Home » » കടുത്ത ശിക്ഷ നല്‍കേണ്ട ഗുരുതരമായ ഒരു കുറ്റമാണു പ്രധാനാധ്യാപികയുടെ ഭാഗത്തുനിന്നുണ്ടായത്‌ എന്നെനിക്ക്‌ അഭിപ്രായമില്ല വീ ടി ബൽറാം.

കടുത്ത ശിക്ഷ നല്‍കേണ്ട ഗുരുതരമായ ഒരു കുറ്റമാണു പ്രധാനാധ്യാപികയുടെ ഭാഗത്തുനിന്നുണ്ടായത്‌ എന്നെനിക്ക്‌ അഭിപ്രായമില്ല വീ ടി ബൽറാം.

Written By Unknown on Thursday, 26 June 2014 | 22:43

തിരുവനന്തപുരം: കോട്ടണ്‍ഹില്‍ അധ്യാപികയുടെ സ്‌ഥലംമാറ്റ വിവാദത്തില്‍ വിദ്യാഭ്യാസമന്ത്രിക്ക്‌ യുവ എംഎല്‍എ വി ടി ബല്‍റാമിന്റെ പരസ്യവിമര്‍ശനം. ബന്ധപ്പെട്ടവര്‍ കൂടുതല്‍ പക്വതയോടെ പെരുമാറേണ്ടിയിരുന്നെന്ന്‌ ഫേസ്‌ബുക്കിലൂടെ എംഎല്‍എ വിമര്‍ശിച്ചു. കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസമന്ത്രിയെ അപമാനിക്കുന്ന നിലയില്‍ പെരുമാറി എന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു അധ്യാപികയ്‌ക്കെതിരേ നടപടി വന്നത്‌. 

സംഭവം പ്രതിപക്ഷം രൂക്ഷ വിമര്‍ശനത്തിനുള്ള വേദിയാക്കി ഉപയോഗിച്ചിട്ടുണ്ടെങ്കിലും മുസ്ലിംലീഗ്  അബ്‌ദുറബിനെ ന്യായീകരിച്ച്‌ രംഗത്ത്‌ വന്നിട്ടുണ്ട്‌. ഇതിനിടയിലാണ്‌ വിദ്യാഭ്യാസ മന്ത്രിയെ വിമര്‍ശിച്ചുകൊണ്ട്‌ വി ടി ബല്‍റാമും എത്തിയിരിക്കുന്നത്‌. ഫേസ്‌ബുക്കില്‍ അദ്ദേഹത്തിന്റെ പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങിനെയാണ്‌.

''തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയെ സ്‌ഥലം മാറ്റിയതുമായി ബന്ധപ്പെട്ട വിവാദം ദൗര്‍ഭാഗ്യകരമാണു. കുറച്ചുകൂടി പക്വമായി ഈ വിഷയം കൈകാര്യം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക്‌ കഴിയേണ്ടതായിരുന്നു. കൃത്യനിഷ്‌ഠത പുലര്‍ത്താന്‍ ആഗ്രഹിച്ചാല്‍പ്പോലും പലപ്പോഴും ജനപ്രതിനിധികള്‍ക്ക്‌ അത്‌ പാലിക്കാന്‍ പറ്റാറില്ല എന്നത്‌ യഥാര്‍ത്ഥ്യമാണു. വ്യക്‌തിപരമായ അനുഭവം വെച്ചു പറയുകയാണെങ്കില്‍ ഓരോ ദിവസത്തിലേയും ആദ്യ പരിപാടിക്ക്‌ പരമാവധി സമയത്തിനു തന്നെ എത്താന്‍ ശ്രമിക്കാറുണ്ടെങ്കിലും അവിടെനിന്ന്‌ ഒഴിവാകുന്നതിനനുസരിച്ച്‌ പിന്നീടുള്ള പരിപാടികള്‍ക്ക്‌ ചിലപ്പോള്‍ വൈകിപ്പോകാറുണ്ട്‌. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ വൈകിയെത്തിയതിനു ക്ഷമാപണം നടത്തുമ്പോള്‍ അത്‌ ഉദ്ദേശ്യശുദ്ധിയെ മാനിച്ച്‌ അംഗീകരിക്കപ്പെടുന്ന അനുഭവമാണു എനിക്ക്‌ പൊതുവെ ഉണ്ടായിട്ടുള്ളത്‌.

