Home » » മനോജ്‌ വധക്കേസ്‌ അന്വേഷണം സി.ബി.ഐയ്‌ക്കു കൈമാറാന്‍ നീക്കം.

മനോജ്‌ വധക്കേസ്‌ അന്വേഷണം സി.ബി.ഐയ്‌ക്കു കൈമാറാന്‍ നീക്കം.

Written By Unknown on Thursday, 4 September 2014 | 20:29

കണ്ണൂര്‍: ആര്‍.എസ്‌.എസ്‌. നേതാവ്‌ മനോജ്‌ വധക്കേസ്‌ അന്വേഷണം സി.ബി.ഐയ്‌ക്കു കൈമാറാന്‍ നീക്കം. ഇതു സംബന്ധിച്ചു സര്‍ക്കാര്‍ നിയമോപദേശം തേടിയതായി സൂചനയുണ്ട്‌. കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി കേസിന്റെ വിശദാംശം തേടിയിരുന്നു. ഇതേത്തുടര്‍ന്നാണു സംഭവത്തിന്റെ പിറ്റേദിവസം കേസ്‌ ക്രൈംബ്രാഞ്ചിനു െകെമാറിയത്‌. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ വകുപ്പു(യു.എ.പി.എ.) പ്രകാരം കേസെടുത്തതു കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിനാണെന്നാണു വിവരം. അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കാമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുസംബന്ധിച്ച്‌ ഉറപ്പുകൊടുത്തിട്ടുണ്ട്‌. ആര്‍.എസ്‌.എസ്‌. പ്രാന്ത കാര്യവാഹ്‌ പി. ഗോപാലന്‍കുട്ടിയാണ്‌ ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടുണ്ട്‌. ഇതോടെ, സി.ബി.ഐ. വരാന്‍ വഴി തെളിഞ്ഞു.
 
മനോജിന്റെ യഥാര്‍ഥ കൊലയാളികളെയും കൊലപാതകം ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കാന്‍ നിര്‍ദേശിച്ചവരെയും കണ്ടെത്താന്‍ കേരള പോലീസിന്റെ അന്വേഷണം കൊണ്ട്‌ സാധിക്കില്ല. അതിനാലാണു സംഘപരിവാര്‍ സംഘടനകള്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്നു തുടക്കം മുതല്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു
 
തീവ്രവാദക്കേസുകളിലെ പ്രതികള്‍ക്കെതിരേ ചുമത്താറുള്ള വകുപ്പ്‌ ആദ്യമായിട്ടാണു സംസ്‌ഥാനത്തു രാഷ്‌ട്രീയ കൊലപാതകക്കേസില്‍ ചുമത്തുന്നത്‌. എന്‍.ഐ.എ. അന്വേഷണത്തിനു വരെ സാധ്യത തുറന്നിടുന്ന വകുപ്പു ചുമത്തിയതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദവുമുണ്ടെന്നാണു സൂചന. സി.ബി.ഐ. അന്വേഷിക്കണമെന്നാണു ബി.ജെ.പിആര്‍.എസ്‌.എസ്‌. സംഘടനകളുടെ ആവശ്യം. യു.എ.പി.എയുടെ 16 -ാം വകുപ്പാണു പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്‌. മനോജ്‌ കഴുത്തറുത്താണു കൊല്ലപ്പെട്ടതെന്ന പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഈ വകുപ്പു ചേര്‍ക്കാന്‍ ഇടയാക്കി.
 
ഈ വകുപ്പു ചുമത്തിയാല്‍ 180 ദിവസത്തിനുള്ളില്‍ അന്വേഷണ സംഘത്തിനു കുറ്റപത്രം സമര്‍പ്പിച്ചാല്‍ മതി. സാധാരണ കൊലക്കേസുകളില്‍ 90 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണം. കുറ്റപത്രം സമര്‍പ്പിച്ചാലും ജാമ്യം ലഭിക്കണമെന്നില്ല. മാത്രമല്ല, റിമാന്‍ഡ്‌ കലാവധി ഒരു മാസമായിരിക്കും. യു.എ.പി.എ. ചുമത്തിയാല്‍ കേസ്‌ എന്‍.ഐ.എക്കു സ്വമേധായ ഏറ്റെടുക്കാനുമാകുമെന്ന പ്രത്യേകതയുമുണ്ട്‌. ടി.പി.കേസില്‍ സമാന വകുപ്പ്‌ ചേര്‍ക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നെങ്കിലും നിയമോപദേശെത്ത തുടര്‍ന്നു സര്‍ക്കാര്‍ വേണ്ടെന്നു വയ്‌ക്കുകയായിരുന്നു.
 
