മുസ്ലീം ലീഗിനെ വര്‍ഗ്ഗീയമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് അവസാനിപ്പിച്ചില്ലെങ്കില്‍ സിപിഐഎമ്മുമായി കൈകോര്‍ക്കേണ്ടി വരുമെന്ന് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ലീഗിനെതിരെ കോണ്‍ഗ്രസുകാര്‍ പുലര്‍ത്തുന്ന നിലപാട് ശരിയല്ല, ഈ നിലപാട് മാറ്റിയില്ലെങ്കില്‍ സര്‍ക്കാരിനെതിരേ സിപിഎം ഒരുക്കുന്ന വേദികളില്‍ തങ്ങളും പ്രത്യക്ഷപ്പെടുമെന്നും ലീഗിന് വേണ്ടി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തില്‍ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പൊട്ടിത്തെറിച്ചത്. സംഭവം ഗൌരവമുള്ളതാണെന്ന് കണ്ടതോടെ കുഞ്ഞാലിക്കുട്ടിയോടു ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തയലയും തയ്യാറായി.
തെരഞ്ഞെടുപ്പ് കാലങ്ങളില്‍ ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം വഷളായിരുന്നു. പരസ്‌പരം പഴിചാരലുകളും അടിയൊഴുക്കുകളും സൃഷ്‌ടിച്ചതായി ആരോപണങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തിലെ പല മണ്ഡലങ്ങളിലും സിപിഎമ്മുമായി അടവുനയത്തിലായിരുന്നു ലീഗെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. മാത്രമല്ല ഈ ആരോപണം ഉന്നയിച്ചു കൊണ്ട് കോണ്‍ഗ്രസുകാര്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതായും ലീഗ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ. മജീദ് ഈ വിഷയം ഉന്നയിക്കുകയും സര്‍ക്കാര്‍ തന്റെ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്നതായും മജീദ് പറഞ്ഞു.
എഴുതി തള്ളിയ കേസുകളില്‍ പോലും പ്രതികളായിരുന്ന ലീഗ് നേതാക്കളെ വീണ്ടും ഉള്‍പ്പെടുത്തി കേസെടുക്കുന്നു. കേസ് അവസാനിച്ച് വിദേശത്ത് പോയവര്‍ മടങ്ങി വരുമ്പോള്‍ കസ്റ്റഡിയില്‍ എടുക്കുന്നു. തെരഞ്ഞെടുപ്പിന് ലീഗിനായി പ്രവര്‍ത്തിക്കാന്‍ എത്തിയ പലരെയും ഇതുപോലെ പീഡിപ്പിച്ചെന്നും ലീഗ് നേതാക്കള്‍ പറയുന്നു. ഇടത് സര്‍ക്കാരില്‍ നിന്നും ഇത്തരമൊരു പീഡനം ലീഗ് പ്രവര്‍ത്തകര്‍ക്കു നേരിടേണ്ടിവന്നിട്ടില്ലെന്നും മജീദ് വ്യക്തമാക്കി. എന്നാല്‍ താന്‍ ആഭ്യന്തരമന്ത്രിയായി വന്ന ശേഷം വര്‍ഗ്ഗീയ സംഘര്‍ഷത്തിന്റെ പേരില്‍ ഒരു ലീഗ് പ്രവര്‍ത്തകനെതിരെ പോലും കേസെടുത്തതായി അറിവില്ലെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ പറ്റില്ലെന്ന് പ്രഖ്യാപിക്കാന്‍ തനിക്ക് കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഇതോടെ പരസ്‌പരം വാഗ്വാദങ്ങളായി. ഇങ്ങനെയാണെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും കള്ള കേസില്‍ കുടുങ്ങിയ ലീഗ് പ്രവർത്തകരെ സിപിഐഎം വിളിച്ചു ചേര്‍ക്കുന്നുണ്ടെന്നും, തങ്ങള്‍ക്കും അതില്‍ പങ്കാളിയാകേണ്ടി വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ക്ഷുഭിതനായ കുഞ്ഞാലികുട്ടി കസേരയില്‍ നിന്നും എഴുന്നേറ്റ് ഇറങ്ങി പോകാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് ഘടകകക്ഷികള്‍ അദ്ദേഹത്തെ അനുനയിപ്പിച്ച് വീണ്ടും കസേരയില്‍ ഇരുത്തുകയായിരുന്നു.








