Home » » പോലീസ്‌ സേനയിലെ സംഘടനാപ്രവര്‍ത്തനം നിരോധിക്കേണ്ട സമയം അതിക്രമിച്ചുവെന്നു ഹൈക്കോടതി.

പോലീസ്‌ സേനയിലെ സംഘടനാപ്രവര്‍ത്തനം നിരോധിക്കേണ്ട സമയം അതിക്രമിച്ചുവെന്നു ഹൈക്കോടതി.

Written By Unknown on Thursday, 26 June 2014 | 17:46

കൊച്ചി: പോലീസ്‌ സേനയിലെ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കെതിരേ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഇതു നിരോധിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ഇതുമൂലം രാഷ്‌ട്രീയ കൊലപാതകകേസുകളില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നും ജസ്‌റ്റിസ്‌ പി. രാമകൃഷ്‌ണന്‍ നിരീക്ഷിച്ചു. രാഷ്‌ട്രീയ കൊലപാതക കേസുകളില്‍ സര്‍ക്കാരുകള്‍ക്കു സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടേണ്ട സാഹചര്യമുണ്ടാകുന്നത്‌ ഇതിനു തെളിവാണെന്നും കോടതി ചൂണ്ടിക്കാട്ടി.
 
ജനങ്ങള്‍ക്ക്‌ ഇതുമൂലം കേസുകളുടെ കാര്യക്ഷമമായ അന്വേഷണത്തിന്‌ സി.ബി.ഐയെ ആശ്രയിക്കേണ്ട സ്‌ഥിതിവിശേഷമാണ്‌. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളുടെ ബാഹുല്യം അതാണ്‌ വ്യക്‌തമാക്കുന്നതെന്നും കോടതി പറഞ്ഞു. പയേ്ാളിയേില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ മനോജ്‌ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐക്ക്‌ കൈമാറണമെന്ന്‌ ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കവേയാണു സേനയിലെ സംഘടനാ പ്രവര്‍ത്തനത്തെ കോടതി നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചത്‌. സഹകരണസംഘങ്ങള്‍ പിടിച്ചെടുക്കാന്‍ രാഷ്‌ട്രീയകക്ഷികള്‍ മല്‍സരിക്കുന്നതും സംഘര്‍ഷത്തിലേര്‍പ്പെടുന്നതും പോലെയാണ്‌ പോലീസിന്റെ സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ സേനാംഗങ്ങള്‍ പരസ്‌പരം ഏറ്റുമുട്ടിയതെന്നും കോടതി പറഞ്ഞു.
 
രാഷ്‌ട്രീയ കൊലപാതകക്കേസുകളുടെ അന്വേഷണം സി.ബി.ഐക്കു കൈമാറേണ്ടതില്ലെന്നു സി.ബി.ഐ. അഭിഭാഷകന്‍ ബോധിപ്പിച്ചു. ഇത്തരം കേസുകള്‍ സി.ബി.ഐക്കു കൈമാറാന്‍ സര്‍ക്കാരുകള്‍ തീരുമാനിക്കുന്നതു രാഷ്‌ട്രീയ പ്രേരിതമായാണെന്നും ഇത്‌ അനാവശ്യ വിവാദങ്ങള്‍ക്കു കാരണമാകുമെന്നും സി.ബി.ഐ. വിശദീകരിച്ചു. നിലവിലെ സി.ബി.ഐയുടെ അന്വേഷണസംവിധാനം വിപുലപ്പെടുത്തണമെന്നു കോടതി പറഞ്ഞു. ടി.പി. വധക്കേസില്‍ വിചാരണ പൂര്‍ത്തിയായശേഷം സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തിനു തീരുമാനമെടുത്തകാര്യം ഹര്‍ജി പരിഗണിക്കവേ കോടതി പരാമര്‍ശിച്ചു.
 
പയേ്ോളി മനോജ്‌ വധക്കേസില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നു സര്‍ക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറല്‍ ടി. അസഫ്‌ അലി ആവശ്യപ്പെട്ടു. പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണു കേസ്‌ സി.ബി.ഐക്ക്‌ കൈമാറാന്‍ തീരുമാനിച്ചതെന്നും പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറല്‍ വിശദമാക്കി. കേസ്‌ അന്വേഷിച്ച ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തലുകളില്‍ വൈരുദ്ധ്യമുണ്ടെന്നും യഥാര്‍ത്ഥ പ്രതികളെയല്ല ലോക്കല്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തതെന്നും ക്രൈംബ്രാഞ്ച്‌ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയവരെ കണ്ടെത്താന്‍ വിദഗ്‌ധമായ അന്വേഷണം വേണമെന്നും അറസ്‌റ്റിലായ പ്രതികള്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ നാര്‍കോ പരിശോധനകള്‍ക്കു വിധേയമാകാന്‍ സന്നദ്ധത അറിയിച്ചിരുന്നതായും ക്രൈംബ്രാഞ്ച്‌ ഡിറ്റക്‌റ്റീവ്‌ ഇന്‍സ്‌പെക്‌ടര്‍ ഇ.പി. പൃഥ്വിരാജന്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിരുന്നു. കേസന്വേഷിച്ച ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സര്‍ക്കാരിനു കീഴിലുള്ള ഒറ്റ ഏജന്‍സിയായതിനാല്‍ തുടരന്വേഷണം നടത്തുന്നതു ഭാവിയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കു കാരണമാവുമെന്നും അതിനാല്‍ കേസ്‌ സി.ബി.ഐക്കു കൈമാറണമെന്നുമാണു ഹര്‍ജി നല്‍കിയ പയേ്ോളി സ്വദേശി സാജിദ്‌ ആവശ്യപ്പെട്ടത്‌. അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ നിലപാട്‌ അറിയിക്കാന്‍ സി.ബി.ഐയോടു കോടതി ആവശ്യപ്പെട്ടു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.