മലപ്പുറം: ചങ്ങരംകുളം പോലീസ് സ്‌റ്റേഷനില്‍ ഹനീഷയെന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സംശയനിഴലിലായ പോലീസിനെ കുരുക്കി പോലീസ് കംപ്ലയിന്റ് അഥോറിട്ടി ചെയര്‍മാന്റെ ശിപാര്‍ശ.
മൂന്നു മാസത്തിനിടെ സ്‌റ്റേഷനില്‍ നടന്ന രണ്ടു കസ്‌റ്റഡി മരണങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നു അഥോറിട്ടി ചെയര്‍മാന്‍ മുരളീധരന്‍ ആഭ്യന്തരവകുപ്പിനു ശിപാര്‍ശ ചെയ്‌തു. മൂന്നു മാസംമുമ്പ് ഇതേ സ്‌റ്റേഷനില്‍ കസ്‌റ്റഡിയിലിരിക്കെ കുറ്റിപ്പാല സ്വദേശി മോഹനന്‍ മരിച്ച സംഭവവും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണ് ശിപാര്‍ശ. കഴിഞ്ഞ ദിവസം സ്‌റ്റേഷനിലെത്തി കേസ് സംബന്ധിച്ച് അന്വേഷണം നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
യുവതിയുടെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട് എസ്.ഐ. ഉള്‍പ്പെടെ ആറു പേരെ സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നപക്ഷം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസിന്റെ തുടക്കം മുതലുള്ള രേഖകള്‍ ക്രൈംബ്രാഞ്ചിനു കൈമാറേണ്ടിവരും. മകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും ഉത്തരവാദികളായ പോലീസ് ഉദാ്യേഗസ്‌ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, ഡി.ജി.പി. എന്നിവര്‍ക്ക് ഹനീഷയുടെ മാതാവ് പരാതി നല്‍കി.
അതേസമയം ഞായറാഴ്‌ച രാത്രി യൂണിഫോം ധരിച്ച് ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ പോകുകയായിരുന്ന ചങ്ങരംകുളം സ്‌റ്റേഷനിലെ പോലീസുകാരന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ആളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി വി. ശശികുമാര്‍ അന്വേഷണം ആരംഭിച്ചു. തിരൂര്‍ ഡിവൈ.എസ്.പി: സി. ഹസൈനാര്‍ നടത്തിയ അന്വേഷണത്തില്‍ ഗ്രേഡ് എസ്.ഐ. ചന്ദ്രശേഖരന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗിരീഷ്, സാബു എന്നിവര്‍ കുറ്റക്കാരാണെന്നു കണ്ടെത്തി.
പരുക്കേറ്റു ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിലുള്ള പെരുമുക്ക് സ്വദേശി ഷാനവാസിന്റെ മൊഴി ആശുപത്രിയിലെത്തി ഡിവൈ.എസ്.പി. രേഖപ്പെടുത്തി. ഗ്രേഡ് എസ്.ഐയെയും പോലീസുകാരെയും സ്‌ഥലംമാറ്റാന്‍ എസ്.പിക്കു ശിപാര്‍ശ ചെയ്‌തതായി തിരൂര്‍ ഡിവൈ.എസ്.പി. പറഞ്ഞു.

.jpg)






