Home » » പ്രധാന അധ്യാപികയെ സ്ഥലംമാറ്റിയ സംഭവത്തില്‍ നിയമസഭ സ്തംഭിച്ചു.

പ്രധാന അധ്യാപികയെ സ്ഥലംമാറ്റിയ സംഭവത്തില്‍ നിയമസഭ സ്തംഭിച്ചു.

Written By Unknown on Wednesday, 25 June 2014 | 03:33

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രിയെ വിഐപി പരിഗണനയോടെ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂളിലെ പ്രധാന അധ്യാപികയെ സ്ഥലംമാറ്റിയ സംഭവത്തില്‍ നിയമസഭ സ്തംഭിച്ചു. വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചതിനെ തുടര്‍ന്നുണ്ടായ ബഹളത്തില്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു. വി.ശിവന്‍കുട്ടിയാണ് വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. മന്ത്രിയുടെ അല്‍പ്പന് അര്‍ഥം കിട്ടിയതുപോലെയാണെന്നും പട്ടികജാതിക്കാരിയും ശാരീരിക അവശതകളുള്ളതുമായ അധ്യാപികയോട് സ്വീകരിച്ച നടപടി ശരിയായില്ലെന്നും ശിവന്‍കുട്ടി ആരോപിച്ചു. ഇതോടെ ഭരണപക്ഷം സഭയില്‍ ബഹളം വച്ചു. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റവും സഭയില്‍ നടന്നു. ഇതിനിടെ പ്രതിപക്ഷം സഭയുടെ നടത്തളത്തില്‍ ഇറങ്ങി. ഒരിടയ്ക്ക് സ്പീക്കറുടെ ഡയസിലേക്കും പ്രതിപക്ഷ അംഗങ്ങള്‍ കയറി. തുടര്‍ന്ന് നടുത്തളത്തിലിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇതോടെ ധനാഭ്യാര്‍ഥന ബില്ലുകള്‍ ചര്‍ച്ചകൂടാതെ പാസ്സാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

ഈ മാസം 16നാണ് സ്ഥലം മാറ്റത്തിന് കാരണമായ സംഭവം നടന്നത്. രാവിലെ 9.30ന് നിശ്ചയിച്ചിരുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി എത്തിയത് 12.30നായിരുന്നു. എന്നാല്‍ അധ്യായന സമയത്ത് ഇത്തരം പരിപാടികള്‍ നടത്തി കുട്ടികളുടെ സമയം പാഴാക്കുന്നത് ശരിയല്ലെന്ന പ്രധാന അധ്യാപികയുടെ വിമര്‍ശനമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഡിപിഐ ഇറക്കിയ ഇത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും പ്രധാനാധ്യാപിക ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ താന്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ ഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നുവെന്നും സെക്യുരിറ്റിയാണ് തന്നെ അകത്തേക്ക് കടത്തിവിട്ടതെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. സ്‌കൂളില്‍ ഇംഗ്ലീഷ് ക്ലബ്‌  തുടങ്ങുന്നതിനെ തുടക്കം മുതല്‍ പ്രധാന അധ്യാപിക എതിര്‍ത്തിരുന്നു. വിഐപി പരിഗണന നല്‍കേണണ്ട മന്ത്രിയെ സ്വീകരിക്കാന്‍ പ്രധാന അധ്യാപിക എത്തിയില്ല. ഇവരെ സര്‍വീസില്‍ നിന്നു പിരിച്ചുവിടണമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ താന്‍ മാനുഷിക പരിഗണന നല്‍കി സ്ഥലംമാറ്റി ശിക്ഷ ലഘൂകരിക്കുകയായിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് നിയമസഭയില്‍ മറുപടി നല്‍കി.

ഇതോടെ മറുപടിയുമായി പ്രതിപക്ഷം എഴുന്നേറ്റു. മന്ത്രിവരുമ്പോള്‍ ഗേറ്റു തുറന്നുതരാന്‍ പ്രധാന അധ്യാപികയെന്താ വാച്ചര്‍ ആണോ എന്നായിരുന്നു ശിവന്‍കുട്ടിയുടെ സംശയം. മന്ത്രിയുടെ നടപടി അല്‍പ്പത്തരമായെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. എന്തടിസ്ഥാനത്തിലാണ് പ്രധാന അധ്യാപികയെ പിരിച്ചുവിടാന്‍ റിപ്പോര്‍ട്ട് നല്‍കിയത്. സ്ഥലംമാറ്റം നല്‍കിയത് താന്‍ വലിയ ഔദാര്യം കാട്ടിയെന്ന വിധത്തിലാണ് മന്ത്രി കാണുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

സഭ പിരിഞ്ഞതിനെ ശേഷം പുറത്തുവന്ന പ്രതിപക്ഷം വിദ്യാഭ്യാസമന്ത്രിക്കെതിരെ രുക്ഷ വിമര്‍ശനമാണ് നടത്തിയത്. മുണ്ടശേരി മുതല്‍ കേരളം കണ്ട പ്രഗത്ഭരാണ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തതെന്നും ആദ്യമായാണ് ഒരുമന്ത്രി വകുപ്പിനെ വര്‍ഗീയവത്കരിക്കുന്നതെന്നും എ.കെ ബാലന്‍ ആരോപിച്ചു. ഈ മന്ത്രി എത്ര ദിവസം നിയമസഭയില്‍ ഹാജരായിട്ടുണ്ട്. എത്ര ദിവസം കൃത്യസമയത്ത് എത്തിയിട്ടുണ്ട്. എത്ര പ്രവിശ്യം സഭാനടപടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും പരിശോധിക്കണം. പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ കൃത്യസമയത്ത് ഹാജരാകുമ്പോള്‍ ഭരണപക്ഷത്തെ ചുരുക്കം ചിലര്‍ മാത്രമാണ് സമയത്ത് എത്തുന്നതെന്നും ബാലന്‍ വിമര്‍ശിച്ചു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.