Home » » ചൂലെടുത്ത്‌ കേരളത്തിലെ ആം ആദ്‌മിക്കാര്‍ തമ്മിലടിക്കുന്നു.

ചൂലെടുത്ത്‌ കേരളത്തിലെ ആം ആദ്‌മിക്കാര്‍ തമ്മിലടിക്കുന്നു.

Written By Unknown on Friday, 2 May 2014 | 19:02

കോട്ടയം: അരവിന്ദ്‌ കെജ്‌രിവാള്‍ ഡല്‍ഹിയില്‍ അഴിമതി തുടച്ചുകളയാനെടുത്ത ചൂലെടുത്ത്‌ കേരളത്തിലെ ആം ആദ്‌മിക്കാര്‍ തമ്മിലടിക്കുന്നു. കടുത്ത അഭിപ്രായ ഭിന്നതയെ തുടര്‍ന്ന്‌ ആ ആംദ്‌മി പാര്‍ട്ടി കേരളാഘടകം പൊട്ടിത്തെറിയിലേക്ക്‌.
 
തെരഞ്ഞെടുപ്പിലെ സ്‌ഥാനാര്‍ഥി നിര്‍ണയവും നേതൃനിരയിലുള്ള ചിലരുടെ ഇടപെടലുമാണ്‌ പാര്‍ട്ടിയെ പൊട്ടിത്തെറിയിലേക്ക്‌ നയിക്കുന്നത്‌. സംഭവത്തെ തുടര്‍ന്ന്‌ അരവിന്ദ്‌ കെജ്‌രിവാളിനൂം, കേരളാഘടകത്തിന്റെ ചാര്‍ജുള്ള പ്രശാന്ത്‌ഭൂഷണും ഒരു വിഭാഗം ്ര്രപവര്‍ത്തകര്‍ പരാതി നല്‍കികഴിഞ്ഞു . പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നിലച്ച മട്ടാണ്‌. വിവിധ ജില്ലകളില്‍ നിന്നുള്ള ആളുകളുടെ എതിര്‍പ്പ്‌ മൂലം സംസ്‌ഥാന കമ്മിറ്റിപോലും നടത്താനാവാത്ത സ്‌ഥിതിയാണ്‌ നിലവിലുള്ളത്‌. തെരഞ്ഞെടുപ്പും, ഭാവി പരിപാടികളും ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ ദിവസം എറണാകുളത്ത്‌ വിളിച്ചു ചേര്‍ത്ത സംസ്‌ഥാനകമ്മിറ്റിയോഗം ബഹളംമൂലം മാറ്റിവച്ചു. തെരഞ്ഞെടുപ്പില്‍ ചില സീറ്റുകളില്‍ ജില്ലാകമ്മിറ്റികള്‍ക്കു താത്‌പര്യമില്ലാത്തവരെ സ്‌ഥാനാര്‍ഥികളാക്കിയതും നേതൃത്വത്തിന്റെ നിലപാടുകളുമാണ്‌ പ്രശ്‌നങ്ങള്‍ക്കു കാരണം.. പതിനഞ്ചിടത്താണ്‌ ആംആദ്‌മി പാര്‍ട്ടി സ്‌ഥാനാര്‍ഥികളെ മത്സരിപ്പിച്ചത്‌. ഇതില്‍ പലയിടത്തും ജില്ലാകമ്മിറ്റിയുടെ എതിര്‍പ്പ്‌ വകവെയ്‌ക്കാതെ പലരെയും സ്‌ഥാനാര്‍ഥികളായി സംസ്‌ഥാനകമ്മിറ്റി നേരിട്ട്‌ തെരഞ്ഞെടുക്കുകയായിരുന്നു.
ചില മണ്ഡലങ്ങളില്‍ എതിര്‍പ്പ്‌ പരസ്യമായി പുറത്തുവന്നിട്ടും ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുക്കാന്‍ നേതൃത്വം തയാറായിലെന്നാണ്‌ ആക്ഷേപം. കൂടാതെ സംസ്‌ഥാന നേതൃത്വത്തിന്‌ മുമ്പാകെ അറിയിക്കുന്ന പരാതികള്‍ ഒന്നും ചര്‍ച്ച ചെയ്യപ്പെടുകയോ പരിഹരിക്കപ്പെടുകയോ ചെയ്യുന്നില്ലന്നും പരാതി ഉയര്‍ന്നിരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നതല്ലാതെ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും ഭൂരിപക്ഷം ജില്ലാകമ്മിറ്റികള്‍ ആരോപിക്കുന്നു.
 
നിലവില്‍ അഡ്‌ഹോക്ക്‌ കമ്മിറ്റികളായി തുടരുന്ന സംസ്‌ഥാന, ജില്ലാ കമ്മിറ്റികള്‍ അടിയന്തരമായി പുനസംഘടിപ്പിച്ചില്ലെങ്കില്‍ പാര്‍ട്ടിവിടുമെന്നും ഒരു വിഭാഗം മുന്നറിയിപ്പ്‌ നല്‍കികഴിഞ്ഞു. സംഭവത്തില്‍ ദേശീയനേതൃത്വം ഇടപെട്ടില്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്നാണ്‌ സൂചന. ഇതു സംബന്ധിച്ച മുന്നറിയിപ്പുകളും ദേശീയ നേതൃത്വത്തെ ഇമെയിലുകള്‍ വഴി അറിയിച്ചിട്ടുണ്ട്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.