കണ്ണൂര്‍ : എട്ടു പതിറ്റാണ്ടു പിന്നിട്ട ജീവിത സമരങ്ങളുടെ ഓര്‍മപ്പെടുത്തലുകള്‍ അക്ഷരങ്ങളില്‍ കോറിയിടാനൊരുങ്ങുകയാണ് വി.എസ്. ഇന്ത്യന്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ ചരിത്രവും വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന കറകളഞ്ഞ കമ്യൂണിസ്‌റ്റു നേതാവിന്റെ ജീവിതവും ആത്മകഥയില്‍ ഇഴചേരുന്നു.
പുസ്‌തക രചനയ്‌ക്കായി പഴയകാല രേഖകളും കുറിപ്പുകളും വി.എസ്. ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. പിന്നീടായിരിക്കും എഴുത്തു തുടങ്ങുക. പ്രതിപക്ഷ നേതാവായിരിക്കെത്തന്നെ പുസ്‌തകം പുറത്തിറങ്ങുമെന്നാണു കരുതുന്നത്. ഇ.എം.എസിന്റെയും ഇ.കെ.നായനാരുടെയും ആത്മകഥകള്‍ പ്രസിദ്ധീകരിച്ചത് പാര്‍ട്ടി പ്രസിദ്ധീകരണ വിഭാഗമായ ചിന്ത പബ്ലിക്കേഷന്‍സ് ആണെങ്കില്‍ വി.എസിന്റെ ആത്മകഥ പുറംലോകം കാണുക മറ്റൊരു പ്രമുഖ പ്രസാധകരിലൂടെയാകും.
1936 മുതല്‍ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനു തുടക്കമിട്ട കാലഘട്ടങ്ങളായിരിക്കും ആത്മകഥയെ ഏറെ ശ്രദ്ധേയമാക്കുക. പുന്നപ്ര-വയലാര്‍ സമരത്തെക്കുറിച്ച് ഒന്നിലേറെ അധ്യായങ്ങളുണ്ടാകും. ഈ സമരങ്ങളിലുള്ള വി.എസിന്റെ പങ്ക് തള്ളിപ്പറഞ്ഞ സി.പി.എം. നേതൃത്വത്തിനുള്ള മറുപടി കൂടിയാകുമിത്.
ജന്മിമാര്‍ക്ക് എതിരെ കര്‍ഷക കുടിയാന്മാരെ സംഘടിപ്പിച്ച് 1946 ല്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത ജീവിച്ചിരിക്കുന്നവരില്‍ പ്രധാനിയാണ് വി.എസ്. പാര്‍ട്ടി ചരിത്രത്തിന്റെ ഭാഗമാണ് ഈ സമരം. പുന്നപ്ര-വയലാര്‍ മുന്നണിപ്പോരാളിയും സി.പി.എം. നേതാവുമായ പി.കെ.ചന്ദ്രാനന്ദന്‍ സമരത്തിലെ വി.എസിന്റെ പങ്കിനെ തള്ളിപ്പറഞ്ഞു രംഗത്തു വന്നിരുന്നു. പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷവും ഇതിനൊപ്പം നിലയുറപ്പിച്ചത് വിവാദമായിരുന്നു. പി. കൃഷ്‌ണപിള്ള, ഇ.എം.എസ്, ഇ.കെ.നായനാര്‍ എന്നിവര്‍ക്കൊപ്പമുള്ള വി.എസിന്റെ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളും സമകാലിക നേതാക്കള്‍ക്കൊപ്പമുള്ള പ്രവര്‍ത്തനവും പുസ്‌തകത്തിലുണ്ടാകും. 1946ല്‍ അധികാരികള്‍ ഗുണ്ടകളെ ഉപയോഗിച്ച് വി.എസിനെ വധിക്കാന്‍ ശ്രമിച്ച സംഭവവും മരിച്ചെന്നു കരുതി ഉപേക്ഷിക്കാന്‍ കൊണ്ടുപോയതുമെല്ലാം വേറിട്ട വായനാനുഭവമാകും. പാര്‍ട്ടിയെ ഗ്രസിച്ച വിഭാഗീയതയുടെ 10 വര്‍ഷങ്ങളിലൂടെയുള്ള ഓര്‍മക്കുറിപ്പുകള്‍ വിവാദത്തിനു തിരികൊളുത്തിയേക്കും. ഈ അധ്യായത്തില്‍ എത്രമാത്രം തുറന്നുപറച്ചിലുണ്ടാകുമെന്നു വ്യക്‌തമല്ല. പ്രത്യേകിച്ചും പാര്‍ട്ടിയും വി.എസും സമരസപ്പെട്ട പുതിയ സാഹചര്യത്തില്‍. എങ്കിലും 2004 ലെ മലപ്പുറം സമ്മേളനത്തില്‍ തുടങ്ങിയ വീഴ്‌ചകളും ടി.പി.ചന്ദ്രശേഖരന്റെ രക്‌തസാക്ഷിത്വവും വി.എസ്. എങ്ങനെ വിലയിരുത്തുമെന്നാണ് ഉറ്റുനോക്കുന്നത്.








