Home » » പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന്‌ സ്വര്‍ണം കടത്തിയത്‌ മണ്ണില്‍ കലര്‍ത്തി അമിക്കസ്‌ ക്യൂറി റിപ്പോര്‍ട്ട്‌.

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന്‌ സ്വര്‍ണം കടത്തിയത്‌ മണ്ണില്‍ കലര്‍ത്തി അമിക്കസ്‌ ക്യൂറി റിപ്പോര്‍ട്ട്‌.

Written By Unknown on Saturday, 19 April 2014 | 11:11

ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണക്കടത്തിന്‌ ഉന്നത ബന്ധമുണ്‌ടെന്ന്‌ സുപ്രീം കോടതി നിയോഗിച്ച അമിക്കസ്‌ ക്യൂറി റിപ്പോര്‍ട്ട്‌. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്‌.

ക്ഷേത്രത്തില്‍ നിന്ന്‌ സ്വര്‍ണം കടത്തിയത്‌ മണ്ണില്‍ കലര്‍ത്തിയാണ്‌. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജൂവലേഴ്‌സാണ്‌ സ്വര്‍ണം കടത്തിയത്‌. സ്വര്‍ണം മിനുക്കാന്‍ കരാറുള്ള ഇവര്‍ പണി ചെയ്യുന്നതിനിടെ ഉടയാഭരണങ്ങളില്‍ നിന്ന്‌ താഴെ വീഴുന്ന സ്വര്‍ണതരികള്‍ മണലില്‍ കലര്‍ത്തിക്കൊണ്‌ടുപോകുകയാണ്‌ ചെയ്യുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌. ക്ഷേത്രം ജീവനക്കാരില്‍ നിരവധി പേര്‍ക്കും ഇതില്‍ പങ്കുണ്‌ടെന്നും മൊഴി ലഭിച്ചിട്ടുണ്‌ടെന്ന്‌ അമിക്കസ്‌ ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മയില്‍ നിന്നും ലഭിച്ച സ്വര്‍ണത്തിന്‌ കണക്കില്ലെന്നും ക്ഷേത്ര ജീവനക്കാരന്‍ രാജു അമിക്കസ്‌ ക്യൂറിക്ക്‌ മൊഴി നല്‍കിയിട്ടുണ്‌ട്‌. വിഷയത്തില്‍ സ്വര്‍ണപണിക്കാരനായ രാജുവിന്റെ മൊഴി അമിക്കസ്‌ ക്യൂറി ഗോപാല്‍ സുബ്രഹ്‌മണ്യം രേഖപ്പെടുത്തിയിട്ടുണ്‌ട്‌. മാര്‍ത്താണ്ഡവര്‍മ്മയില്‍ നിന്ന്‌ 17 കിലോ സ്വര്‍ണവും ശരപ്പൊളി മാലയും ലഭിച്ചിരുന്നുവെന്നും ജീവനക്കാരന്‍ മൊഴി നല്‍കി. ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണ്ണം പൂശുന്ന യന്ത്രം കണെ്‌ടത്തിയെന്നും കാണിക്കപ്പെട്ടിയിലെ സ്വര്‍ണക്കട്ടി മുറിച്ച നിലയില്‍ ആയിരുന്നുവെന്ന്‌ അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു.

പത്മനാഭസ്വാമി ക്ഷേത്രം നടത്തിപ്പിലെ രാജകുടുംബത്തിന്റെ ഇടപെടല്‍ ഒഴിവാക്കാന്‍ കോടതി മേല്‍നോട്ടത്തില്‍ പുതിയ ഭരണസമിതിയെ നിയമിക്കണമെന്ന അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്‌ കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. ക്ഷേത്രസ്വത്ത്‌ രാജകുടുംബം സ്വകാര്യസ്വത്ത്‌ പോലെ കൈകാര്യം ചെയ്‌തു. ക്ഷേത്രത്തിലെ സ്വത്ത്‌ വിവരകണക്കുകളില്‍ വ്യാപക കൃത്രിമം നടന്നിട്ടുണ്‌ട്‌. മുന്‍ സിഎജി വിനോദ്‌ റായിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 25 കൊല്ലത്തെ കണക്കുകള്‍ പ്രത്യേകം ഓഡിറ്റിംഗ്‌ നടത്തണമെന്ന്‌ റിപ്പോര്‍ട്ട്‌ ശിപാര്‍ശ ചെയ്യുന്നു.

റിപ്പോര്‍ട്ടില്‍ രാജകുടുംബത്തിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളും ഉണ്‌ടെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇത്‌ മുന്നില്‍ കണ്‌ട്‌ സര്‍ക്കാര്‍ കേസിന്റെ നടത്തിപ്പിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.വി. വിശ്വനാഥനെ ചുമതലപ്പെടുത്തി. കേസ്‌ 23ന്‌ വീണ്‌ടും പരിഗണിക്കും.

അതേസമയം, ക്ഷേത്രത്തില്‍ നിന്നു സ്വര്‍ണം നഷ്‌ടമായതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനും രാജകുടുംബത്തിനുമാണെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ആരോപിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ജനങ്ങളോടു മാപ്പു പറയണമെന്നും വിഎസ്‌ കൂട്ടിച്ചേര്‍ത്തു തിരുവനന്തപുരത്ത്‌ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളക്കളി പുറത്തുകൊണ്‌ടുവന്നതിന്‌ അമിക്കസ്‌ക്യൂറിയെ താന്‍ അഭിനന്ദിക്കുന്നുവെന്നും വിഎസ്‌ അറിയിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.