Home » » പോലീസ്‌ സ്‌റ്റേഷനില്‍ യുവതി തൂങ്ങിമരിച്ച കേസിലെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒളിച്ചുകളി.

പോലീസ്‌ സ്‌റ്റേഷനില്‍ യുവതി തൂങ്ങിമരിച്ച കേസിലെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒളിച്ചുകളി.

Written By Unknown on Friday, 2 May 2014 | 19:13

മലപ്പുറം : യുവതി മരിച്ചു ഇന്നേക്കു ഒമ്പതു ദിവസമായിട്ടും ഇന്നലെവരെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ചില്ലെന്നാണു പോലീസ്‌ പറയുന്നത്‌. അതേ സമയം നാലുദിവസം മുമ്പു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കോപ്പി തിരൂര്‍ സബ്‌ഡിവിഷന്‍ മജിസ്‌ട്രേറ്റിനും ദേശീയ മനുഷ്യാവകാശ കമ്മീഷനും തപാല്‍ വഴി അയച്ചിട്ടുണ്ടെന്നു മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌ത തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക്‌ അധികൃതര്‍ വ്യക്‌തമാക്കുന്നു. എന്നാല്‍ റിപ്പോര്‍ട്ട്‌ തനിക്കു ലഭിച്ചിട്ടില്ലെന്നാണു തിരൂര്‍ സബ്‌ഡിവിഷന്‍ മജിസ്‌ട്രേറ്റ്‌ പറയുന്നത്‌. കേസ്‌ ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ടെങ്കിലും നിലവിലെ അന്വേഷണ ചുമതല തിരൂര്‍ ഡിവൈ.എസ്‌.പി ഹസൈനാറിനാണ്‌. അന്വേഷണ സംഘത്തിനു അപേക്ഷ നല്‍കിയാല്‍ ഉടന്‍ തന്നെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ നല്‍കണമെന്നിരിക്കെ അന്വേഷണം സംഘം പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ കൈപറ്റാത്തതിനു പിന്നിലെ കാരണം വ്യക്‌തമല്ല. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്‌ത്രീയുടെ ചുണ്ടില്‍മുറിവുണ്ടെന്നും കഴുത്തില്‍ അടയാളമുണ്ടെന്നും അടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ ഉണ്ടെന്നിരിക്കെ റിപ്പോര്‍ട്ട്‌ ലഭിക്കുമെന്നറിഞ്ഞിട്ടും പോലീസിന്റെ ഒളിച്ചു കളി വിവാദമായിരിക്കുകയാണ്‌. ഇത്തരം കേസുകളില്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ പോലീസ്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ കൈപ്പറ്റാറാണു പതിവ്‌. എന്നാല്‍ തങ്ങള്‍ക്കു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ അയച്ചുനല്‍കാമെന്നാണു ഫോറന്‍സിക്‌ അധികൃതര്‍ പറഞ്ഞതന്നാണു പോലീസിന്റെ വിചിത്രവാദം. പോസറ്റ്‌മോര്‍ട്ടം കഴിഞ്ഞാലുടന്‍ ഡോക്‌ടര്‍മാര്‍ സബ്‌ഡിവിഷന്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴില്‍ നല്‍കാറുണ്ട്‌. ഇതും നടന്നിട്ടില്ലെന്നാണു മജിസ്‌ട്രേറ്റില്‍ നിന്നു ലഭിക്കുന്ന വിവരം. പൊന്നാനി തഹസില്‍ദാറാണു ഇതുരേഖപ്പെടുത്തിയതെന്നു തിരൂര്‍ സബ്‌ഡിവിഷന്‍ മജിസ്‌ട്രേറ്റും താനല്ല മറിച്ചു തിരൂര്‍ സബ്‌ഡിവിഷന്‍ മജിസ്‌ട്രേറ്റാണു രേഖപ്പെടുത്തിയതെന്നും പൊന്നാനി തഹസില്‍ദാറും പറയുന്നു. ഇത്തരത്തില്‍ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിക്കാത്തതിനാല്‍ അന്വേഷണം വഴിമുട്ടിയ അവസ്‌ഥയിലാണ്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.