Home » » കാക്കിക്കുളളിലെ ക്രൂരമുഖങ്ങളെക്കുറിച്ച്‌ അഭ്യന്തര വകുപ്പിന്‌ വ്യാപക പരാതി.

കാക്കിക്കുളളിലെ ക്രൂരമുഖങ്ങളെക്കുറിച്ച്‌ അഭ്യന്തര വകുപ്പിന്‌ വ്യാപക പരാതി.

Written By Unknown on Tuesday, 29 April 2014 | 19:49

മലപ്പുറം: കാക്കിക്കുളളിലെ ക്രൂരമുഖങ്ങളെക്കുറിച്ച്‌ അഭ്യന്തര വകുപ്പിന്‌ വ്യാപക പരാതി. മോഷണക്കേസില്‍ കസ്‌റ്റഡിയിലെടുത്ത യുവതി സ്‌റ്റേഷനില്‍ തൂങ്ങി മരിച്ച സംഭവമാണ്‌ പോലീസുകാര്‍ക്കെതിരായ പരാതികള്‍ ശക്‌തിപ്പെടാനിടയാക്കിയത്‌. യുവതിയുടെ മരണം നടന്ന ചങ്ങരംകുളം സ്‌റ്റേഷനു പുറമെ പെരുമ്പടപ്പ്‌ സ്‌റ്റേഷനിലെ പോലീസുകാര്‍ക്കെതിരെയും അഭ്യന്തര വകുപ്പിനു നേരത്തെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ചങ്ങരംകുളം സ്‌റ്റേഷനിലെ മരണം വിവാദമായതോടെ എസ്‌.ഐ. ഉള്‍പ്പെടെ ആറുപേരെ സസ്‌പെന്‍ഡ്‌ ചെയ്‌തെങ്കിലും വ്യാപക പരാതികള്‍ക്കിടയായ പോലീസുദ്യോഗസ്‌ഥര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുകയാണ്‌.
 
ജനസേവകരാകേണ്ട പോലീസുകാരില്‍ ചിലര്‍ ജനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന്‌ ഉയര്‍ന്ന പോലീസുദ്യോഗസ്‌ഥരും സമ്മതിക്കുന്നുണ്ട്‌. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞട്ടില്ല. ശക്‌തമായ രാഷ്‌ട്രീയ സ്വാധീനവും ഉദ്യോഗസ്‌ഥ തലത്തിലുള്ള ബന്ധങ്ങളുമാണ്‌ ഇത്തരക്കാര്‍ക്ക്‌ തുണയാകുന്നത്‌.
 
ചങ്ങരംകുളം എസ്‌.ഐയായിരുന്ന വി. ഹരിദാസന്‍, കുറ്റിപ്പുറം എസ്‌.ഐ: ടി. മനോഹരന്‍, പെരുമ്പടപ്പ്‌ എസ്‌.ഐ. രാജ്‌മോഹന്‍ എന്നിവര്‍ക്കെതിരെയാണ്‌ അഭ്യന്തരവകുപ്പിനു നേരത്തെ പരാതിലഭിച്ചത്‌. പരാതിയില്‍ നടപടിയെടുക്കാതിരിക്കല്‍, ക്രൂരമായ പെരുമാറ്റം, മണ്ണ്‌- മണല്‍ മാഫിയകളില്‍നിന്ന്‌ കൈക്കൂലി വാങ്ങല്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ്‌ ഇവര്‍ക്കെതിരെ പരാതിനല്‍കിയിട്ടുള്ളത്‌. അതേസമയം കൂടുതല്‍ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്ന സൂചനയാണ്‌ ഉന്നതവൃത്തങ്ങള്‍ നല്‍കുന്നത്‌.
 
സ്‌റ്റേഷനില്‍ തൂങ്ങിമരിച്ച ഹനീഷ കസ്‌റ്റഡിയിലിരിക്കെ കുറ്റിപ്പുറം എസ്‌.ഐ: ടി. മനോഹരന്‍ ചങ്ങരംകുളം സ്‌റ്റേഷനിലെത്തിയതു ന്യായീകരിക്കാനാവില്ലെന്ന നിലപാടിലാണ്‌ ഉന്നത ഉദ്യോഗസ്‌ഥര്‍. കുറ്റിപ്പുറം എസ്‌.ഐക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ചങ്ങരംകുളത്തെ ഗ്രേഡ്‌ എസ്‌.ഐ ചന്ദ്രശേഖരനെതിരെ മറ്റൊരു കേസില്‍ തിരൂര്‍ ഡിവൈ.എസ്‌.പി. അന്വേഷണം ആരംഭിച്ചു. ബൈക്കില്‍ യൂണിഫോം ധരിച്ചു ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്ന പോലീസുകാരന്റെ ഫോട്ടോയെടുത്ത പെരുമുക്ക്‌ സ്വദേശി ഷാനവാസിനെ മര്‍ദിച്ച സംഭവത്തിലാണു ഗ്രേഡ്‌ എസ്‌.ഐക്കും രണ്ടു പോലീസുകാര്‍ക്കുമെതിരെ അന്വേഷണം നടക്കുന്നത്‌. ഗ്രേഡ്‌ എസ്‌.ഐ, എ.എസ്‌.ഐ എന്നിവരെ അടിയന്തിരമായി സ്‌ഥലം മാറ്റാന്‍ തിരൂര്‍ ഡിവൈ.എസ്‌.പി. ആവശ്യപ്പെട്ടിട്ടുണ്ട്‌.
 
പെരുമ്പടപ്പ്‌ എസ്‌.ഐ: കെ. രാജ്‌മോഹനെതിരെയും ആഭ്യന്തര വകുപ്പിനു പരാതികള്‍ ലഭിച്ചിട്ടുണ്ട്‌. കഴിഞ്ഞദിവസം വാഹനപരിശോധനയ്‌ക്കിടെ ഹെല്‍മെറ്റില്ലാത്ത യുവാവിനെ സ്‌റ്റേഷനിലെത്തിച്ചു ഭീഷണിപ്പെടുത്തിതും വിവാദമായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷം എസ്‌.ഐയുടെ ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്‌ചയാണെന്നു ജില്ലാ പോലീസ്‌ മേധാവിയും സ്‌ഥിരീകരിച്ചിട്ടുണ്ട്‌. വാഹന പരിശോധനയ്‌ക്കിടെ മാറഞ്ചേരിയിലൂടെ സ്വകാര്യ വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന വയനാട്‌ ഡി.വൈ.എസ്‌.പിയോട്‌ അപമര്യാദയായി പെരുമാറിയ സംഭവത്തിലും ജില്ലാ പോലീസ്‌ മേധാവി നേരിട്ടാണ്‌ അന്വേഷണം നടത്തുന്നത്‌. രാജ്‌മോഹന്‍ ആറു മാസം കുറ്റിപ്പുറം എസ്‌.ഐയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അക്കാലത്ത്‌ മാഫ്‌തിയിലായിരുന്ന രാജ്‌മോഹന്‍ ഹെല്‍മറ്റില്ലാതെ ബൈക്കില്‍ പോയ യുവാവിനെ ജീപ്പുമായി പിന്തുടുര്‍ന്ന്‌ നടുറോഡിലിട്ടു മര്‍ദിച്ചതു വിവാദമായിരുന്നു. നാട്ടുകാര്‍ എസ്‌.ഐക്കെതിരെ തിരിഞ്ഞതോടെ തോക്കുചൂണ്ടിയാണു ഇയാള്‍ രക്ഷപ്പെട്ടത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.