സംസ്ഥാനത്ത് നിലവാരമില്ലാത്ത 418 ബാറുകള്‍ അടച്ചു പൂട്ടിയതോടെ മദ്യ ഉപഭോഗം കുറഞ്ഞെന്ന് ആരൊക്കെ സമ്മതിച്ചിട്ടും അംഗീകരിക്കാത്ത വ്യക്തിയായിരുന്നു എക്സൈസ് മന്ത്രി കെ ബാബു. ഉപഭോഗം കുറഞ്ഞില്ലെന്ന് മാത്രമല്ല. 84 ശതമാനം വര്‍ദ്ധിക്കുകയാണുണ്ടായതെന്ന് പോലും മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയെ ബോധിപ്പിച്ചു. എന്നാല്‍ മന്ത്രിയുടെ ഈ വാദം തെറ്റാണെന്ന് ബിവറേജ് കോര്‍പ്പറേഷന്റെ കണക്കുകള്‍ വെളിവാക്കുന്നു. ബാറുകള്‍ അടച്ചുപൂട്ടിയ മാര്‍ച്ചിനെക്കാള്‍ ഏപ്രില്‍ മാസത്തില്‍ 73408 കെയ്‌സുകളും മെയില്‍ 78660 കെയ്‌സുകളും കുറഞ്ഞതായാണ് ബിവറേജ് കോര്‍പ്പറേഷന്‍ കണക്ക് നിരത്തിയിരിക്കുന്നത്.
മദ്യ ഉപഭോഗം മുന്‍ വര്‍ഷത്തേക്കാള്‍ കുറവാണെന്നാണ് ബിവറേജസ് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുകളും സൂചിപ്പിക്കുന്നുണ്ട്. ഇതോടെ മന്ത്രിക്കെതിരെ സഭയ്ക്കുള്ളില്‍ പ്രതിപക്ഷം നീക്കങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് അറിയുന്നു. ബാറുടമകള്‍ക്കും മദ്യമാഫിയകള്‍ക്കും വേണ്ടി മന്ത്രി സംസാരിക്കുന്നതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.








