ത്രിസഭായോഗത്തിന് എത്താഞ്ഞതെന്ന് പറഞ്ഞ അദ്ദേഹം ജോസഫ് വിഭാഗം നേതാക്കളുടെ ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ കെ.എം. മാണി മന്ത്രിസഭായോഗത്തിനെത്തി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഓഫീസ് മെമ്മോറാണ്ടം പോരെന്നും വിജ്ഞാപനം തന്നെ വേണമെന്നും അദ്ദേഹം മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് ആവശ്യപ്പെടുകയും ചെയ്തു. 


തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് വിജ്ഞാപനം ഇറക്കിയില്ലെങ്കില്‍ ചീഫ് വിപ്പ് സ്ഥാനം രാജിവെയ്ക്കുമെന്ന് പറഞ്ഞ പി.സി. ജോര്‍ജ് ബുധനാഴ്ച നിലപാട് തിരുത്തി. രാജിസന്നദ്ധത കെ.എം. മാണിയെ അറിയിച്ചെന്ന് പറഞ്ഞ ജോര്‍ജ് താന്‍ ഒറ്റയ്ക്ക് രാജി വെയ്ക്കുന്നത് പാര്‍ട്ടിയിലെ മറ്റ് എം.എല്‍.എമാരെ ചെറുതാക്കുമെന്ന ന്യായവും കണ്ടെത്തി. 


ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായി കേരള കോണ്‍ഗ്രസ് ഉന്നതാധികാരസമിതി വ്യാഴാഴ്ച കോട്ടയത്ത് യോഗം ചേരും. ബുധനാഴ്ച തിരുവനന്തപുരത്തായിരുന്നു യോഗം നിശ്ചയിച്ചതെങ്കിലും കെ.എം. മാണിയുടെ സഹോദരിയുടെ മരണത്തെ തുടര്‍ന്ന് അത് കോട്ടയത്തേക്ക് മാറ്റുകയായിരുന്നു. 


ജോസഫ് ഗ്രൂപ്പിനെ സംബന്ധിച്ച് ഇത് കസ്തൂരിരംഗന്‍ പ്രശ്‌നം മാത്രമല്ല. ഇടുക്കി സീറ്റുമായി കൂടിക്കുഴഞ്ഞ് കിടക്കുകയാണ് അവരുന്നയിക്കുന്ന തര്‍ക്കം. ഫ്രാന്‍സിസ് ജോര്‍ജിനായി സീറ്റ് നേടാനുള്ള സമ്മര്‍ദ്ദംകൂടിയാണ് അവര്‍ ചെലുത്തുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ലൈനിനൊപ്പമല്ല താനെന്ന സൂചന നല്‍കാനാണ് പി.ജെ. ജോസഫ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന് ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്തത്. ഇതേസമയം കോട്ടയത്ത് ജോസ് കെ. മാണി മത്സരിക്കുന്നതിനാല്‍ കെ.എം. മാണിക്ക് കടുത്ത നിലപാടിലേക്ക് പോകാന്‍ ബുദ്ധിമുട്ടാണ്.

ഹൈറേഞ്ച് സംരക്ഷണസമിതി ഇടുക്കിയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വാഭാവികമായും ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കാനുള്ള താത്പര്യത്തിലാണ് സമിതി തിരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നത്. ഇടതുമുന്നണിയാകട്ടെ ഈ സീറ്റിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാതെ കാര്യങ്ങളുടെ പുരോഗതി വിലയിരുത്തുകയാണ്. ഫ്രാന്‍സിസ് ജോര്‍ജ് അവിടെ സ്ഥാനാര്‍ഥിയായാല്‍ ഇടതുമുന്നണി പിന്തുണയ്ക്കാനാണ് സാധ്യത. അങ്ങനെവന്നാല്‍ ജോസഫ് ഗ്രൂപ്പില്‍ നിന്ന് ആരൊക്കെ മറുകണ്ടം ചാടുമെന്ന് പറയാനാകില്ല. പി.ജെ. ജോസഫിനെ കൂടാതെ മോന്‍സ് ജോസഫ്, ടി.യു. കുരുവിള എന്നീ എം.എല്‍.എമാരാണ് ജോസഫ് ഗ്രൂപ്പിലുള്ളത്. അവരില്‍ എത്രപേര്‍ പാര്‍ട്ടി വിട്ട് പോകുമെന്ന് കണ്ടറിയണം. 


ഈ സാഹചര്യത്തില്‍ വ്യാഴാഴ്ചത്തെ കേരള കോണ്‍ഗ്രസ് ഉന്നതാധികാരസമിതിയോഗം നിര്‍ണായകമാണ്. കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം വരുന്നതുവരെ കടുത്ത നിലപാടിലേക്ക് പോകരുതെന്ന മാണിയുടെ അന്ത്യശാസനത്തിന് നേതാക്കളെ പിടിച്ചുനിര്‍ത്താന്‍ കഴിയുമോയെന്നാണറിയാനുള്ളത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.