തിരുവനന്തപുരം: സംസ്‌ഥാന പോലീസ് ആസ്‌ഥാനത്ത് കമ്പ്യൂട്ടര്‍ വാങ്ങിയതില്‍ കോടികളുടെ ക്രമക്കേട്. ഇതിന്റെ അടിസ്‌ഥാനത്തില്‍ ഇരുപതോളം ഉന്നത ഉദ്യോഗസ്‌ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി നിവേദിത പി.ഹരന്‍ പോലീസ് മേധാവിക്കു നിര്‍ദേശം നല്‍കി. ആഭ്യന്തര അഡി. സെക്രട്ടറിയുടെ നിര്‍ദേശം ലഭിച്ചതായും നിജസ്‌ഥിതി കണ്ടെത്തി പോലീസ് ആസ്‌ഥാനത്ത് ശുദ്ധികലശം നടത്തുമെന്നും ഡി.ജി.പി: കെ.എസ്. ബാലസുബ്രഹ്‌മണ്യം പറഞ്ഞു.
പോലീസ് ആസ്‌ഥാനത്ത് ടെന്‍ഡര്‍ വ്യവസ്‌ഥകള്‍ ലംഘിച്ചു കോടിക്കണക്കിന് രൂപയുടെ കമ്പ്യൂട്ടറുകള്‍ വാങ്ങിയെന്നും ഇതില്‍ അഴിമതി നടന്നുവെന്നും കാട്ടി പ്രമുഖ കമ്പ്യൂട്ടര്‍ വ്യാപാര സ്‌ഥാപനമായ ക്യൂബ് ഐ.ടി സൊല്യൂഷന്‍ സര്‍ക്കാരിനു നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ ധനവകുപ്പിന്റെ ഇന്‍സ്‌പെക്‌ഷന്‍ വിംഗ് നടത്തിയ അന്വേഷണത്തിനൊടുവിലാണു തട്ടിപ്പു പുറത്തുവന്നത്. കമ്പ്യൂട്ടര്‍ ഇടപാടിലെ അഴിമതി തടയാന്‍ ശ്രമിച്ച ഐ.ജി. മനോജ് ഏബ്രഹാമിനെ പോലീസ് ആസ്‌ഥാനത്തുനിന്നു സ്‌ഥലംമാറ്റിയതിനു പിന്നില്‍ ഈ തട്ടിപ്പു ലോബി പ്രവര്‍ത്തിച്ചതായാണ് ആക്ഷേപം.
സ്‌റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ പ്രകാരമാണ് സര്‍ക്കാര്‍ ഇടപാടുകള്‍ നടത്തേണ്ടത്. അഞ്ചുലക്ഷം രൂപയ്‌ക്കുമുകളിലുള്ള എല്ലാ പര്‍ച്ചേസുകളും ഇ-ടെന്‍ഡറിംഗ് വഴിയാണ് നടപ്പാക്കുന്നത്. ഇടപാടിലെ സുതാര്യത ഉറപ്പാക്കാന്‍ കൊണ്ടുവന്ന ഈ സംവിധാനം ഒഴിവാക്കിയാണ് പോലീസ് ആസ്‌ഥാനത്തുതന്നെ വന്‍തട്ടിപ്പ് അരങ്ങേറിയത്.
പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയുടെ കമ്പ്യൂട്ടറുകളാണ് പോലീസ് ആസ്‌ഥാനത്ത് വാങ്ങുന്നത്. ഇങ്ങനെ വാങ്ങുന്ന കമ്പ്യൂട്ടറുകള്‍ പലതും സ്‌റ്റേഷനുകളില്‍ പൊടിപിടിച്ചു കിടക്കുന്നു. കോടിക്കണക്കിന് രൂപയുടെ അഴിമതി കണ്ടെത്തിയ സാഹചര്യത്തില്‍ പോലീസ് ആസ്‌ഥാനത്തെ കുപ്രസിദ്ധ സെക്ഷന്‍ എന്ന പേരുകേട്ട എച്ച് വിഭാഗത്തിലെ എല്ലാ ഉദ്യോഗസ്‌ഥരെയും തല്‍സ്‌ഥാനത്തുനിന്നു നീക്കണമെന്ന് ആഭ്യന്തരസെക്രട്ടറി ഡി.ജി.പിക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. മാത്രമല്ല, പോലീസ് ആസ്‌ഥാനത്ത് ഒരു സീറ്റില്‍ മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ ഇരുന്നവരെയെല്ലാം മറ്റു സെക്ഷനുകളിലേക്കു മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്.
ഭാവിയിലുള്ള എല്ലാ പര്‍ച്ചേസുകളും ഐ.ടി. മിഷന്റെയും നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിന്റെയും സഹായത്തോടും കൂടി ഇ-ടെന്‍ഡറിലൂടെ നടപ്പാക്കണം. ഇതുകൂടാതെ വകുപ്പുതല പര്‍ച്ചേസ് കമ്മിറ്റി രൂപീകരിക്കണം. ഇതില്‍ ധനവകുപ്പിന്റെയും സ്‌റ്റോര്‍ പര്‍ച്ചേസ് വകുപ്പിന്റെയും പ്രതിനിധികളുണ്ടായിരിക്കണം. സ്‌റ്റോര്‍ പര്‍ച്ചേസ് മാനുവലും അനുബന്ധ നിയമങ്ങളും അനുസരിച്ചായിരിക്കണം ഇനി ഇടപാടുകള്‍ നടത്തേണ്ടത്. ഇതുറപ്പാക്കാനായി പോലീസ് ആസ്‌ഥാനത്ത് ഫിനാന്‍സ് ഓഫീസറുടെ അഭിപ്രായം ഉറപ്പായും ഇത്തരംകാര്യങ്ങളില്‍ തേടണമെന്നും അഡി. ചീഫ് സെക്രട്ടറി പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.








