Home » » കണ്ണൂര്‍ ജില്ലാ കലക്‌ടര്‍ 100 മീറ്റര്‍ ഉയരത്തില്‍നിന്നു വീണു പരുക്കേറ്റു.

കണ്ണൂര്‍ ജില്ലാ കലക്‌ടര്‍ 100 മീറ്റര്‍ ഉയരത്തില്‍നിന്നു വീണു പരുക്കേറ്റു.

Written By Unknown on Friday, 2 May 2014 | 19:07

കണ്ണൂര്‍: പാരാ മോട്ടോര്‍ ഗ്ലൈഡിംഗ്‌ നടത്തി സാഹസിക കാര്‍ണിവല്‍ ഉദ്‌ഘാടനം ചെയ്യവേ കണ്ണൂര്‍ ജില്ലാ കലക്‌ടര്‍ പി. ബാലകിരണ്‍ 100 മീറ്റര്‍ ഉയരത്തില്‍നിന്നു വീണു നിസാര പരുക്കേറ്റു. കടലില്‍ വീഴാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്നലെ വൈകുന്നേരം ആറു മണിക്കു പയ്യാമ്പലം കടപ്പുറത്ത്‌ സംസ്‌ഥാന യുവജനക്ഷേമ ബോര്‍ഡും അഡൈ്വഞ്ചര്‍ അക്കാദമിയും സംയുക്‌തമായി സംഘടിപ്പിച്ച സാഹസിക കാര്‍ണിവലിനിടെയാണ്‌ അപകടം.
 
പാരാ മോട്ടോര്‍ ഗ്ലൈഡിംഗില്‍ പറന്ന്‌ ഉദ്‌ഘാടനം നിര്‍വഹിക്കുന്നതിനിടെ യന്ത്രത്തകരാറിനെത്തുടര്‍ന്ന്‌ മോട്ടോര്‍ ഗ്ലൈഡിംഗും പരിശീലകനും കലക്‌ടറും നിലം പതിക്കുകയായിരുന്നു. പരിശീലകനും മോട്ടോറും കലക്‌ടറുടെ മേലേക്കാണ്‌ വീണതും. പറന്നുയര്‍ന്നു രണ്ടു മിനിട്ടിനുമുമ്പേ മോട്ടോറിന്റെ ഫാന്‍ നിലച്ചു. ഏഴിമല നാവിക അക്കാദമിയിലെ ഉദ്യോഗസ്‌ഥന്‍കൂടിയായ പരിശീലകന്‍ യന്ത്രം സുരക്ഷിതമായി നിലത്തിറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
 
അപടത്തിനുമുമ്പു പാരാ ഗ്ലൈഡിംഗിന്റെ തകരാര്‍ ശ്രദ്ധയില്‍പ്പെടുകയും പരിശോധനകള്‍ നടത്തുകയും ചെയ്‌തിരുന്നു. പറക്കാനായി രണ്ടു തവണ യന്ത്രം സ്‌റ്റാര്‍ട്ടാക്കിയപ്പോഴും നിന്നു പോയിരുന്നു. സുരക്ഷിതമാണെന്ന്‌ അറിയിച്ചതിനെ തുടര്‍ന്നാണ്‌ കലക്‌ടര്‍ പാരാ മോട്ടോര്‍ ഗ്ലൈഡിംഗില്‍ കയറിയത്‌. കടലില്‍നിന്നു 25 മീറ്റര്‍ മാറിയാണു കലക്‌ടര്‍ വീണത്‌. കലക്‌ടറെ ഉടന്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പരിശോധനക്കു വിധേയമാക്കി. എക്‌സ്‌റേ എടുത്തപ്പോള്‍ നിസാര പരുക്കേയുള്ളൂവെന്നു വ്യക്‌തമായതിനെത്തുടര്‍ന്ന്‌ അദ്ദേഹത്തെ ഡിസ്‌ചാര്‍ജ്‌ ചെയ്‌തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.