Home » » വിദ്യാലയങ്ങളെ ലഹരിമുക്‌തമാക്കാന് ക്ലീന്‍ കാമ്പസ്‌, ബ്രാന്‍ഡ്‌ അംബാസഡറായി നടന്‍ മമ്മൂട്ടി.

വിദ്യാലയങ്ങളെ ലഹരിമുക്‌തമാക്കാന് ക്ലീന്‍ കാമ്പസ്‌, ബ്രാന്‍ഡ്‌ അംബാസഡറായി നടന്‍ മമ്മൂട്ടി.

Written By Unknown on Sunday, 29 June 2014 | 19:43

തിരുവനന്തപുരം: വിദ്യാലയങ്ങളെ ലഹരിമുക്‌തമാക്കാന്‍ ലക്ഷ്യമിട്ടു സംസ്‌ഥാനസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ക്ലീന്‍ കാമ്പസ്‌, സേഫ്‌ കാമ്പസ്‌ പദ്ധതിയുടെ ബ്രാന്‍ഡ്‌ അംബാസഡറായി നടന്‍ മമ്മൂട്ടിയെ നിയോഗിച്ചതായി ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല അറിയിച്ചു. പ്രതിഫലം വാങ്ങാതെയാണു മമ്മൂട്ടി ഈ സംരംഭത്തില്‍ പങ്കാളിയാകുന്നത്‌. പദ്ധതിയുടെ ഭാഗമായി ഇന്നുമുതല്‍ വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധപ്രതിജ്‌ഞയെടുക്കും.
 
ഓരോമാസവും സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു പ്രത്യേക ബോധവത്‌കരണപരിപാടികള്‍ സംഘടിപ്പിക്കും. ഇതിനായി അധ്യാപകരെ ഉള്‍പ്പെടുത്തി സ്‌കൂള്‍തല സമിതികള്‍ക്കും ജില്ലാ കലക്‌ടര്‍ നേതൃത്വം നല്‍കുന്ന ജില്ലാതലസമിതികള്‍ക്കും അഡീഷണല്‍ ചീഫ്‌ സെക്രട്ടറി നിവേദിതാ പി. ഹരന്റെ നേതൃത്വത്തില്‍ സംസ്‌ഥാനതലസമിതിക്കും രൂപം നല്‍കി. സ്‌കൂള്‍ കലോത്സവങ്ങളില്‍ ക്ലീന്‍ കാമ്പസ്‌, സേഫ്‌ കാമ്പസ്‌ എന്ന വിഷയത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
 
ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു വീഡിയോ ക്ലിപ്പിംഗുകളിലൂടെയും മറ്റു പ്രചാരണ ഉപാധികളിലൂടെയും വിദ്യാര്‍ഥികളില്‍ ബോധവത്‌കരണം നടത്തുക. ലഹരിമരുന്നുകളുടെ വ്യാപനം തടയാന്‍ സ്‌കൂള്‍ ജാഗ്രതാസമിതികള്‍ രൂപീകരിക്കുക, മയക്കുമരുന്നുവില്‍പനക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസ്‌ റെയ്‌ഡ്‌ ശക്‌തമാക്കുക, ക്ലാസില്‍ കയറാതെ കറങ്ങുന്ന വിദ്യാര്‍ഥികളെ കണ്ടുപിടിച്ച്‌ അധ്യാപകരെയും രക്ഷാകര്‍ത്താക്കളെയും അറിയിക്കുക, സ്‌റ്റുഡന്റ്‌സ്‌ പോലീസ്‌, എന്‍.സി.സി, സ്‌കൗട്ട്‌, പി.ടി.എ, ത്രിതലപഞ്ചായത്തുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നിവയാണു ലക്ഷ്യമിടുന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.