വൈക്കം: ഉദയനാപുരത്ത് യുവദമ്പതികളെയും നാലു വയസുള്ള കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ട ആത്മഹത്യയെന്ന് സംശയം. നാനാടം കരിയില്‍ സുന്ദരന്റെ മകന്‍ സുഭാഷ് (കണ്ണന്‍(32), ഭാര്യ സൗമ്യ(30), മകന്‍ ശിവകാര്‍ത്തിക് (4) എന്നിവരെയാണ് ഇന്ന് രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.
കുടുംബ വീടിന്റെ രണ്ടാം നിലയിലായിരുന്നു സുഭാഷും കുടുംബവും താമസിച്ചിരുന്നത്. ഇന്ന് രാവിലെ ഏഴരയായിട്ടും ആരെയും പുറത്തു കാണാതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരക്കിച്ചെന്നപ്പോഴാണ് മൂന്നു പേരെയും മരിച്ച നിലയില്‍ കണ്ടത്. കതകില്‍ മുട്ടി വിളിച്ചിട്ടും ഒരു പ്രതികരണവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കതക് പൊളിച്ച് അകത്ത് കടന്നപ്പോള്‍ സുഭാഷ് തൂങ്ങിയ നിലയിലും സൗമ്യയും മകനും നിലത്ത് മരിച്ചു കിടന്ന നിലയിലുമായിരുന്നു.
സുഭാഷ് ഉദയനാപുരം ക്ഷേത്രത്തിന് സമീപം സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരുകയായിരുന്നു. കുടുംബപരമായും ഭാര്യയുമായും യാതൊരു പ്രശ്‌നങ്ങളും ഇല്ലായിരുന്നുവെന്നും ആത്മഹത്യചെയ്യേണ്ട സാഹചര്യം എന്താണന്ന് വ്യക്തമല്ലെന്നും ബന്ധുക്കള്‍ പറയുന്നു. ബിസനസ് ആവശ്യത്തിന് പലിശയ്ക്ക് പണം വാങ്ങേണ്ടി വന്നതാണോ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.ഞങ്ങള്‍ മരിക്കുകയാണന്ന് മാത്രം എഴുതിയ ഒറ്റവരി കത്ത് മുറിയില്‍ നിന്ന് കണ്ടെടുത്തു.ആറ് വര്‍ഷം മുന്‍പായിരുന്നു സുഭാഷ് സൗമ്യയെ വിവാഹം കഴിച്ചത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.