ഇവിടെ വിവാദസംഭവത്തിലും വിദ്യാഭ്യാസമന്ത്രി പരിപാടിക്ക്‌ വൈകാനിടയായത്‌ നിയമസഭയിലെ അദ്ദേഹത്തിന്റെ ഉത്തരവാദിത്ത നിര്‍വ്വഹണവുമായി ബന്ധപ്പെട്ടാണു. രാവിലത്തെ ചോദ്യോത്തര വേളയും അതിനുശേഷം അടിയന്തര പ്രമേയമുണ്ടെങ്കില്‍ അതും പിന്നെ കാളിംഗ്‌ അറ്റെന്‍ഷനും അതിനുശേഷം വരുന്ന സബ്‌മിഷനും കഴിഞ്ഞ്‌ മാത്രമാണു മന്ത്രിമാര്‍ മറ്റ്‌ അത്യാവശ്യ പരിപാടികള്‍ക്കും ഉദാ്യേഗസ്‌ഥരുമായുള്ള മീറ്റിങ്ങുകള്‍ക്കുമൊക്കെ പോകാറുള്ളത്‌. സാധാരണഗതിയില്‍ ഇത്‌ ഏതാണ്ട്‌ 11 മണിയോടെ തീരുമെങ്കിലും ചിലപ്പോള്‍ നീണ്ടുപോകാറുമുണ്ട്‌. മനസ്സിലാക്കിയിടത്തോളം പരിപാടിക്ക്‌ മന്ത്രി കൊടുത്ത സമയവും 11 മണി തന്നെയാണു. എന്നാല്‍ പ്രസ്‌തുത ദിവസം സഭാനടപടികള്‍ നീണ്ടുപോയതിനാല്‍ അദ്ദേഹത്തിനു 12 മണിയോടെ മാത്രമേ പുറത്തിറങ്ങാന്‍ കഴിഞ്ഞുള്ളൂവെന്നും ഏതാണ്ട്‌ പന്ത്രണ്ടേ കാലോടുകൂടി അദ്ദേഹം പരിപാടി നടക്കുന്ന സ്‌കൂളില്‍ എത്തിച്ചേര്‍ന്നുവെന്നും അറിയുന്നു. താന്‍ വരുന്നതുവരെ പരിപാടി തുടങ്ങാന്‍ കാത്തിരിക്കേണ്ടതില്ലെന്ന്‌ പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്ന മന്ത്രി എത്തിയപ്പോഴേക്കും പരിപാടി തുടങ്ങിക്കഴിഞ്ഞിരുന്നു എന്നും കാണേണ്ടതുണ്ട്‌.

വിശിഷ്‌ടാതിഥികള്‍ ഇങ്ങനെ വൈകി വരുന്നത്‌ സംഘാടകര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും തീര്‍ച്ചയായും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണു. ഇത്‌ മനസ്സിലാക്കി മന്ത്രി തന്നെ തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ച്‌ ക്ഷമാപണം നടത്തിയതിനു ശേഷവും ഒരു സര്‍ക്കാര്‍ ഉദേ്യാഗസ്‌ഥയായ അധ്യാപിക മന്ത്രിയെ ഇരുത്തിക്കൊണ്ട്‌ ആശംസാപ്രസംഗത്തില്‍ ഇക്കാര്യം വീണ്ടുമെടുത്തിട്ട്‌ വിമര്‍ശ്ശിക്കുന്നത്‌ ഉചിതമായിരുന്നോ എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ട്‌. വ്യക്‌തികളുടെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലക്കുണ്ടാവുന്നത്‌ ആശാസ്യമല്ലെങ്കിലും ഉദ്യോഗസ്തർ തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ പറയുന്ന അഭിപ്രായങ്ങള്‍ ഔചിത്യപൂര്‍വ്വമായിരിക്കണമെന്നത്‌ നിഷ്‌ക്കര്‍ഷിക്കേണ്ടത്‌ കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനു അനിവാര്യമാണു.

എന്നാല്‍ കടുത്ത ശിക്ഷ നല്‍കേണ്ട ഗുരുതരമായ ഒരു കുറ്റമാണു പ്രധാനാധ്യാപികയുടെ ഭാഗത്തുനിന്നുണ്ടായത്‌ എന്നെനിക്ക്‌ അഭിപ്രായമില്ല. അതുകൊണ്ട്‌ തന്നെ അവരുടെ വിശദീകരണത്തിനു മതിയായ സമയം നല്‍കാതെ നടപടി സ്വീകരിച്ചതാണു വിവാദമുണ്ടാക്കിയത്‌. അധ്യാപികയുടെ ഭാഗത്തുനിന്ന്‌ പ്രഥമദൃഷ്‌ട്യാ അച്ചടക്ക ലംഘനമുണ്ടെന്നും അതിനാല്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള ശക്‌തമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നുമുള്ള വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദാ്യേഗസ്‌ഥരുടെ റിപ്പോര്‍ട്ട്‌ നിലനില്‍ക്കേ താരതമ്യേനെ മിതമായ സ്‌ഥലം മാറ്റത്തിനായാണു അവസാനം തീരുമാനമെടുത്തത്‌. അതുപോലും ചെയ്യാതെ പരമാവധി ഒരു വാണിങ്ങോ മറ്റോ നല്‍കി പ്രശ്‌നം തീര്‍ത്തിരുന്നെങ്കില്‍ നന്നായേനെ. ടീച്ചറുടെ പ്രസംഗത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള പുതിയ അറിവു വെച്ചു നോക്കുമ്പോള്‍ അത്തരമൊരു നടപടി പോലും ഇല്ലാതെ മന്ത്രി തന്നെ വിഷയം അവസാനിപ്പിച്ചിരുന്നെങ്കില്‍ അതാകുമായിരുന്നു ഏറ്റവും നല്ലത്‌.

