കോഴിക്കോട്: മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചു പൂട്ടാന്‍ അനുവാദം നല്കിൂയിരുന്നില്ലെന്ന് മുന്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ തുറന്ന കത്ത്. സ്‌കൂള്‍ കെട്ടിടം പൊളിച്ചുമാറ്റാന്‍ അനുവാദം നല്കണമെന്ന് മാനേജര്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും കത്തില്‍ പറയുന്നു. കെട്ടിടം പെളിച്ചു നീക്കാന്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ അനുവാദം നല്കിയിരുന്നെന്നായിരുന്നു മാനേജരുടെ വാദം.
സ്‌കൂള്‍ കെട്ടിടം പൊളിച്ചുമാറ്റാന്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ അനുവാദം നല്‍കിയിരുന്നു എന്നാണ് കെട്ടിടം തകര്‍ത്ത ശേഷം ഒളിവില്‍ പോയ മാനേജര്‍ മാധ്യമങ്ങള്‍ക്ക് എഴുതിയ കത്തില്‍ പറയുന്നത്. ഇതിന് മറുപടിയായാണ് മുന്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ എം ചന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് തുറന്ന കത്ത് എഴുതിയത്.
സ്‌കൂള്‍ പെളിക്കാന്‍ അനുമതി നല്കിയിരുന്നു എന്ന് മാനേജര്‍ പറയുന്ന സമയത്ത് കെ എം ചന്ദ്രനായിരുന്നു ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍. സ്‌കൂള്‍ അടച്ചു പൂട്ടാന്‍ അനുവാദം നല്കിയിരുന്നില്ലെന്നും ഇലക്ഷന്‍ കഴിയുന്നത് വരെ സ്‌കൂള്‍ തല്സ്ഥിതിയില്‍ തുടരണമെന്ന് നിര്‌ദേശിക്കുകമാത്രമാണ് ചെയ്തതെന്നും കത്തില്‍ പറയുന്നു.
സ്‌കൂള്‍ പെളിച്ചു നീക്കാന്‍ മാനേജരും അനുമതി തേടിയിരുന്നില്ല. സ്‌കൂള്‍ നേരിട്ട് കണ്ട് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ അടച്ചു പൂട്ടേണ്ടതില്ല എന്ന റിപ്പോര്‍ട്ടാണ് ഡിഡിഇക്ക് സമര്‍പ്പിച്ചതെന്നും കത്തില്‍ പറയുന്നു. എന്നാല്‍ സ്‌കൂള്‍ കെട്ടിടം തകര്‍ത്ത് ഒരാഴ്ച കഴിഞ്ഞിട്ടും ഒളിവില്‍ പോയ മാനേജരെ പിടികൂടാന്‍ പോലീസിനായിട്ടില്ല.







