തിരുവനന്തപുരം: ബാർ ലൈസൻസ് പ്രശ്നത്തിൽ വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും നിഴൽ യുദ്ധത്തിലേക്ക് കടന്നതോടെ ചർച്ചയും തീരുമാനവും അവതാളത്തിലായി
കോൺഗ്രസ് നേതാക്കൾ തമ്മിൽ ഇന്നലെ ചർച്ചയുണ്ടായില്ല, യു.ഡി.എഫ് യോഗത്തിലും ചർച്ച നടന്നില്ല. ഇനി യു.ഡി.എഫ് യോഗം അടുത്ത മാസം 20 നാണ്. അന്നേ യു.ഡി.എഫ് ഈ വിഷയം ഇനി ചർച്ച ചെയ്യൂവെന്ന് കൺവീനർ പി.പി. തങ്കച്ചൻ പറഞ്ഞു.
ഇന്നലെ യു.ഡി.എഫ് യോഗത്തിന് മുമ്പ് ചർച്ചയ്ക്ക് വി.എം. സുധീരൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും മുഖ്യമന്ത്രി താത്പര്യം കാണിച്ചില്ല. നിലപാടിൽ അയവില്ലെങ്കിൽ എന്തിന് ചർച്ച നടത്തണമെന്നതായിരുന്നു അദ്ദേഹത്തിന്റെ മനോഭാവം. പകരം എക്സൈസ് മന്ത്രി കെ. ബാബുവിനെ ചർച്ചയ്ക്കായി അയച്ചു. എന്നാൽ കെ.പി.സി.സി ഓഫീസിലെത്തിയ മന്ത്രിയുമായി ചർച്ചയ്ക്ക് സുധീരൻ തയ്യാറായില്ല. മന്ത്രി ബാബുവുമായി ചർച്ച ചെയ്താൽ തീരുന്ന പ്രശ്നമല്ലല്ലോ ഇതെന്ന് പറഞ്ഞാണ് സുധീരൻ ചർച്ചയ്ക്ക് വിസമ്മതിച്ചത്.
സുധീരനുമായി താൻ ചർച്ച നടത്തിയാൽ തീരുന്ന വിഷയമല്ല ഇതെന്നും, മുഖ്യമന്ത്രി നിർദ്ദേശിച്ചതനുസരിച്ചാണ് പോകുന്നതെന്നും മന്ത്രി ബാബു നേരത്തേ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
പിന്നീട് സുധീരൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും വിളിച്ച് ഇക്കാര്യത്തിൽ ഇന്ന് സംസാരിക്കണമെന്നാവശ്യപ്പെട്ടു. അതനുസരിച്ച് ഇന്ന് സുധീരൻ ഇരുവരുമായും ചർച്ച നടത്തും. പക്ഷേ, നിലപാടിൽ മാറ്റമില്ലാത്തതിനാൽ ഇന്നും എന്തെങ്കിലും പരിഹാരം ഉരുത്തിരിയാൻ സാദ്ധ്യത കുറവാണ്. മദ്ധ്യസ്ഥ ശ്രമങ്ങളും വിജയം കാണുന്നില്ല. വോട്ടെണ്ണൽ കഴിഞ്ഞാണ് അടുത്ത യു.ഡി.എഫ് യോഗം. അതിന് മുമ്പ് ഈ വിഷയത്തിൽ തീരുമാനമെടുക്കണമെങ്കിൽ അടിയന്തര യു.ഡി.എഫ് വിളിക്കേണ്ടി വരും.








