പത്തനംതിട്ട: കേരളത്തില്‍നിന്ന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് എം.എം. ഹസനെ മത്സരിപ്പിക്കാനുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തള്ളി. അടുത്ത സുഹൃത്തും മലയാളിയുമായ മോഹന്‍ ഗോപാലിനെ മത്സരിപ്പിക്കാനാണ് രാഹുലിന്റെ നീക്കം. അടുത്ത ഏപ്രിലില്‍ വയലാര്‍ രവി വിരമിക്കുമ്പോഴാണ് സീറ്റൊഴിവ് വരിക. ഒരിക്കല്‍ കൂടി വയലാര്‍ രവിക്ക് അവസരം കൊടുക്കുന്നതിനോട് കോണ്‍ഗ്രസിലെ ചില ഉന്നത കേന്ദ്രങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. ഇതു മുതലാക്കി ഡല്‍ഹിയിലുള്ള തന്റെ സ്വാധീനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹസനെ രാജ്യസഭാംഗമാക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നത്. അതോടൊപ്പം തനിക്ക് എതിരു നില്‍ക്കുന്ന ചിലരുടെ ഡല്‍ഹി പ്രവേശനം തടുക്കുക എന്നതും അദ്ദേഹം ലക്ഷ്യമിടുന്നു.
1994-ല്‍ കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയിലാണ് വയലാര്‍ രവി ആദ്യം രാജ്യസഭാംഗം ആകുന്നത്. അദ്ദേഹം വിരമിക്കുമ്പോള്‍ കീഴ്‌വഴക്കം അനുസരിച്ച് ഈ സീറ്റിന് ഇപ്പോഴത്തെ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനാണ് അവകാശി. ഇതിന് തടയിടാനാണ് ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷനെ നേരില്‍ കണ്ട് കെ.പി.സി.സി. ഉപാധ്യക്ഷനായ എം.എം. ഹസന് സീറ്റ് നല്‍കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. ജനശ്രീ അടക്കമുള്ള പ്രസ്‌ഥാനങ്ങളിലൂടെ പാര്‍ട്ടിക്കു കൂടുതല്‍ ജനകീയ അടിത്തറ ഉണ്ടാക്കാന്‍ എം.എം. ഹസന് കഴിഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി രാഹുലിനു മുന്നില്‍ ഹസന്‍ വിഷയം അവതരിപ്പിച്ചത്. എന്നാല്‍ ഇതിന് ചെവിക്കൊള്ളാതെ തന്റെ വിശ്വസ്‌ഥനും ഉപദേശകനുമായ മോഹന്‍ ഗോപാലിനോട് മത്സരിക്കാനുള്ള സന്നദ്ധത ആരായുകയാണ് രാഹുല്‍ ഗാന്ധി ചെയ്‌തത്. ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം തിരിച്ചറിഞ്ഞതിനാലാണ് രാഹുല്‍ ഗാന്ധി ഇതിന് തയാറായതെന്നു സൂചനയുണ്ട്.
താന്‍ രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതായി മോഹന്‍ ഗോപാല്‍ ഇതിനോടകം വെളിപ്പെടുത്തി കഴിഞ്ഞു. എന്നാല്‍ വയലാര്‍ രവിക്കുതന്നെ ഒരവസരം കൂടി നല്‍കണമെന്ന് മോഹന്‍ ഗോപാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തന്റെ നോമിനിയെ സ്‌ഥാനാര്‍ഥിയാക്കണമെന്ന വാദത്തില്‍ ഉമ്മന്‍ ചാണ്ടി ഉറച്ചുനിന്നാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ഉലയും. അതേസമയം, കെ.പി.സി.സി. പ്രസിഡന്റ് സ്‌ഥാനം ഏറ്റെടുത്ത് ഒരു വര്‍ഷം മാത്രം തികയുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിലേക്ക് പോകാന്‍ സുധീരന്‍ കൂട്ടാക്കില്ല.







