എടപ്പാള്‍: അജ്ഞാതസംഘം കാടകളെ കൊല ചെയ്ത വിദ്യാര്‍ഥിയുടെ ഫാമില്‍ സഹായവുമായി നടന്‍ സലിംകുമാര്‍. വെള്ളിത്തിരയിലെ തിരക്കുകള്‍ക്ക് ഒഴിവ് പറഞ്ഞാണ് ഫൈജുവിന് സമാശ്വാസവുമായി ചൊവ്വാഴ്ച രാവിലെ പത്തിന് എടപ്പാളിനടുത്ത പെരുമ്പറമ്പിലെ കല്ലിങ്ങല്‍ വീട്ടില്‍ നടനത്തെിയത്. 300ഓളം കാടകളെ വിഷം കൊടുത്ത് കൊന്നത് മാധ്യമങ്ങളിലൂടെ അറിഞ്ഞ സലിം കുമാര്‍ 500 കാടകളും അതിനുള്ള തീറ്റയും കൂടുമായാണ് എത്തിയത്. സലിം കുമാറിനെ നാട്ടുകാര്‍ കൈയടിയോടെയും ആര്‍പ്പ് വിളികളോടെയും എതിരേറ്റു. ആറ്റിങ്ങലില്‍ കാമുകന്‍ കാമുകിയെ സ്വന്തമാക്കാന്‍ പിഞ്ചുപൈതലിനെ കൊന്നതിന് സമാനമാണ് ഫൈജുവിന്‍െറ കാടകളെ കൊലചെയ്തതെന്ന് സലിം കുമാര്‍ പറഞ്ഞു. വാര്‍ത്ത അറിഞ്ഞപ്പോള്‍ ഏറെ അസ്വസ്ഥത അനുഭവപ്പെട്ടു. തന്‍െറ മൂത്ത മകന്‍െറ പ്രായമുള്ള ഫൈജു ഇത്രയും ചെറുപ്പത്തില്‍ കാര്‍ഷിക മേഖലയോട് കാണിച്ച താല്‍പര്യം ഏറെ അംഗീകരിക്കേണ്ടതാണ്. അതിന് പിന്തുണ നല്‍കേണ്ടത് അനിവാര്യമായതിനാലാണ് കാടകളെ നല്‍കിയതെന്നും സലിം കുമാര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം സുരേഷ് പൊല്‍പ്പാക്കര, എടപ്പാള്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.കെ.എം. ഷാഫി, പഞ്ചായത്തംഗം എം.കെ. ഭവാനിയമ്മ, എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.








