Home » » ചക്കിട്ടപാറ ഖനനസര്‍വേ വിവാദം:എളമരം കരീമിന്റെ ബന്ധു ടി.പി. നൗഷാദിന്റെ മൊഴിയെടുത്തു.

ചക്കിട്ടപാറ ഖനനസര്‍വേ വിവാദം:എളമരം കരീമിന്റെ ബന്ധു ടി.പി. നൗഷാദിന്റെ മൊഴിയെടുത്തു.

Written By Unknown on Saturday, 26 April 2014 | 20:40

കോഴിക്കോട്: ചക്കിട്ടപാറയില്‍ ഇരുമ്പയിര് ഖനന സര്‍വേക്കുള്ള അനുമതി സ്വകാര്യകമ്പനിക്ക് നല്‍കിയതിലെ അഴിമതി അന്വേഷിക്കുന്ന വിജിലന്‍സ് പ്രത്യേകാന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു. 

കേസിലെ ദൃക്‌സാക്ഷി ഉള്‍പ്പെടെ മൂന്നുപേരുടെ മൊഴി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക അന്വേഷണസംഘം സൂപ്രണ്ട് ആര്‍.സുകേശന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രേഖപ്പെടുത്തി. മുന്‍ വ്യവസായമന്ത്രിയും സി.പി.എം. നേതാവുമായ എളമരം കരീമിന്റെ ബന്ധു കോഴ വാങ്ങിയെന്നാണ് പ്രധാന ആരോപണം. ഇതിന് ദൃക്‌സാക്ഷിയായ സുബൈര്‍, എളമരം കരീമിന്റെ ബന്ധു ടി.പി. നൗഷാദ്, ഖനനസര്‍വേക്ക് അനുമതി ലഭിച്ച സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന വെങ്കിടേഷ് എന്നിവരുടെ മൊഴിയാണ് കോഴിക്കോട്ടെത്തിയ അന്വേഷണസംഘം എടുത്തത്. 

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ കുദ്രെമുഖ് അയേണ്‍ ഓര്‍ കമ്പനിയെ തഴഞ്ഞാണ് ബെല്ലാരി ആസ്ഥാനമായ എം.എസ്.പി.എല്‍. എന്ന സ്വകാര്യകമ്പനിക്ക് മുന്‍സര്‍ക്കാര്‍ ഖനനസര്‍വേക്കുള്ള അനുമതി നല്‍കിയത്. 

2009 മെയ് മാസത്തിലാണ് സര്‍വേക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. ചക്കിട്ടപാറ വില്ലേജില്‍ 1058.91 ഹെക്ടര്‍ ഭൂമിയില്‍ ഖനനംനടത്താനാണ് തീരുമാനിച്ചിരുന്നത്. അനുമതി ലഭിക്കാനായി കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാറില്‍ വ്യവസായമന്ത്രിയായിരുന്ന എളമരം കരീമിന്റെ ബന്ധു ടി.പി. നൗഷാദിന് അഞ്ചുകോടി രൂപ കൈമാറിയെന്നാണ് സുബൈര്‍ നേരത്തേ നല്‍കിയ മൊഴിയിലുള്ളത്. ഈ പണം ഉപയോഗിച്ച് നൗഷാദ് വാങ്ങിയ ഭൂമിയുടെ രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. 

കേസില്‍ മൂന്നാംതവണയാണ് നൗഷാദിന്റെ മൊഴി രേഖപ്പെടുത്തുന്നത്. ചക്കിട്ടപാറ അടക്കമുള്ള മൂന്നു വില്ലേജുകളില്‍ സ്വകാര്യകമ്പനിക്ക് ഇരുമ്പയിര് ഖനനസര്‍വേക്ക് അനുമതി നല്‍കിയത് വിവാദമായതിനെത്തുടര്‍ന്ന് ഇതിനുള്ള അനുമതി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.