Home » » സംസ്ഥാനത്തെ മദ്യഉപയോഗം കുറയ്‌ക്കുന്നതിന്റെ ഭാഗമായി ബാറുകളുടെ പ്രവര്‍ത്തനസമയം കുറയ്‌ക്കണമെന്ന റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശ സര്‍ക്കാര്‍ പൂഴ്‌ത്തിവച്ചു.

സംസ്ഥാനത്തെ മദ്യഉപയോഗം കുറയ്‌ക്കുന്നതിന്റെ ഭാഗമായി ബാറുകളുടെ പ്രവര്‍ത്തനസമയം കുറയ്‌ക്കണമെന്ന റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശ സര്‍ക്കാര്‍ പൂഴ്‌ത്തിവച്ചു.

Written By Unknown on Sunday, 20 April 2014 | 19:26

തിരുവനന്തപുരം: നിലവാരമില്ലാത്ത ബാറുകള്‍ക്കു ലൈസന്‍സ്‌ നല്‍കരുതെന്നും ബാറുകളുടെ പ്രവര്‍ത്തന സമയം കുറയ്‌ക്കണമെന്നതുമടക്കം സംസ്ഥാനത്തെ മദ്യ ഉപയോഗം കുറയ്‌ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ജസ്റ്റീസ്‌ രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ തള്ളിക്കളയാന്‍ സര്‍ക്കാര്‍ നീക്കം. ഇതിന്റെ ആദ്യപടിയായി, സംസ്ഥാനത്തെ നിലവാരമില്ലാത്ത ബാറുകള്‍ക്ക്‌ ഉപാധികള്‍ക്കു വിധേയമായി താത്‌കാലിക ലൈസന്‍സ്‌ നല്‍കണമെന്ന എക്‌സൈസ്‌ വകുപ്പിന്റെ ശിപാര്‍ശ ഇന്നത്തെ കെപിസിസി-സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തില്‍ സമര്‍പ്പിക്കും. ഏകോപന സമിതിയുടെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ ഇതു സംസ്ഥാനത്തു നടപ്പാക്കാന്‍ കഴിയുകയുള്ളൂ എന്നതിനാലാണിത്‌.

എക്‌സൈസ്‌ വകുപ്പ്‌ റിപ്പോര്‍ട്ട്‌ അതേപടി അംഗീകരിച്ചാല്‍ സംസ്ഥാനത്തു വന്‍തോതില്‍ മദ്യം ഒഴുക്കുന്നതിന്‌ ഇടയാക്കുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ തന്നെ വ്യക്തമാക്കുന്നു. അതിനാല്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നയത്തിനനുസരിച്ച്‌ ഇതില്‍ മാറ്റം വരുത്തുമെന്ന സൂചനയാണു ലഭിക്കുന്നത്‌.

നിലവാരമില്ലാത്ത 418 ബാറുകള്‍ക്കു ലൈസന്‍സ്‌ നല്‍കാന്‍ പാടില്ലെന്ന ഉറച്ച നിലപാടിലാണു കോണ്‍ഗ്രസിലെ ഒരു വിഭാഗം. എക്‌സൈസ്‌ വകുപ്പിന്റെ നവീകരണത്തെക്കുറിച്ചു പഠിച്ച ജസ്റ്റീസ്‌ രാമചന്ദ്രന്‍ കമ്മിറ്റി ശിപാര്‍ശ തള്ളിക്കളഞ്ഞുകൊണ്‌ടാണ്‌ എക്‌സൈസ്‌ വകുപ്പിന്റെ ശിപാര്‍ശ. നിലവാരമില്ലെന്ന പേരില്‍ അടച്ചുപൂട്ടിയ ബാറുകള്‍ക്കു വീണ്‌ടും തുറക്കാന്‍ അവസരം നല്‍കിയാല്‍ കോടതിയില്‍ ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയുണ്‌ടാകും.

