തിരുവനന്തപുരം: കേരളം ആതിഥേയത്വം വഹിക്കുന്ന 35-ാമത് ദേശീയ ഗെയിംസ് അടുത്ത വര്‍ഷം ജനുവരി 31 മുതല്‍ ഫെബ്രുവരി 14വരെ നടക്കും. 500 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഏഴു ജില്ലകളിലായിട്ടാണ് 15 ദിവസം നീളുന്ന കായിക മാമാങ്കത്തിന്റെ വേദികള്‍ ഒരുങ്ങുന്നത്. 218 ദിവസം കൂടി പിന്നിടുമ്പോള്‍ 1200 മെഡലുകള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കു വിസില്‍ മുഴങ്ങും.
കേരള നിയമസഭാ മന്ദിരത്തിലെ മെമ്പേഴ്‌സ് ലോഞ്ചില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) പ്രസിഡന്റ് എന്‍.രാമചന്ദ്രനാണ് ദേശീയ ഗെയിംസിന്റെ തീയതി പ്രഖ്യാപിച്ചത്. 87ലെ ദേശീയ ഗെയിംസ് നല്‍കിയ അനുഭവങ്ങളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് 35-ാമത് ദേശീയ ഗെയിംസ് നടത്താന്‍ കേരളം സജ്‌ജമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ 90 ശതമാനം പൂര്‍ത്തിയായി. ഗെയിംസ് വില്ലേജും അവശേഷിക്കുന്ന നിര്‍മാണങ്ങളും ഒക്‌ടോബറില്‍ പൂര്‍ത്തിയാകും. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മേളയുടെ ഗുഡ്‌വില്‍ അംബാസിഡറാകാന്‍ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തീയതി പ്രഖ്യാപനത്തിനു പിന്നാലെ കേന്ദ്ര കായിക മന്ത്രി സര്‍വാനന്ദ് സോനോവാള്‍ തീയതിയുടെ സ്വീകാര്യത അറിയിച്ചു. ഗെയിംസിന്റെ കൗണ്ട് ഡൗണ്‍ ക്ലോക്കും അദ്ദേഹം ഉദ്‌ഘാടനം ചെയ്‌തു. രാഷ്‌ട്രീയവും വിവാദങ്ങളും ഗെയിംസിന്റെ നിറം കെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പതിനെട്ട് സ്‌റ്റേഡിയങ്ങള്‍ക്ക് പ്രശസ്‌തരായ താരങ്ങളുടെ പേരുകളും ചടങ്ങില്‍ നല്‍കി. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണത്തിനു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ തുടക്കമിട്ടു. സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, ഐ.ഒ.എ. ജനറല്‍ സെക്രട്ടറി രാജീവ് മേത്ത, സംഘാടക സമിതി സെക്രട്ടറി പി.എ.ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു.