പ്രതികള്‍ക്കുമേല്‍ ഈ വകുപ്പു ചുമത്തിയെന്ന്‌ ഇന്നലെ തലശേരിയിലെത്തിയ ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പി: എസ്‌. അനന്തകൃഷ്‌ണന്‍ സ്‌ഥിരീകരിച്ചു.
 
കൊലപാതകം നടത്തിയ എട്ടംഗ സംഘത്തിലെ രണ്ടു പേരെ മാത്രമേ തിരിച്ചറിയാന്‍ ഇതുവരെ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടുള്ളു. അതിനാല്‍, ആക്രമിക്കപ്പെട്ടപ്പോള്‍ മനോജിന്റെ കൂടെ വാഹനത്തിലുണ്ടായിരുന്ന പ്രമോദിന്റെ മൊഴിയെടുക്കാനാണു സംഘത്തിന്റെ തീരുമാനം. ഇപ്പോള്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രമോദിന്റെ മൊഴി ഇന്നു തന്നെയെടുക്കും. സി.പി.എം. പ്രവര്‍ത്തകരായ വിക്രമന്‍, ജിതന്‍ എന്നിവരെയാണു തിരിച്ചറിഞ്ഞിരിക്കുന്നത്‌. മറ്റുള്ള കൊലയാളി സംഘാംഗങ്ങള്‍ അന്യ സംസ്‌ഥാനത്തു നിന്നുള്ളവരായിരിക്കാമെന്ന നിഗമനം പോലീസിനുണ്ട്‌. കൊലയാളി സംഘത്തിലെ കൂടുതല്‍ പേരും രാഷ്‌ട്രീയ ബന്ധമില്ലാത്തവരാണെന്നും സംശയിക്കുന്നുണ്ട്‌. ടി.പി.കേസില്‍ ആദ്യം ഇത്തരത്തിലുള്ള സംശയം പോലീസിനുണ്ടായിരുന്നുവെങ്കിലും പിന്നീട്‌ പ്രതികള്‍ക്കു സി.പി.എം. ബന്ധമുണ്ടായിരുന്നുവെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍, മനോജ്‌ വധത്തില്‍ പങ്കെടുത്തതു ക്വട്ടേഷന്‍ സംഘം തന്നെയായിരിക്കാമെന്നു പോലീസ്‌ കരുതുന്നുണ്ട്‌. ഗൂഢാലോചനയിലും മറ്റും കൂടുതല്‍ പേര്‍ അതിനാല്‍ പങ്കാളികളാകാനിടയില്ല.
 
കേസിലെ ഒന്നാം പ്രതിയായ വിക്രമന്‍ ബംഗളുരുവില്‍ താമസിക്കുന്നതും കൃത്യത്തിനു ശേഷം ഓടിപ്പോയ മറ്റുള്ളവരെ ദൃക്‌സാക്ഷികള്‍ക്കു തിരിച്ചറിയാന്‍ കഴിയാതിരുന്നതുമാണ്‌ ഈ നിഗമനത്തിനു കാരണം. പരുക്കേറ്റ പ്രമോദിന്റെ മൊഴിയെടുത്താല്‍ ഇതു സംബന്ധിച്ചു കൂടുതല്‍ വ്യക്‌തത വരും.
 
ഇന്നലെ തലശേരി എ.എസ്‌.പി. ഓഫീസില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നു. ലോക്കല്‍ പോലീസിന്റെ സഹായത്തോടെ കൂടുതല്‍ പ്രാഥമിക അന്വേഷണം നടത്തും. പാനൂര്‍ സി.ഐ. വി.വി. ബെന്നി, കൂത്തുപറമ്പ്‌ സി.ഐ. പ്രേംസദന്‍, എന്നിവരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.