നിലവാരമില്ലെന്നു സിഎജിയുടെ കണെ്‌ടത്തലിന്റെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടിയ ബാറുകള്‍ക്കു താത്‌കാലികമായി ആറു മാസത്തെ ലൈസന്‍സ്‌ നല്‍കാം. ഇതിനിടയില്‍ നിലവാരമില്ലെന്നു കണെ്‌ടത്തിയതിനെത്തുടര്‍ന്ന്‌ അടച്ചുപൂട്ടിയ ബാറുകള്‍ ടൂ സ്റ്റാര്‍ പദവിയിലേക്ക്‌ ഉയര്‍ത്താനുള്ള നടപടി സ്വീകരിക്കണമെന്നാണ്‌ എക്‌സൈസ്‌ വകുപ്പിന്റെ പ്രധാന ശിപാര്‍ശ.

സംസ്ഥാനത്തു സമഗ്രമായ മദ്യനയം ചര്‍ച്ച ചെയ്‌തു നടപ്പാക്കുന്നതിനാണു കെപിസിസി പ്രസിഡന്റ്‌ വി.എം. സുധീരന്‍ മുന്‍കൈ എടുത്തു കെപിസിസി- സര്‍ക്കാര്‍ ഏകോപന സമിതിയോഗം ഇന്നു വിളിച്ചുചേര്‍ത്തത്‌. തുടര്‍ന്ന്‌ ഇക്കാര്യം നാളത്തെ കെപിസിസി എക്‌സിക്യൂട്ടീവിലും അടുത്ത ദിവസം ചേരുന്ന യുഡിഎഫിലും ചര്‍ച്ച ചെയ്‌ത്‌ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ ശേഷമാകും മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്‌ക്കു സമര്‍പ്പിക്കുക.

തെരഞ്ഞെടുപ്പിനു മുമ്പു സമഗ്രമായ മദ്യനയം ആവിഷ്‌കരിക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്നാണു 418 ബാറുകള്‍ അടച്ചുപൂട്ടാന്‍ കെപിസിസി നിര്‍ദേശം നല്‍കിയത്‌.

സംസ്ഥാനത്തെ മദ്യഉപയോഗം കുറയ്‌ക്കുന്നതിന്റെ ഭാഗമായി ബാറുകളുടെ പ്രവര്‍ത്തനസമയം കുറയ്‌ക്കണമെന്ന റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശയും സര്‍ക്കാര്‍ പൂഴ്‌ത്തിവച്ചതായി ആക്ഷേപമുണ്‌ട്‌. ബാറുകളുടെ പ്രവര്‍ത്തനം രാവിലെ 11.30 മുതല്‍ രാത്രി പത്തുവരെ മാത്രമേ പാടുള്ളൂ എന്നായിരുന്നു ജുഡീഷല്‍ കമ്മീഷന്‍ നിര്‍ദേശിച്ചത്‌.

ഇതോടൊപ്പം മദ്യം വാങ്ങുന്നവരുടെ പ്രായം തെളിയിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കണമെന്നും മദ്യം വാങ്ങുന്നയാളുടെ ഒപ്പ്‌ ബില്ലില്‍ രേഖപ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദേശവും നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തില്ലെന്ന ആരോപണവും ഉയര്‍ന്നു.

താത്‌കാലിക അടിസ്‌ഥാനത്തില്‍ ബാര്‍ ലൈസന്‍സ്‌ നല്‍കരുത്‌. കുറഞ്ഞത്‌ ത്രീസ്റ്റാര്‍ നിലവാരമുള്ള ബാറുകള്‍ക്കേ ലൈസന്‍സ്‌ നല്‍കാവൂ എന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു. നിലവിലെ ചില ബാറുകള്‍ക്കു കള്ളുഷാപ്പുകളുടെ നിലവാരം മാത്രമാണുള്ളതെന്നും കമ്മീഷന്‍ കണെ്‌ടത്തിയിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.