Home » » സലീംരാജിനെതിരായ സിബിഐ അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം .

സലീംരാജിനെതിരായ സിബിഐ അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം .

Written By Unknown on Wednesday, 25 June 2014 | 22:28

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിനെതിരായ സിബിഐ അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. ഭൂമി തട്ടിപ്പ് കേസില്‍ സലീംരാജിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുണ്ടെന്നും വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് വി.ശിവന്‍കുട്ടിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കളമശേരി കേസില്‍ നിന്ന് സലീംരാജിനെ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നും സിബിഐയ്ക്ക് സഹായം നല്‍കാതെ സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

എന്നാല്‍, സര്‍ക്കാര്‍ സഹായം ചെയ്തില്ലെന്ന പരാതി സിബിഐയ്ക്ക് ഇല്ലെന്ന് മുഖ്യമന്ത്രി നോട്ടീസിന് മറുപടിയായി അറിയിച്ചു. സര്‍ക്കാര്‍ സഹായം നല്‍കുന്നില്ലെന്ന പരാതി കഴിഞ്ഞ 20നാണ് സിബിഐ പോലുമറിയാതെ ഉദ്യോഗസ്ഥര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയത്. പതിനഞ്ചു മിനിറ്റിനകം മാധ്യമങ്ങളില്‍ ബ്രേക്കിംഗ് ന്യുസായി. ഇതിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് സംശയിക്കുന്നു. ഉടന്‍ തന്നെ സര്‍ക്കാര്‍ സിബിഐയുമായി ബന്ധപ്പെടുകയും ഇത്തരമൊരു പരാതി ഇല്ലെന്ന് മറുപടി ലഭിക്കുകയും ചെയ്തു. വൈകാതെ ഹൈക്കോടതിയില്‍ നിന്ന് പരാതി പിന്‍വലിച്ചു. സിബിഐ ആവശ്യപ്പെട്ട താമസസൗകര്യവും വാഹനങ്ങളും ഉദ്യോഗസ്ഥരെയും വിട്ടുനല്‍കിയതായും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

എന്നാല്‍ കടകംപള്ളിയിലെ വിവാദ ഭൂമിയില്‍ നിന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് ശിവന്‍കുട്ടി ആരോപിച്ചു. കടകംപള്ളിയിലെ വിവാദ ഭൂമിയില്‍ നിന്ന് കരം സ്വീകരിക്കേണ്ടെന്ന എ.ജിയുടെ നിലപാട് ശരിയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിവാദ ഭൂമികളില്‍ നിന്ന് കരമെടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സര്‍ക്കാര്‍ തട്ടിപ്പിന് കൂട്ടുനില്‍ക്കുകയാണെന്നും എ.ജിയെ മറയാക്കി മുഖ്യമന്ത്രി സലീംരാജിനെ രക്ഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍ ഇറങ്ങിപ്പോക്കിനു മുന്‍പ് പറഞ്ഞു. സലീംരാജിനെതിരായ ആരോപണങ്ങള്‍ എല്ലാം സഭയില്‍ ഉന്നയിച്ചാല്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടിലാകുമെന്നും വി.എസ് മുന്നറിയിപ്പ് നല്‍കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.