മുഖ്യമന്ത്രി ഇന്ന്‌ നിയമസഭയില്‍ ചൂണ്ടിക്കാട്ടിയത്‌ പോലെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ ഒരു എല്‍ ഡി എഫ്‌ എം.എല്‍.എ.യോട്‌ ഫോണില്‍ മോശമായി സംസാരിച്ചു എന്നാരോപിച്ചാണു മഞ്ചേശ്വരം ഗവ. കോളേജിലെ പ്രിന്‍സിപ്പലിനേയും വൈസ്‌ പ്രിന്‍സിപ്പലിനേയും സസ്‌പെന്‍ഡ്‌ ചെയ്‌തത്‌ എന്നോര്‍ക്കണം. അതെല്ലാം മറച്ചുവെച്ച്‌ ഇക്കാര്യത്തില്‍ രാഷ്ര്‌ടീയ മുതലെടുപ്പിനു ശ്രമിക്കുന്നത്‌ പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പാണു. അതിലുമുപരി ഈ വിഷയത്തെ അനാരോഗ്യകരമായ തലങ്ങളിലേക്ക്‌ ചര്‍ച്ചയായി വളര്‍ത്താന്‍ ചിലര്‍ക്ക്‌ കഴിഞ്ഞു എന്നുള്ളതാണു ഏറെ ദുഖകരം. നിയമസഭക്കുള്ളില്‍ ഇടതുപക്ഷം തുടങ്ങിവെച്ച ഇക്കാര്യത്തിലെ സാമുദായിക നിറം നല്‍കല്‍ സഭക്ക്‌ പുറത്തും പലരും ഏറ്റെടുക്കുന്നുണ്ട്‌. നടപടിക്കിരയായ അധ്യാപിക തന്നെ പ്രോപ്പര്‍ ചാനലിലൂടെ അപ്പീല്‍ നല്‍കുന്നതിനുപകരം മാധ്യമങ്ങളിലൂടെ സാമുദായികമായ ആരോപണമുന്നയിച്ച്‌ കടന്നുവരുന്നതും പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല. ഏത്‌ വിഷയത്തേയും സാമുദായികവും വര്‍ഗ്ഗീയവുമായി ചിത്രീകരിക്കാനും അതിന്റെ മറവില്‍ വേറേതെങ്കിലും കണക്കുതീര്‍ക്കാനും കഴുകന്‍ കണ്ണുകളുമായി ചിലര്‍ കാത്തിരിക്കുന്നുണ്ടെന്നത്‌ സമകാലിക കേരളത്തിലെ ദുരന്തയാഥാര്‍ത്ഥ്യമാണു.

രാഷ്ര്‌ടീയ നേതാക്കന്മാരുടെ ചെയ്‌തികള്‍ തലനാരിഴ കീറി പരിശോധിക്കപ്പെടുന്നുവെന്നത്‌ ജനാധിപത്യത്തെ സംബന്ധിച്ച്‌ നല്ല കാര്യമാണു. മറ്റൊരു കോണ്ടെക്‌സ്റ്റില്‍ തമാശയായി പറയാറുള്ളത്‌ പോലെ 'ഇല വന്ന്‌ മുള്ളില്‍ വീണാലും മുള്ള്‌ വന്ന്‌ ഇലയില്‍ വീണാലും കേട്‌ ഇലക്ക്‌ തന്നെ' എന്നത്‌ പൊതുപ്രവര്‍ത്തകരും ഭരണാധികാരികളും മനസ്സിലാക്കി പരമാവധി ജാഗ്രതയും സംയമനവും പുലര്‍ത്താന്‍ ശ്രമിക്കേണ്ടത്‌ ഇനിയുള്ള കാലത്ത്‌ പ്രധാനമാണു.’’
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.